കൊച്ചി മെട്രോ ഇനി ഇന്‍ഫോപാര്‍ക്ക് വഴി കാക്കനാട്ടേക്കും; തുക അനുവദിച്ച് സര്‍ക്കാര്‍
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ 379 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മ്മാണത്തിനാണ് ഈ തുക ഉപയോഗിക്കുക. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നല്‍കുന്നതാണ് ധനവകുപ്പിന്റെ അംഗീകാരം.
നേരത്തെ 354.57 കോടി രൂപ പിങ്ക്‌ലൈന്‍ നിര്‍മാണത്തിനായി അനുവദിച്ചിരുന്നു. എന്നാല്‍ സ്റ്റേഡിയം മുതല്‍ പാലാരിവട്ടം വരെയുള്ള പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അധിക ഫണ്ട് വേണമെന്ന് കൊച്ചി മെട്രോ റെയിലും റവന്യു വകുപ്പും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് 378.57 കോടിയുടെ പുതുക്കിയ അടങ്കല്‍ തുക അനുവദിച്ചത്. 24 കോടി രൂപയാണ് സ്റ്റേഡിയം മുതല്‍ പാലാരിവട്ടം വരെയുള്ള പാതയ്ക്കായി അധികമായി അനുവദിച്ചത്.
2025ൽ പൂർത്തിയാകും
കൊച്ചി മെട്രോയെ ഐ.ടി കേന്ദ്രമായ കാക്കാനാടുമായി ബന്ധിപ്പിക്കുന്ന പിങ്ക് ലൈന്‍ പാതയ്ക്ക് 1,957 കോടി രൂപയാണ് മൊത്തം ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 55.18 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും 338.75 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതവുമാണ്. 1016 കോടി രൂപ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് വായ്പയായും ലഭ്യമാക്കും.