ആ പ്രതീക്ഷ തല്ലിക്കെടുത്തി ഫെഡ് മിനിറ്റ്‌സ് പുറത്ത്, സ്വര്‍ണ വില ഇനിയും കുറയുമോ? കേരളത്തില്‍ ഇന്ന് വിലക്കയറ്റം

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയും നികുതികളും അടക്കം ഇന്ന് ഏറ്റവും കുറഞ്ഞത് 1.30 ലക്ഷം രൂപയ്ക്ക് മുകളിലാകും
Gold Jewellery
CANVA
Published on

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താഴ്ന്ന് നിന്നിരുന്ന സ്വര്‍ണ വിലയില്‍ ഇന്ന് മുന്നേറ്റം. ഗ്രാമിന് 210 രൂപ കൂടി 14,345 രൂപയായി. പവന് 1,680 രൂപ ഉയര്‍ന്ന് 1,14,760 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 170 രൂപയാണ് വര്‍ധിച്ചത്.ഇതോടെ വില 11, 785 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 9,180 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,920 രൂപയുമാണ് വില.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയും നികുതികളും അടക്കം ഇന്ന് ഏറ്റവും കുറഞ്ഞത് 1,30,306 രൂപയ്ക്ക് മുകളിലാകും

വെള്ളി വിലയില്‍ ഇന്ന് വലിയ മുന്നേറ്റമുണ്ട്. ഗ്രാം വില 15 രൂപ വര്‍ധിച്ച് 270 രൂപയായി.

'മിനിറ്റ്‌സി'ല്‍ ചാഞ്ചാട്ടം

അതേസമയം, യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നത് ആഗോള സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമുണ്ടാക്കി. നിലവില്‍ ഔണ്‍സിന് 4,981 ഡോളറിലാണ് വ്യാപരം. റെക്കോഡ് വിലയായ 5,595.46 ഡോളറുമായി നോക്കുമ്പോള്‍ 8.42 ശതമാനം ഇടിവിലാണ് ഇന്ന് വില. ഇത് എം.സി.എക്‌സിലും വില താഴാനിടയാക്കി. പലിശ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ ഫെഡ് അംഗങ്ങള്‍ക്കിടയിലുള്ള ഭിന്നതയ്‌ക്കൊപ്പം ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.

പണപ്പെരുപ്പം കുറയുന്നു എന്നതിന് കൂടുതല്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ പലിശ നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്നാണ് പല ഫെഡ് അംഗങ്ങളുടെയും നിലപാട്. പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുമെന്ന സൂചന സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറയ്ക്കുന്നുണ്ട്.

യുഎസ് സാമ്പത്തിക ഡേറ്റ പ്രതീക്ഷിച്ചതിലും മികച്ചതായതോടെ ഡോളര്‍ കരുത്താര്‍ജിച്ചത് സ്വര്‍ണ വിലയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

വില കൂടുമോ കുറയുമോ?

യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍, ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ (Geopolitical tensions), വരാനിരിക്കുന്ന യുഎസ് പിസിഇ (PCE) ഡേറ്റ എന്നിവയാകും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുക. നിലവില്‍ വിപണിയില്‍ അസ്ഥിരത തുടരുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

സ്വര്‍ണത്തിന് പുറമെ വെള്ളിവിലയിലും സമാനമായ ചലനങ്ങള്‍ പ്രകടമാണ്. വരും ആഴ്ചകളില്‍ യുഎസ് പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരുന്നതോടെ വിപണിയുടെ ദിശയില്‍ കൂടുതല്‍ വ്യക്തത ലഭിക്കും.

സ്വര്‍ണ വില രാജ്യത്ത് ഒരു ലക്ഷത്തില്‍ താഴെയായി കുറഞ്ഞേക്കാമെന്ന നിരീക്ഷണങ്ങള്‍ ഒരു വശത്തുയരുമ്പോള്‍ റെക്കോഡിലേക്ക് തിരിച്ചു കയറുമെന്ന് ഒരു വിഭാഗം വിദഗ്ധരും പറയുന്നു.

റഷ്യയുടെ അപ്രതീക്ഷിത നീക്കമാണ് വില ഇടിയുമെന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുമായി റഷ്യ യു.എസ് ഡോളറില്‍ വ്യാപാരം നടത്തുന്ന രീതിയിലേക്ക് തിരിച്ചു വരുന്നത് പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇതിന് അടിസ്ഥാനം. യു.എസ് -റഷ്യ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയില്‍ പവന് 72,000 രൂപയിലേക്ക് ഇടിയുമെന്നാണ് കണക്കുകൂട്ടല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com