

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 14,875 രൂപയിലും പവന് 1,18,760 രൂപയിലുമാണ് ഇന്ന് വ്യാപാരം. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 12,195 രൂപയും 14 കാരറ്റിന് ഗ്രാമിന് 9,495 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 370 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔൺസിന് 5,100 ഡോളര്‍ എന്ന നാഴികക്കല്ല് ഇന്നലെ പിന്നിട്ടിരുന്നു. തുടര്‍ന്ന് അല്‍പ്പം താഴ്ന്ന സ്വര്‍ണവില ഇന്ന് 5,075 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കാനഡയ്ക്കും ദക്ഷിണ കൊറിയയ്ക്കും നേരെയുള്ള ഉയർന്ന തീരുവ ഭീഷണികളാണ് നിലവില്‍ സ്വര്‍ണവിലയെ സമ്മര്‍ദത്തിലാക്കുന്നത്. ദക്ഷിണ കൊറിയൻ വാഹനങ്ങള്‍, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ ഇറക്കുമതി തീരുവ 25 ശതമാനമായി ഉയർത്തുമെന്നും, വാഷിംഗ്ടണുമായി വ്യാപാര കരാർ ഉണ്ടാക്കുന്നതിൽ സിയോൾ പരാജയപ്പെട്ടതായും ട്രംപ് വിമർശിച്ചു.
ഫെഡറൽ റിസർവ് മേധാവി പവലിനെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന ക്രിമിനൽ അന്വേഷണം, ഫെഡ് ഗവർണർ ലിസ കുക്കിനെ പുറത്താക്കാനുള്ള ശ്രമം, മെയ് മാസത്തിൽ പവലിന്റെ പിൻഗാമിയെ നാമനിർദ്ദേശം ചെയ്യൽ തുടങ്ങിയ നടപടികളും സ്വര്‍ണത്തില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. അതേസമയം ഫെഡ് റിസർവ് പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുമെന്നാണ് കരുതുന്നത്.
സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,28,611 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine