

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ തുടരുന്നു. ഇന്നലെ ഒരു ലക്ഷം രൂപയെന്ന നാഴികക്കല്ല് പിന്നിട്ട സ്വര്‍ണവിലയില്‍ ഇന്ന് ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. പവന് 280 രൂപ വര്‍ധിച്ച് 1,01,880 രൂപയാണ് ഇന്നത്തെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചു. ഗ്രാമിന് 30 രൂപ കൂടി 10,470 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 8,155 രൂപയിലെത്തി. വെളളി വില ഗ്രാമിന് 228 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ചരിത്രപരമായ കുതിപ്പ് തുടരുകയാണ്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,520 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 71 ശതമാനത്തിലധികം വർധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്. ഈ ആഗോള പ്രവണതയാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നത്. രൂപയുടെ മൂല്യത്തകർച്ചയും ഉത്സവകാല ഡിമാൻഡും ആഭ്യന്തര വിപണിയിൽ വില വർധിക്കാൻ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,10,338 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.