അവിട്ടം ദിനത്തിലും റെക്കോഡ് മുന്നേറ്റം വിടാതെ സ്വര്‍ണം, ഒറ്റയടിക്ക് കൂടിയത് 640 രൂപ, ആശങ്കയില്‍ വ്യാപാരികളും ഉപയോക്താക്കളും

വെള്ളി വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും അനക്കമില്ല
Gold price up
Image : Canva
Published on

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡ് മുന്നേറ്റം തുടരുന്നു. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും ഉയര്‍ന്നു. ഇതോടെ ഗ്രാം വില 9,945 രൂപയും പവന്‍ വില 79,560 രൂപയുമെന്ന സര്‍വകാല റെക്കോഡിലെത്തി. ഓണക്കാലത്ത് വില കുതിച്ച് ഉയരുന്നത് വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും ഒരുപോലെ ആശങ്കയാകുന്നുണ്ട്. ഒരു ഗ്രാം വില 10,000 രൂപയിലെത്താന്‍ വെറും 55 രൂപയുടെ ദൂരമാത്രമാണുള്ളത്. ഓണത്തിന് മികച്ച വില്‍പ്പന പ്രതീക്ഷിച്ച കച്ചവടക്കാര്‍ വലിയ നിരാശയിലാണ്. അത്യാവശ്യക്കാര്‍ മാത്രമാണ് നിലവില്‍ സ്വര്‍ണം വാങ്ങാനെത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. വില കുറയാന്‍ കാത്തിരിക്കുകയാണ് പലരും. സെപ്റ്റംബറില്‍ വെറും ആറ് ദിവസത്തിനിടെ 1,920 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആറിന് 53,760 രൂപയായിരുന്ന പവന്‍ വിലയാണ് നിലവില്‍ 80,000ത്തിന് അടുത്ത് എത്തിയിരിക്കുന്നത്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും മറ്റും ചേര്‍ത്ത് 86,000 രൂപയ്ക്കടുത്ത് നല്‍കണം.

ചെറുകാരറ്റുകളും വെള്ളിയും

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 8,165 രൂപയിലെത്തി. 14 കാരറ്റിന് 6,355 രൂപയും 9 കാരറ്റിന് 4,100 രൂപയുമായി.

വെള്ളി വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും അനക്കമില്ല. ഗ്രാമിന് 133 രൂപയെന്ന റെക്കോഡിലാണ് വ്യാപാരം.

ഡോളറും ട്രംപും

ഡോളറിന്റെ വിലയിടിവും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടാക്കുന്നത്. യു.സില്‍ നിന്നുള്ള മോശം സാമ്പത്തിക കണക്കുകളും സ്വര്‍ണത്തിന് പിന്തുണ നല്‍കി. ഇന്നലെ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട ഓഗസ്റ്റിലെ തൊഴില്‍ കണക്കുകള്‍ പ്രതീക്ഷയിലും വളരെ താഴെയാണ്. നിരീക്ഷകര്‍ 75,000 തൊഴിലുകള്‍ പ്രതീക്ഷിച്ച സ്ഥാനത്ത് 22,000 മാത്രമാണുണ്ടായത്.

ട്രംപിന്റെ താരിഫ് യുദ്ധമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുമുണ്ട്.

Gold price hits all-time high in Kerala during Onam season, sparking concern among traders and consumers.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com