

കേരളത്തിൽ സ്വർണവില എട്ട് മാസത്തെ താഴ്ചയിൽ. ഇന്ന് (നവംബർ 13) രാവിലെ വ്യാപാരം പുനരാരംഭിച്ചപ്പോൾ ഒരു ഗ്രാം സ്വർണത്തിന് 120 രൂപ താഴ്ന്നു. പുതുക്കിയ വിപണി വില 12,695 രൂപയായി. ആനുപാതികമായി ഒരു പവന് 960 രൂപ താഴ്ന്നു. പുതിയ വില 1,01,560 രൂപയിലേക്കും എത്തിച്ചേർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഒരു പവൻ സ്വർണത്തിൽ 5,520 രൂപയാണ് കുറഞ്ഞത്.
2026 മാർച്ച് 23-ന് ശേഷം സംസ്ഥാനത്തെ സ്വർണ വിലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വിലനിലവാരമാണിത്. ഇക്കഴിഞ്ഞ മേയ് 13-ന് സ്വർണ വില 1,23,120 രൂപ വരെ ഉയർന്നിരുന്നു. കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്നും 15 ശതമാനത്തിലേക്ക് കുത്തനെ വർധിപ്പിച്ചതിനെ തുടർന്ന് ആഭ്യന്തര വിപണിയിലെ വില ഒറ്റയടിക്ക് ക്രമീകരിച്ചതാണ് അന്നത്തെ കയറ്റത്തിനുള്ള മുഖ്യകാരണം.
രാജ്യാന്തര വിപണിയിൽ സ്വർണ വില ഒരു വർഷത്തെ താഴ്ചയിലാണ്. നിലവിൽ 3,920 ഡോളർ നിലവാരത്തിലാണ് ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബറിൽ ചേരുന്ന യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ എഫ്.ഒ.എം.സി യോഗത്തിൽ പലിശ നിരക്ക് വർധിപ്പിക്കുമെന്ന നിഗമനം ബലപ്പെട്ടു. ഇതോടെ ഡോളറിന്റെ വിനിമയ മൂല്യവും അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളുടെ ആദായനേട്ടവും ശക്തിപ്പെട്ടത് സ്വർണത്തിന് തിരിച്ചടിയേകി.
പശ്ചിമേഷ്യയിലെ സംഘർഷം അവസാവനിക്കുന്നതിന്റെ പ്രതീക്ഷകൾ വീണ്ടും ദുർബലമായതും ക്രൂഡ് ഓയിൽ മുന്നേറുന്നതിന്റെ സൂചന നൽകിയതും പ്രതികൂല ഘടകങ്ങളാണ്.
അതേസമയം സ്വർണത്തിന്റെ ചെറുകാരറ്റുകളിലും ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 100 രൂപ താഴ്ന്ന് പുതുക്കിയ വില 10,390 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ നിർമാണത്തിൽ ഏറെ ഡിമാൻഡ് ഉള്ള 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 75 രൂപ കുറഞ്ഞ് 8,130 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് 5,245 രൂപയിലേക്കും എത്തിച്ചേർന്നു.
വെള്ളിയിലും ഇടിവ് തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 5 രൂപ താഴ്ന്ന് 195 രൂപയായി. ആനുപാതികമായി 10 ഗ്രാം വെള്ളിക്ക് 1,950 രൂപയും 100 ഗ്രാം വെള്ളിക്ക് 19,500 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 1,95,000 രൂപയായും രേഖപ്പെടുത്തി.
ഇന്നത്തെ പുതുക്കിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കുംമേൽ ഈടാക്കുന്ന മൂന്ന് ശതമാനം നിരക്കിലുള്ള ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിൽ 45 രൂപ, അതിനുമേൽ ചുമത്തുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും കൂട്ടിച്ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം നിലവിൽ വാങ്ങുന്നതിന് 1,10,027 രൂപയെങ്കിലും നൽകേണ്ടിവരും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റത്തിനനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം ഉണ്ടാകാമെന്നതും ഓർക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine