

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 14,310 രൂപയും പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയുമായി. രണ്ട് ദിവസങ്ങളായി വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് നേരിയ ഇടിവുണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 11,760 രൂപയും 14 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,155 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,905 രൂപയിലെത്തി. വെളളി വില ഗ്രാമിന് 280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,461 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ കുറവും, രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 97 ഡോളറിലേക്ക് താഴ്ന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക-ഇറാൻ സംഘർഷങ്ങളിൽ സമാധാന ചർച്ചകൾക്കുള്ള സാധ്യതകൾ തെളിഞ്ഞത് ആഗോള വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് വില കുത്തനെ ഇടിയാതെ പിടിച്ചുനിർത്താൻ സഹായിക്കുന്നു. നിലവിലെ ഈ ആഗോള മാറ്റങ്ങൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,23,978 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine