

ഓട്ടോറിക്ഷകള്‍ക്ക് കേരളം മുഴുവന്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍. ഓട്ടോറിക്ഷ സി.ഐ.ടി.യു യൂണിയന്റെ അപേക്ഷ പരിഗണിച്ച് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. അപകടനിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ടാണ് ഈ തീരുമാനം.
ജില്ലാ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു ഓട്ടോറിക്ഷകള്‍ക്ക് ഇതു വരെ പെര്‍മിറ്റ് അനുവദിച്ചിരുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത വാഹനമല്ല ഓട്ടോറിക്ഷയെന്നും സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നതുമാണ് ഓട്ടോകളെ ജില്ലകളിലും അതിന്റെ പരിധിയിലുമായി നിയന്ത്രിച്ചിരുന്നത്. റോഡുകളില്‍ ഓട്ടോയ്ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 20 കിലോമീറ്ററാണ്.
പെര്‍മിറ്റില്‍ ഇളവ് ലഭിക്കാനായി ഓട്ടോറിക്ഷ സ്‌റ്റേറ്റ് പെര്‍മിറ്റായി രജിസ്റ്റര്‍ ചെയ്യണം. 'ഓട്ടോറിക്ഷ ഇന്‍ ദി സ്‌റ്റേറ്റ്' എന്ന രീതിയില്‍ പെര്‍മിറ്റ് സംവിധാനം മാറ്റും. യാത്രക്കാരുടെ സുരക്ഷ ഡ്രൈവര്‍ ഉറപ്പുവരുത്തണമെന്ന നിബന്ധനയുമുണ്ട്. ഓട്ടോകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നു. അതോറിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടിക്കാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് പുതിയ തീരുമാനം. ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐ.ജിയും അതോറിറ്റി സെക്രട്ടറിയുടെ ചേര്‍ന്നാണ് തീരുമാനമെടുത്തത്.
Read DhanamOnline in English
Subscribe to Dhanam Magazine