

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വര്‍ധന. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 13,475 രൂപയും പവന് 1000 രൂപ കൂടി 1,07,800 രൂപയുമായി. ഇന്നലെ പവന്‍ വില 1,120 രൂപ കൂടിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 11,075 രൂപയും 14 കാരറ്റിന് ഗ്രാമിന് 80 രൂപ കൂടി 8,625 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 55 രൂപ കൂടി 5,565 രൂപയിലെത്തി. വെളളി വില ഗ്രാമിന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഇന്ന് കാര്യമായ മുന്നേറ്റം ദൃശ്യമായി. മുൻ ദിവസങ്ങളിലെ ഇടിവിൽ നിന്ന് ശക്തമായി തിരിച്ചുയർന്ന സ്വർണവില ഔൺസിന് 4,140 ഡോളറിനും 4,180 ഡോളറിനും ഇടയിലാണ് നിലവിൽ വ്യാപാരം നടത്തുന്നത്. അമേരിക്കയിലെ പുതിയ തൊഴിൽ വിവരങ്ങൾ (Jobs Data) പ്രതീക്ഷിച്ചതിലും ദുർബലമായതാണ് വിപണിയിൽ പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണമായത്.
ഇത് യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കകൾ കുറയ്ക്കുകയും ഡോളറിന്റെ മൂല്യം ഇടിയാൻ ഇടയാക്കുകയും ചെയ്തു. ഡോളർ ദുർബലമായതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിഞ്ഞു. ആഗോള വിപണിയിലെ ഈ വിലക്കയറ്റം വരും ദിവസങ്ങളിൽ പ്രാദേശിക വിപണികളിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,16,747 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine