റെക്കോഡില്‍ നിന്ന് റെക്കോഡിലേക്ക് സ്വര്‍ണവില, ഉച്ചകഴിഞ്ഞ് വര്‍ധിച്ചത് ₹ 400, പുതിയ നിരക്കുകള്‍ ഇങ്ങനെ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉച്ചക്ക് ശേഷം വീണ്ടും വര്‍ധന. രാവിലെ ഗ്രാമിന് 175 രൂപയാണ് കൂടിയതെങ്കില്‍ ഉച്ചക്ക് ശേഷം 50 രൂപയാണ് വര്‍ധിച്ചത്. രാവിലെ പവന്‍ വില 1,06,840 രൂപയെന്ന റെക്കോര്‍ഡ് നിലവാരത്തിലെത്തിയിരുന്നു. ഉച്ചക്ക് ശേഷം പവന് 400 രൂപ കൂടി 1,07,240 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലൂടെയാണ് സ്വര്‍ണം കടന്നു പോകുന്നത്. ഗ്രാം വില 13,405 രൂപയാണ്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 4,600 ഡോളറിന് മുകളില്‍ എത്തിയിരിക്കുകയാണ്. ഗ്രീന്‍ലാന്‍ഡിനെതിരെയുളള യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടുവന്നതോടെ ആഗോള സംഘര്‍ഷം കനക്കുകയാണ്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. ഉച്ചക്കഴിഞ്ഞ് ഔണ്‍സിന് 4,669 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 45 രൂപ വര്‍ധിച്ച് 11,020 രൂപയായി. 14 കാരറ്റിന്റെ വിലയില്‍ ഗ്രാമിന് 30 രൂപ കൂടി 8,580 രൂപയിലെത്തി. വെള്ളിയുടെ വ്യാപാരം ഗ്രാമിന് 305 രൂപയിലാണ് നടക്കുന്നത്.
ആഭരണം വാങ്ങാന്‍
സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,16,140 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine

