സ്വർണവില പവന് ഒരു ലക്ഷത്തിന് താഴെ; ഇന്ന് ₹560 ഇടിഞ്ഞ് ₹99,760, പുതിയ നിരക്കുകൾ അറിയാം

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,205 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,985 രൂപയിലുമെത്തി
inside of a jewellery in kerala
Image courtesy: Canva
Published on: 

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. സ്വർണവില പവന് ഒരു ലക്ഷത്തിന് താഴെ എത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയും പവന് 560 രൂപ കുറഞ്ഞ് 99,760 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,205 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,985 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,150 രൂപയിലെത്തി. വെളളി വില ഗ്രാമിന് 195 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സംസ്ഥാനത്തെ സ്വർണ വിപണി കഴിഞ്ഞ ഒരു വർഷത്തിനിടെ കണ്ട ഏറ്റവും വലിയ വിലവ്യതിയാനങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. വിലയിടിവ് ഉപഭോക്താക്കൾക്ക് ആശ്വാസമാകുമ്പോൾ ഉയർന്ന വിലയ്ക്ക് സ്വർണം സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്നും അബ്ദുൽ നാസർ പറഞ്ഞു.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണവിലയിൽ സമ്മിശ്ര പ്രവണതയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസത്തെ കനത്ത ഇടിവിന് ശേഷം സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് ഏകദേശം 3,856 മുതൽ 3,867 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് സ്വർണവില എത്തിനിൽക്കുന്നത്. യുഎസ് ഡോളർ കരുത്താർജിക്കുന്നതും, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർത്തി നിർത്തുമെന്ന സൂചനകളുമാണ് സ്വർണത്തിന് തിരിച്ചടിയായത്.

നിക്ഷേപകർ ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന നയപ്രഖ്യാപനങ്ങളിലേക്കാണ് ഉറ്റുനോക്കുന്നത്. ഡോളർ ശക്തിപ്പെടുന്നതും ബോണ്ട് യീൽഡ് ഉയരുന്നതും ആഗോളതലത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയാൻ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും വിപണിയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,08,079 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```