കൊച്ചി കപ്പൽശാലയ്ക്ക് രാമൻതുരുത്തിൽ 18.16 ഏക്കർ ഭൂമി പാട്ടത്തിന് നൽകാൻ തീരുമാനം; ₹5,000 കോടിയുടെ വൻ നിക്ഷേപം

പദ്ധതിയിലൂടെ 2,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും; പ്രതിവർഷം ജി.എസ്.ടി ഉൾപ്പെടെ 1.70 കോടി രൂപ സംസ്ഥാന സർക്കാരിന് പാട്ട വരുമാനമായി ലഭിക്കും.
Cochin Shipyard
image:@https://cochinshipyard.in/
Published on

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ (CSL) വികസന കുതിപ്പിന് കരുത്തേകി സംസ്ഥാന സർക്കാരിന്റെ നിർണായക തീരുമാനം. കൊച്ചിയിലെ രാമൻതുരുത്തിൽ സ്ഥിതി ചെയ്യുന്ന 18.16 ഏക്കർ ഭൂമി ഷിപ്പ് ബ്ലോക്ക് നിർമാണ സൗകര്യമൊരുക്കുന്നതിനായി കൊച്ചിൻ ഷിപ്പ്‌യാർഡിന് പാട്ടത്തിന് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഏകദേശം 5,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

2,000 പേർക്ക് നേരിട്ട് തൊഴിൽ

ഷിപ്പ്‌യാർഡിന്റെ പുതിയ വികസന പദ്ധതിയിലൂടെ 2,000 പേർക്ക് നേരിട്ട് തൊഴിൽ അവസരങ്ങൾ ലഭിക്കും. ഇതിന് പുറമെ അനുബന്ധ വ്യവസായങ്ങൾ വഴി ആയിരക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. കൊച്ചിയെ ആഗോളതലത്തിൽ തന്നെ പ്രമുഖ കപ്പൽ നിർമാണ-സാങ്കേതിക ഹബ്ബായി ഉയർത്താൻ ഈ പദ്ധതി ഉപകരിക്കും.

പാട്ട വരുമാനം പ്രതിവർഷം 1.70 കോടി

രാമൻതുരുത്തിലെ ഭൂമി പാട്ടത്തിന് നൽകുന്നതിലൂടെ പ്രതിവർഷം 1.45 കോടി രൂപയാണ് അടിസ്ഥാന പാട്ടത്തുകയായി സർക്കാരിന് ലഭിക്കുക. ജി.എസ്.ടി (GST) ഉൾപ്പെടെ മൊത്തം 1.70 കോടി രൂപ പ്രതിവർഷ വരുമാനമായി സംസ്ഥാന ഖജനാവിലേക്ക് എത്തും.

നീണ്ടനാളായി തീരുമാനമാകാതെ കിടന്ന നിർദേശമായിരുന്നു ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡുമായി നടത്തിയ തുടർച്ചയായ ചർച്ചകൾക്കൊടുവിലാണ് പദ്ധതിക്ക് അതിവേഗം അനുമതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാരിടൈം മേഖലയിലെ ഭീമൻ നിക്ഷേപം കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഡർ ബുക്കിനും ഉൽപ്പാദന ശേഷിക്കും വലിയ തോതിൽ കരുത്തേകും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com