

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, ഗ്രാമിന് 165 രൂപ താഴ്ന്ന് 13,670 രൂപയായി. പവന് 1,320 രൂപ ഇടിഞ്ഞ് 1,09,360 രൂപയുമായി.
18 കാരറ്റിന് ഗ്രാമിന് 135 രൂപ കുറഞ്ഞ് 11,235 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 8,750 രൂപയിലും ഒമ്പത് കാരറ്റിന് 70 രൂപ കുറഞ്ഞ് 5,640 രൂപയിലുമാണ് വ്യാപാരം. ഈ വര്‍ഷം ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് കേരളത്തിലെ റെക്കോഡ് സ്വര്‍ണ വില. അതുമായി നോക്കുമ്പോള്‍ 21,800 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 250 രൂപ.
മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യങ്ങള്‍ ഇറാന്‍ തള്ളിയതിനെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ ഊര്‍ജ്ജനിലയങ്ങള്‍ നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പും വിപണിയെ സ്വാധീനിച്ചു.
ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ഔണ്‍സ് സ്വര്‍ണവില 1.4 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,610 ഡോളറിന് താഴെയെത്തി. കഴിഞ്ഞ സെഷനില്‍ 1.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നതിനു പുറമെയാണിത്. ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഈ അന്ത്യശാസനം തള്ളിയ ഇറാന്‍ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് (പ്രാദേശിക സമയം) വാര്‍ത്താസമ്മേളനം നടത്തുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ മാര്‍ച്ച് 26-ന് നല്‍കിയ 10 ദിവസത്തെ സമയപരിധി തിങ്കളാഴ്ച വൈകുന്നേരത്തോടെ അവസാനിക്കും.
ഫെബ്രുവരി അവസാനത്തോടെ സംഘര്‍ഷം ആരംഭിച്ചതിനുശേഷം രാജ്യാന്തര സ്വര്‍ണവിലയില്‍ 12 ശതമാനത്തിലധികം ഇടിവുണ്ടായി. ഇന്ധനവില വര്‍ധന പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ആശങ്കയും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ മങ്ങിയതുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.
സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ പ്രിയം കുറയുന്നതും മറ്റ് മേഖലകളിലെ നഷ്ടം നികത്താന്‍ നിക്ഷേപകര്‍ സ്വര്‍ണം വിറ്റഴിക്കുന്നതും വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,360 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,12,694 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.
Gold prices fell sharply in Kerala amid global market pressure and Middle East tensions, raising fresh questions for jewellery buyers and investors.
Read DhanamOnline in English
Subscribe to Dhanam Magazine