സംരംഭങ്ങള്‍ക്ക് തടസം നിന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാര്‍

സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ് എന്നിവര്‍ പറഞ്ഞു. സാങ്കേതിക തടസങ്ങള്‍ പറഞ്ഞത് സംരംഭങ്ങള്‍ക്ക് വിലങ്ങിട്ടാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ വ്യക്തമാക്കി.

അഞ്ച് കോടി രൂപയ്ക്കുതാഴെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തടസം നിന്നാല്‍ സംരംഭകര്‍ അക്കാര്യം സ്റ്റാറ്റിയൂട്ടറി ഗ്രീവന്‍സ് പബ്ലിക്ക് മെക്കാനിസം പോര്‍ട്ടലില്‍ പരാതിപ്പെടണമെന്ന് മന്ത്രി പി. രാജീവും നിയമസഭയില്‍ പറഞ്ഞു. പരാതി നല്‍കാന്‍ സംരംഭകര്‍ മടിക്കരുത്. ഒരുമാസത്തിനകം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെയുള്ള പരാതികളില്‍ 15 ദിവസത്തിനകം നടപടിയെടുക്കുമെന്നും പി. രാജീവ് പറഞ്ഞു.
തദ്ദേശ സെക്രട്ടറിമാര്‍ക്ക് സിലബസ് വച്ച് പരിശീലനം
സംസ്ഥാനത്തെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് പ്രത്യേക സിലബസ് പ്രകാരം മൂന്ന് മേഖലകളായി തിരിച്ച് പരിശീലനം നല്‍കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പരിശീലനം ഈ മാസം തന്നെ തുടങ്ങും. ചില തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും നടപടി വേണമെന്നുമുള്ള കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ആവശ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.


Related Articles

Next Story

Videos

Share it