Begin typing your search above and press return to search.
റെക്കോഡുകള്‍ കടപുഴക്കി സ്വര്‍ണം, സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ 1,640 രൂപയുടെ വര്‍ധന, അന്താരാഷ്ട്ര വിലയും സര്‍വകാല ഉയരത്തില്‍
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും റെക്കോഡ് പുതുക്കി മുന്നേറ്റം തുടരുന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,300 രൂപയും പവന് 160 രൂപ വര്‍ധിച്ച് 58,400 രൂപയുമായി. കേരളത്തില്‍ ഇതു വരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ശനിയാഴ്ച (ഒക്ടോബര്‍ 18) കുറിച്ച ഗ്രാമിന് 7,280 രൂപയും പവന് 58,240 രൂപയുമെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്.
18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് ഇന്ന് 30 രൂപ വര്‍ധിച്ച് 6,015 രൂപയായി. വെള്ളി വിലയും ഇന്ന് മുന്നേറ്റത്തിലാണ് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 102 രൂപയിലാണ് വ്യാപാരം.
സർവകാല റെക്കോഡിൽ അന്താരാഷ്ട്ര വില
അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2,732 ഡോളറിലെത്തി. സര്‍വകാല റെക്കോഡാണിത്. അമേരിക്കന്‍ പലിശ നിരക്ക്, ഡോളര്‍ വിനിമയ നിരക്ക്, മറ്റ് ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ മൂലം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണവിലയുടെ മുന്നേറ്റം തുടരുകയാണ്. അടുത്ത വര്‍ഷം തന്നെ വില 3,000 ഡോളര്‍ കടന്നേക്കുമെന്ന് സൂചനകളാണ് വരുന്നത്. ഈ വര്‍ഷം ഇതുവരെ 748.57 ഡോളറോളമാണ് അന്താരാഷ്ട്ര സ്വര്‍ണ വില വര്‍ധിച്ചത്. അതായത് 32 ശതമാനത്തിലധികം വര്‍ധന.
ഒരു പവന്‍ ആഭരണം വാങ്ങാന്‍
ഒരാഴ്ചകൊണ്ട് കേരളത്തില്‍ 1,640 രൂപയുടെ വര്‍ധനയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായിരിക്കുന്നത്. വിവാഹ പര്‍ച്ചേസുകാര്‍ക്ക് ഉള്‍പ്പെടെ തിരിച്ചടിയാണ് സ്വര്‍ണ വിലയിലെ മുന്നേറ്റം. ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവകാല പര്‍ച്ചേസുകള്‍ ആരംഭിക്കാനിരിക്കെയാണ് വില കുതിച്ചുയരുന്നത്.
ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജിഎസ്ടി, എച്ച്.യു.ഐ.ഡി ചാര്‍ജുകള്‍ എന്നിവയും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 63,213 രൂപ വരും. പണിക്കൂലി 10 ശതമാനം കണക്കാക്കിയത് ഇത് 66,220 രൂപയുമാകും. വിവിധ ആഭരണങ്ങള്‍ക്കനുസരിച്ചാണ് പണിക്കൂലി വ്യത്യാസപ്പെടുന്നത്.
Next Story
Videos