ട്രംപിനു മുന്നില്‍ തലകുത്തിവീണ് സ്വര്‍ണം, ഒറ്റയടിക്ക് 1,320 രൂപയുടെ കുറവ്, വെള്ളിക്കും വീഴ്ച

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമുറപ്പിച്ചതിനു പിന്നാലെ സ്വര്‍ണ വില മൂക്കു കുത്തി. അന്താരാഷ്ട്ര വില 80 ഡോളറോളം താഴ്ന്നു. ഇന്നലെ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞ സ്വര്‍ണം ഇന്ന് 2,652 ഡോളര്‍ വരെ താഴ്ന്നിരുന്നു. നിലവില്‍ 2,657 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുത്.

അന്താരാഷ്ട്ര വിലയുടെ ചുവടു പിടിച്ച് സംസ്ഥാനത്തും സ്വര്‍ണ വില പത്തി താഴ്ത്തി. ഗ്രാമിന് 165 രൂപ കുറഞ്ഞ് 7,200 രൂപയും പവന് 1,320 രൂപ കുറഞ്ഞ് 57,600 രൂപയുമായി. ഒക്ടോബര്‍ 31 ന് 59,640 ഡോളര്‍ വരെയെത്തിയ സ്വര്‍ണം പിന്നീട്‌ അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കളാല്‍ താഴേക്ക് പോയിരുന്നു. ഇന്നത്തെ വിലയിടിവോടെ റെക്കോഡില്‍ നിന്ന് 2,040 രൂപയോളം വില കുറഞ്ഞു.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 140 രൂപയോളം കുറഞ്ഞു. 5,930 രൂപയിലാണ് വ്യാപാരം.
വെള്ളി വിലയും ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും നൂറു രൂപയ്ക്ക് താഴെയെത്തി. ഇന്ന് ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 99 രൂപയിലാണ് വ്യാപാരം.
ട്രംപിന്റെ വരവോടെ യു.എസ് ഡോളര്‍ കരുത്താര്‍ജിച്ചതും ട്രഷറി യീല്‍ഡ് ഉയര്‍ന്നതുമാണ് സ്വര്‍ണത്തിന്റെ വിലയിടിച്ചത്. ട്രംപിന്റെ നയങ്ങള്‍ പലതും പണപ്പെരുപ്പവും പലിശ നിരക്കും ഉയരാനിടയാക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. കടപത്രങ്ങളുടെ നേട്ടം ഉയരുന്നതും ഡോളര്‍ ശക്തി നേടുന്നതും സ്വര്‍ണത്തിന്റെ തിളക്കം കുറയ്ക്കുന്ന ഘടകങ്ങളാണ്.
കോപ്പറിന്റെ വിലയിലും വലിയ ഇടിവാണ് ട്രംപിന്റെ വരവിന് പിന്നാലെയുണ്ടായത്.

ഒരു പവന്‍ സ്വര്‍ണ ആഭരണത്തിന് ഇന്നത്തെ വില

സ്വര്‍ണാഭരണ പ്രേമികള്‍ക്കും വിവാഹ പര്‍ച്ചേസുകാര്‍ക്കും ആശ്വാസമാണ് ഇന്നത്തെ സ്വര്‍ണ വിലയിലെ ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 57,600 രൂപയാണ് വില. ഇതിനൊപ്പം പണിക്കൂലിയും മൂന്നു ശതമാനം ജി.എസ്.ടിയും, 45 രൂപയും അതിന്റെ 18 ശതമാനം വരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയും കൂടി നല്‍കിയാലേ ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകൂ. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ ഇന്ന് 62,348 രൂപയെങ്കിലും നല്‍കണം.

മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ അവസരം

ആഗോള സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സമീപ ഭാവിയില്‍ തന്നെ സ്വർണ വില ഉയരാനാണ് സാധ്യതായെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനുള്ളവര്‍ക്ക് ഈ അവസരം ബുക്കിംഗിനായി പ്രയോജനപ്പെടുത്താം. ഒട്ടുമിക്ക ജുവലറികളും അഡ്വാന്‍സ് ബുക്കിംഗ് ഓപ്ഷന്‍ നല്‍കുന്നുണ്ട്.

ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണങ്ങള്‍ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യുകയും ഏതാണോ ഏറ്റവും കുറഞ്ഞ വില, ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കുകയും ചെയ്യുന്നുവെന്നതാണ് ബുക്കിംഗിന്റെ നേട്ടം. ഉദാഹരണത്തിന് നിങ്ങള്‍ ഇന്നത്തെ വിലയ്ക്ക് സ്വര്‍ണാഭരണം ബുക്ക് ചെയ്തു എന്നിരിക്കട്ടെ, വാങ്ങുന്നത് ആറുമാസം കഴിഞ്ഞാണെന്നും കരുതുക. അന്ന് പവന്‍ വില 65,000 രൂപയ്ക്ക് മുകളിലായാലും നിങ്ങള്‍ക്ക് ഇന്നത്തെ വിലയ്ക്ക് തന്നെ സ്വര്‍ണം കിട്ടും. ഇനി വില കുറയുകയാണെങ്കിൽ ആ വിലയിൽ സ്വർണം ലഭിക്കും.

Related Articles
Next Story
Videos
Share it