അമ്പമ്പോ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്! ഈ മാസം കുറഞ്ഞത് ₹24,240, വാങ്ങാന്‍ ഇതിലും നല്ല അവസരം വേറെയില്ല

വരും ദിവസങ്ങളിൽ വില 4,300 - 4,200 ഡോളർ നിരക്കിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തല്‍
gold jewellery
canva
Published on

സ്വര്‍ണവിലയില്‍ വന്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 545 രൂപയും പവന് 4,360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,835 രൂപയും പവന് 1,02,680 രൂപയുമായി. മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് സ്വര്‍ണവില 1,26,920 രൂപയായിരുന്നു, 24,240 രൂപയുടെ കുറവാണ് ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം 445 രൂപ താഴ്ന്ന് 10,550 രൂപയായി. പവന്‍ വില 84,400 രൂപ. 14 കാരറ്റിന് ഗ്രാമിന് 345 രൂപ കുറഞ്ഞ് 8,220 രൂപയാണ്. വെള്ളിവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 230 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,400 ഡോളറിന് താഴേക്ക് പതിച്ചു. കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഏറ്റവും മോശമായ വാരത്തിലൂടെയാണ് സ്വർണവില കടന്നുപോകുന്നത്. ഒരാഴ്ചയ്ക്കിടെ പത്ത് ശതമാനത്തിലധികം ഇടിവാണ് ആഗോള വിപണിയിലുണ്ടായത്. ശക്തമായ യു.എസ്. ഡോളറും, പലിശനിരക്ക് കുറയ്ക്കാൻ വൈകുമെന്ന കേന്ദ്ര ബാങ്കുകളുടെ സൂചനയുമാണ് വില കുറയാൻ പ്രധാന കാരണം.

കൂടാതെ, ഇറാൻ-അമേരിക്ക സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും ഡോളറിന്റെ മൂല്യം വർധിക്കുന്നത് സ്വർണത്തിന്റെ തിളക്കം കുറയ്ക്കുന്നു. നിലവിൽ വിപണിയിൽ വലിയ രീതിയിലുള്ള ലാഭമെടുപ്പ് (Profit Booking) നടക്കുന്നതും വിലയെ ബാധിച്ചു. വരും ദിവസങ്ങളിൽ വില 4,300 - 4,200 ഡോളർ നിരക്കിലേക്ക് താഴാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണം കരുത്തു വീണ്ടെടുക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.

ഒരു പവന്‍ വാങ്ങാന്‍

സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കില്‍ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേല്‍ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1,05,814 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനില്‍ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം ഉണ്ടാകും.

Related Stories

No stories found.
logo
DhanamOnline
dhanamonline.com