പൊന്നിന് വീണ്ടും വിലകൂടി; വിപണിയിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെയാണ്

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 25 രൂപ കൂടി 10,910 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 25 രൂപ കൂടി 8,500 രൂപയിലുമെത്തി
പൊന്നിന് വീണ്ടും വിലകൂടി; വിപണിയിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെയാണ്
Published on

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വര്‍ധന. ഗ്രാമിന് 35 രൂപ കൂടി 13,275 രൂപയും പവന് 280 രൂപ കൂടി 1,06,200 രൂപയുമായി. ഇന്നലെ ഉച്ചിക്ക് ശേഷം പവന് 880 രൂപ വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 25 രൂപ കൂടി 10,910 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 25 രൂപ കൂടി 8,500 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 15 രൂപ കൂടി 5,480 രൂപയിലെത്തി. വെളളി വില ഗ്രാമിന് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണവിലയിൽ ചെറിയ രീതിയിലുള്ള സ്ഥിരതയാർന്ന ചലനങ്ങളാണ് പ്രകടമാകുന്നത്. നിലവിൽ രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് (ഒരു ഔൺസ് എന്നാൽ ഏകദേശം 28.35 ഗ്രാം) 4,122 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കയും ഇറാനും തമ്മിൽ മിഡിൽ ഈസ്റ്റിലുണ്ടായ പുതിയ സൈനിക പ്രകോപനങ്ങളും അതുണ്ടാക്കാവുന്ന നാണയപ്പെരുപ്പ ഭീഷണികളുമാണ് വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.

ഇതിനെത്തുടർന്ന് യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന സൂചനകൾ ശക്തമായത് സ്വർണവില ഈ വാരം ഒരു ശതമാനത്തോളം താഴേക്ക് പോകാൻ കാരണമായി. എങ്കിലും ഡോളറിൻ്റെ മൂല്യത്തിലുണ്ടായ നേരിയ ഇടിവ് വില കൂടുതൽ താഴേക്ക് പോകാതെ താങ്ങിനിർത്തുന്നു. വരും ദിവസങ്ങളിലും ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ സ്വർണവില നിർണയിക്കുന്നതിൽ നിർണായകമാകും.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,15,015 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com