

സംസ്ഥാനത്ത് സ്വര്‍ണ വില ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പവന് 57,000 രൂപ കടന്നു. ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7,150 രൂപയും പവന് 200 രൂപ ഉയര്‍ന്ന് 57,200 രൂപയുമായി. ക്രിസ്മസിനു മുമ്പ് വരെ ചാഞ്ചാട്ടത്തിലായിരുന്ന സ്വര്‍ണം അതിനു ശേഷം തുടര്‍ച്ചയായ മൂന്ന് ദിവസവും മുന്നേറ്റത്തിലാണ്. പവന് 480 രൂപയുടെ വര്‍ധനയാണ് മൂന്ന് ദിവസത്തിനിടെയുണ്ടായത്.
കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,905 രൂപയായി. വെള്ളി വില അഞ്ച് ദിവസത്തിനു ശേഷം ഇന്ന് ഉയര്‍ന്നു. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 96 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
രാജ്യാന്തര വില ഇന്നലെ ഒരു ശതമാനത്തിനടുത്ത് ഉയര്‍ന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഫെഡറല്‍ റിസര്‍വിന്റെ അടുത്ത വര്‍ഷത്തെ നീക്കം, പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് നിക്ഷേപകര്‍. അതിനാല്‍ വലിയ നീക്കത്തിന് അവര്‍ നിലവില്‍ മുതിരുന്നില്ല.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,200 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,915 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine