എഫ്.ഡിയില്‍ ഉയര്‍ന്ന പലിശ നോക്കുകയാണോ? മികച്ച നിരക്കുകളുമായി കേരള ഗ്രാമീണ ബാങ്ക്; മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50% വരെ നേട്ടം

15 മാസ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ബാങ്ക് നിലവില്‍ ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത്
canara bank fixed deposit
Photo : Canva
Published on

ഒരു കോടി രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് (Term Deposits) ആകര്‍ഷകമായ പലിശ നിരക്കുകള്‍ ലഭ്യമാക്കി കേരള ഗ്രാമീണ ബാങ്ക് (KGB). ആഭ്യന്തര നിക്ഷേപകര്‍ക്കും പ്രവാസികള്‍ക്കും മികച്ച റിട്ടേണ്‍ നല്‍കുന്ന ബാങ്ക്, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്കായ 7.50% വാഗ്ദാനം ചെയ്യുന്നു..

15 മാസ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ബാങ്ക് നിലവില്‍ ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത്. ഈ സ്‌കീമില്‍ ജനറല്‍ വിഭാഗത്തിന് 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനവും പലിശ ലഭിക്കും.

മറ്റ് പ്രധാന കാലാവധികളിലെ നിരക്കുകള്‍ പരിശോധിച്ചാല്‍, ഒരു വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 6.30 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.80 ശതമാനവുമാണ് പലിശ. 180 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെയുള്ള കാലാവധിക്ക് 6 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.50 ശതമാനവും ലഭിക്കും. 1 വര്‍ഷം മുതല്‍ 15 മാസത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്കും 15 മാസത്തിന് മുകളില്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കും ജനറല്‍ വിഭാഗത്തിന് 6.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനവും പലിശ നിരക്ക് ലഭിക്കും.

ദീര്‍ഘകാല നിക്ഷേപങ്ങളില്‍, 2 വര്‍ഷത്തിന് മുകളില്‍ 3 വര്‍ഷം വരെ ജനറല്‍ വിഭാഗത്തിന് 6.45 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.95 ശതമാനവുമാണ് നിരക്ക്. 3 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 6.40 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.90 ശതമാനവും പലിശ നേടാം.

കുറഞ്ഞ കാലാവധിയുള്ള നിക്ഷേപങ്ങള്‍

കുറഞ്ഞ കാലയളവിലേക്ക് പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള സ്‌കീമില്‍ 3.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.75 ശതമാനവും പലിശ നല്‍കുന്നുണ്ട്. 5 ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള നിക്ഷേപങ്ങള്‍ക്ക് മാത്രമാണ് ഈ നിരക്ക് ബാധകമാകുന്നത്.

15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.00 ശതമാനവും പലിശ ലഭിക്കും. 46 ദിവസം മുതല്‍ 179 ദിവസം വരെയുള്ള കാലാവധിക്ക് ജനറല്‍ വിഭാഗത്തിന് 5.00 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.50 ശതമാനവുമാണ് ബാങ്ക് നല്‍കുന്ന നിരക്ക്.

പ്രവാസി നിക്ഷേപകര്‍ക്കുള്ള നിരക്കുകള്‍

നോണ്‍ റസിഡന്റ് ഓഡിനറി (NRO) നിക്ഷേപങ്ങള്‍ക്ക് സാധാരണ ആഭ്യന്തര നിക്ഷേപങ്ങള്‍ക്ക് തുല്യമായ പലിശ ലഭ്യമാണ്. എന്നാല്‍ NRO വിഭാഗത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള അധിക പലിശ ആനുകൂല്യം ലഭിക്കില്ല.

നോണ്‍ റസിഡന്റ് എക്‌സ്റ്റേണല്‍ (NRE) നിക്ഷേപങ്ങളില്‍ 15 മാസ കാലാവധി തിരഞ്ഞെടുക്കുന്നവര്‍ക്ക് 7 ശതമാനം പലിശ നേടാം. 1 വര്‍ഷത്തെ NRE നിക്ഷേപങ്ങള്‍ക്ക് 6.30 ശതമാനവും 15 മാസത്തിന് മുകളില്‍ 2 വര്‍ഷം വരെയുള്ളവയ്ക്ക് 6.50 ശതമാനവുമാണ് നിരക്ക്. NRE നിക്ഷേപങ്ങള്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പിന്‍വലിച്ചാല്‍ പലിശ ലഭിക്കില്ല.

കൂടുതൽ വിവരങ്ങൾക്ക് ഏറ്റവും അടുത്തുള്ള കേരള ഗ്രാമീണ ബാങ്ക് ശാഖ സന്ദർശിക്കുക..

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com