ചൈന നീക്കത്തിലും ട്രംപ് നയങ്ങളിലും ചാഞ്ചാടി സ്വര്‍ണം, കേരളത്തില്‍ വില വീണ്ടും ₹58,000ത്തിനു മുകളില്‍

വെള്ളി വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണ വിലിയില്‍ ഇന്നും മുന്നേറ്റം. ഗ്രാം വില 35 രൂപ വര്‍ധിച്ച് 7,260 രൂപയും പവന്‍ വില 280 രൂപ ഉയര്‍ന്ന് 58,080 രൂപയുമായി.

കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5,990 രൂപയുമായി. വെള്ളി വില ഇന്നും അനക്കമില്ലാതെ ഗ്രാമിന് 97 രൂപയില്‍ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യാന്തര വില ഉയര്‍ന്ന് നില്‍ക്കുന്നതാണ് കേരളത്തിലും വിലയെ ബാധിച്ചത്. ഔണ്‍സിന് 2,662 ഡോളറിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 2,660 ഡോളറിലേക്ക് താഴ്ന്നു.

വിലയെ സ്വാധീനിക്കുന്നത്

ഡിസംബറിലും ചൈനയുടെ കേന്ദ്ര ബാങ്ക് സ്വര്‍ണ ശേഖരം വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം മാസവും സ്വര്‍ണം വാങ്ങിയതോടെ ചൈനയുടെ ശേഖരം 72.96 മില്യണ്‍ ട്രോയി ഔണ്‍സില്‍ നിന്ന് 73.29 മില്യണ്‍ ആയി. ആറ് മാസത്തോളം സ്വര്‍ണത്തോട് മുഖംതിരിച്ചു നിന്ന ചൈന നവംബര്‍ മുതലാണ് വീണ്ടും വാങ്ങിയത്. സ്വര്‍ണ വില റെക്കോഡിനടുത്ത് തുടരുമ്പോഴാണ് വീണ്ടും വാങ്ങല്‍ എന്നതാണ് ശ്രദ്ധേയം.
ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തുമെന്നും ലോകസമുദ്ര വാണിജ്യത്തിന്റെ അഞ്ച് ശതമാനവും നടക്കുന്ന പനാമ കനാല്‍ ഏറ്റെടുക്കുമെന്നും
മറ്റുമുള്ള യു.എസ് നിയുക്ത പ്രസിഡന്റ്
ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഡോളറിനെ മുന്നേറ്റത്തിലാക്കുന്നുണ്ട്. ഇത് സ്വര്‍ണത്തെ വലിയിൽ ചാഞ്ചാട്ടത്തിനു ഇടയാക്കുന്നു. കാരണം ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കൂടുതല്‍ പണം ചെലവാക്കേണ്ടി അവസ്ഥ വരികയും വില്‍പ്പന കുറയ്ക്കുകയും ചെയ്യും. യു.എസില്‍ നിന്നുള്ള നോണ്‍ ഫാം പേറോള്‍ കണക്കുകള്‍ നാളെ വരും. ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനത്തെ ഈ കണക്കുകള്‍ സ്വാധീനിച്ചേക്കാം.

ആഭരണത്തിന് വേണം അധിക തുക

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 58,80 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 62,867 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.
Related Articles
Next Story
Videos
Share it