

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 605 രൂപ കൂടി 14,715 രൂപയും പവന് 4,840 രൂപ വര്‍ധിച്ച് 1,17,720 രൂപയാണ് ഇന്ന് രാവിലത്തെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വലിയ വര്‍ധനയുണ്ട്. ഗ്രാമിന് 495 രൂപ കൂടി 12,090 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 385 രൂപ വര്‍ധിച്ച് 9,415 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 6,070 രൂപയുമാണ് വില. വെള്ളി വില ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 320 രൂപയിലെത്തി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 5,000 ഡോളര്‍ കടന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. 9 ശതമാനത്തിലധികം വര്‍ധനയോടെ 5,069 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ യുഎസ് ഡോളർ ദുർബലമായത് സ്വർണത്തിന് കരുത്തായി. ഡോളർ ഇൻഡക്സ് (DXY) ഇടിഞ്ഞതോടെ മറ്റു കറൻസികൾ ഉപയോഗിക്കുന്ന നിക്ഷേപകർക്ക് സ്വർണം വാങ്ങുന്നത് ലാഭകരമായി മാറിയത് സ്വർണവില ഉയരാനുള്ള കാരണമാണ്. ഇന്ത്യയിലെ ആർബിഐ (RBI) ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്ര ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരത്തിലേക്ക് സ്വർണം വലിയ തോതിൽ വാങ്ങിക്കൂട്ടുന്നത് വിപണിയിൽ സ്വര്‍ണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നുണ്ട്.
ഗ്രീൻലാൻഡ് വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കയും നാറ്റോയും തമ്മിലുള്ള തർക്കങ്ങളും, പശ്ചിമേഷ്യയിലെ അസ്വസ്ഥതകളും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിലുണ്ടായ കനത്ത ഇടിവിനെത്തുടർന്ന്, വില കുറഞ്ഞ അവസരം പ്രയോജനപ്പെടുത്തി നിക്ഷേപകർ വീണ്ടും സ്വർണം വാങ്ങി തുടങ്ങിയതും വില ഉയരാൻ കാരണമായി.
സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,33,665 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine