

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കയറ്റം തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വിപണിയില്‍ മുന്നേറ്റം രേഖപ്പെടുത്തുന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,560 രൂപയിലും ഗ്രാം വില 13,195 രൂപയിലുമെത്തി. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന്‍ വിലയില്‍ ആകെ 1,080 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
ചെറു കാരറ്റുകളുടെ നിരക്കുകളിലും ആനുപാതികമായ വര്‍ധനയുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 10,800 രൂപയായി. കൂടാതെ, 14 കാരറ്റ് ഗ്രാമിന് 8,445 രൂപയും ഒമ്പത് കാരറ്റ് ഗ്രാമിന് 5,450 രൂപയുമാണ് ഇന്നത്തെ നിരക്കുകള്‍. അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 220 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
ആഭ്യന്തര വിപണിയില്‍ വില ഉയരുമ്പോള്‍, രാജ്യാന്തര സ്വര്‍ണ വില ഇന്ന് ഇടിവിലാണ്. ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നതും ഫെഡറല്‍ റിസര്‍വ് നയപ്രഖ്യാപനത്തിന് മുന്നിലുള്ള നിക്ഷേപകരുടെ ജാഗ്രതയുമാണ് അന്താരാഷ്ട്ര വിപണിയില്‍ പ്രതിഫലിക്കുന്നത്. രണ്ട് ദിവസത്തെ തിരുത്തലിന് ശേഷം ക്രൂഡ് ഓയിൽ വില വീണ്ടും ഉയര്‍ന്നതോടെ രാജ്യാന്തര സ്വര്‍ണവില 0.3% ഇടിഞ്ഞ് 4,050 ഡോളറിന് അടുത്തേക്ക് എത്തിയിട്ടുണ്ട്. ഡബ്ല്യു.ടി.ഐ (WTI) ഓയില്‍ വില ഏകദേശം 1% ഉയര്‍ന്ന് 100.50 ഡോളറിന് അടുത്തെത്തി. യെമനിലെ ഹൂതികള്‍ സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണ അവകാശവാദങ്ങളെ തുടർന്നാണ് എണ്ണവില വീണ്ടും ഉയർന്നത്.
ഉയർന്ന ക്രൂഡ് ഓയില്‍ വില ആഗോള പണപ്പെരുപ്പ ആശങ്കകള്‍ വീണ്ടും ശക്തമാക്കിയിട്ടുണ്ട്. ഇത് കേന്ദ്ര ബാങ്കുകള്‍ പലിശനിരക്കുകള്‍ ദീർഘകാലത്തേക്ക് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താന്‍ കാരണമായേക്കാം. ഈ സാഹചര്യം പലിശ വരുമാനം നല്‍കാത്ത സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ഇതിന് പുറമെ, യു.എസ് ട്രഷറി ബോണ്ട് വരുമാനം 5% പരിധിക്ക് മുകളിലെത്തുകയും, ഡോളര്‍ സൂചിക (DXY) 102.40-ന് അടുത്തെത്തുകയും ചെയ്തത് സ്വര്‍ണത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്.
ഫെഡറല്‍ റിസര്‍വ് പണനയ പ്രഖ്യാപനത്തില്‍ നിരക്കുകള്‍ 3.75%-4.00% പരിധിയില്‍ മാറ്റമില്ലാതെ നിലനിര്‍ത്താനാണ് സാധ്യതയെന്ന് സി.എം.ഇ ഫെഡ് വാച്ച് ടൂള്‍ സൂചിപ്പിക്കുന്നു. നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുമ്പോഴും, ഉയര്‍ന്ന പണപ്പെരുപ്പത്തെയും സാമ്പത്തിക വളര്‍ച്ചയെയും ഫെഡ് എങ്ങനെ സന്തുലിതമാക്കുന്നു എന്നതിലാകും നിക്ഷേപകരുടെ ശ്രദ്ധ. കേരളത്തിലെ സ്വര്‍ണവ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം, ആഗോള വിപണിയിലെ ഈ മാറ്റങ്ങളും ഡോളറിന്റെ കരുത്തും തുടര്‍വിലകളെയും ഉപഭോക്തൃ വാങ്ങല്‍ ശേഷിയെയും ശക്തമായി സ്വാധീനിച്ചേക്കാം.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,13,800 രൂപപയ്ക്കു മുകളിലാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Gold rates in Kerala hit new highs reaching Rs 1,05,560 per sovereign, even as international prices soften ahead of the US Federal Reserve's policy announcement.
Read DhanamOnline in English
Subscribe to Dhanam Magazine