

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ ്രപകടനെത്ത എങ്ങനെ വിലയിരുത്തുന്നു?
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ (കെജിബി) മൊത്തം ബിസിനസ് 54,988 കോടി രൂപയിലെത്തി. ബാങ്കിനെ സംബന്ധിച്ച് അതൊരു നാഴികക്കല്ലാണ്. നിക്ഷേപവും വായ്പകളും സുസ്ഥിര വളര്‍ച്ച നേടുന്നു എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാങ്കിന്റെ ശാഖകളുടെ എണ്ണം 635നോടടുത്ത് തന്നെ നില്‍ക്കുകയാണ്. എന്തുകൊണ്ടാണത്?
635+ ശാഖകളും 12 റീജ്യണല്‍ ഓഫീസുകളുമാണ് സംസ്ഥാനത്ത് കെജിബിക്കുള്ളത്. കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തിച്ചേരാന്‍ ഈ ശാഖാ വിന്യാസം കൊണ്ട് സാധിക്കുന്നുണ്ട്. ഡിജിറ്റല്‍ ബാങ്കിംഗ് ശക്തിപ്പെടുത്തി, എല്ലാവരുടെയും വീട്ടുപടിക്കല്‍ സേവനമെത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഒപ്പം 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിംഗ് സേവനം ഇതുവരെ എത്താത്ത സ്ഥലങ്ങളില്‍ ശാഖകള്‍ തുറക്കാനും പദ്ധതിയുണ്ട്.
പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഔട്ട്‌റീച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
എന്‍ജിഒകളും സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകളുമായി ചേര്‍ന്ന് സാമൂഹ്യസുരക്ഷാ ക്യാംപുകള്‍ നടത്തി വരുന്നു. ഒപ്പം പുതുതലമുറയെ ആകര്‍ഷിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും ശക്തിപ്പെടുത്തുന്നു.
സംസ്ഥാനത്തെ സംരംഭകര്‍ക്കായി, പ്രത്യേകിച്ച് എംഎസ്എംഇ മേഖലയിലുള്ളവര്‍ക്കായുള്ള പദ്ധതികളെന്തൊക്കെയാണ്?
എംഎസ്എംഇകള്‍ക്കായി നിരവധി പദ്ധതികള്‍, സിജിടിഎംഎസ്ഇ (Credit Guarantee Fund Trust for Micro and Small Enterprises) അടക്കമുള്ളവ ബാങ്ക് നല്‍കുന്നുണ്ട്. മുദ്ര യോജന, പുതുതലമുറ സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള സ്റ്റാന്‍ഡപ്പ് ഇന്ത്യ പദ്ധതികള്‍ എന്നിവയിലെല്ലാം കെജിബി സജീവ പങ്കാളിത്തം വഹിക്കുന്നു.
കെജിബി ഉദ്യംശ്രീ സ്‌കീം, കെജിബി മഹിളാ സമൃദ്ധി, സിജിടിഎംഎസ്ഇ സ്‌കീം വഴിയുള്ള ടേം ലോണ്‍, ജിഎസ്ടി റിട്ടേണ്‍ അടിസ്ഥാനമാക്കിയുള്ള എംഎസ്എംഇ സ്‌കീമുകള്‍, കെജിബി കോണ്‍ട്രാക്റ്റര്‍ സ്‌കീം എന്നിങ്ങനെയുള്ള ബാങ്കിന്റെ സവിശേഷ വായ്പാ പദ്ധതികള്‍ ജനപ്രീതി നേടിയവയാണ്.
കെജിബിയുടെ ബിസിനസ് ലക്ഷ്യമെന്താണ്?
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മൊത്തം ബിസിനസ് 1,00,000 കോടിയിലെത്തിക്കുകയാണ് ലക്ഷ്യം.
പ്രത്യേക മേഖലകള്‍ക്കായുള്ള വായ്പകളുണ്ടോ?
തീര്‍ച്ചയായും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പാദന യൂണിറ്റുകള്‍, മൂല്യവര്‍ധിത ഭക്ഷ്യോല്‍പ്പന്ന യൂണിറ്റുകള്‍, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ പ്രത്യേകിച്ച് ഹോം സ്റ്റേ, ഇക്കോടൂറിസം പദ്ധതികള്‍ തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക വായ്പാ പദ്ധതികള്‍ കെജിബിക്കുണ്ട്. കേരളത്തില്‍ ഏറെ സാധ്യതയുള്ള, അതേസമയം ഒട്ടേറെ തൊഴിലുകള്‍ സൃഷ്ടിക്കുന്ന മേഖലകളാണിതൊക്കെ.
കടുത്ത മത്സരമുള്ള ബാങ്കിംഗ് രംഗത്ത് കെജിബി വ്യത്യസ്തമായി നില്‍ക്കുന്നത് എങ്ങനെയാണ്?
ഗ്രാമീണ, അര്‍ധനഗര മേഖലയിലെ ശക്തമായ സാന്നിധ്യവും ഓരോ ഇടപാടുകാരനും നല്‍കുന്ന വ്യക്തികേന്ദ്രീകൃതമായ സേവനങ്ങളും തന്നെയാണ് ഞങ്ങളുടെ കരുത്ത്. പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഞങ്ങള്‍ ഏറെ അടുത്തറിയുന്നു. ഓരോ ദേശത്തെയും ആളുകളുമായി ഇഴയടുപ്പമുള്ള ബന്ധവും ഞങ്ങള്‍ക്കുണ്ട്. ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ താരതമ്യേന ലളിതമായ നടപടിക്രമങ്ങളിലൂടെ ഇടപാടുകാര്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു.
അതുപോലെ കെജിബി ഇന്‍ഫി എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യുപിഐ സേവനങ്ങള്‍ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നു. സെല്‍ഫി/മൊബൈല്‍ പാസ്ബുക്ക് ആപ്പായ ഡിജി കെജിബി, ഡെബിറ്റ് കാര്‍ഡുകള്‍, ക്യൂആര്‍ കോഡ് സൗകര്യം, ബിബിപിഎസ്, ഡിജി കെജിബി മലയാളം കലണ്ടര്‍ ആപ്, അക്കൗണ്ട് തുറക്കാനും ലോണ്‍ ആപ്ലിക്കേഷനും ഇന്‍സ്റ്റന്റ് ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കുന്നുണ്ട്.
ഡിജിറ്റല്‍ സാക്ഷരത അധികം വ്യാപകമല്ലാത്ത ഗ്രാമീണ മേഖലയിലുള്ളവരെ കൂടി എങ്ങനെയാണ് ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് ഉള്‍ച്ചേര്‍ക്കുന്നത്?
സാമൂഹ്യ സുരക്ഷ, സാമ്പത്തിക സാക്ഷരത, ഡിജിറ്റല്‍ ബോധവല്‍ക്കരണ ക്യാംപുകള്‍ എന്നിവയൊക്കെ നിരന്തരം ഞങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് പോലുള്ള ബാങ്കിംഗ് സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഇടപാടുകാരെ പറഞ്ഞ് മനസിലാക്കാനും അവരിലേക്ക് കൃത്യമായി അവയെല്ലാം എത്തിക്കാനും പരിശീലനം ലഭിച്ചവരാണ് ഞങ്ങളുടെ ജീവനക്കാര്‍.
ഒരു ഇടപാടുകാരന്‍ എന്തിന് കെജിബിയെ ബാങ്കിംഗ് പങ്കാളിയായി തിരഞ്ഞെടുക്കണം?
എല്ലാ അര്‍ത്ഥത്തിലും അടിമുടി ഒരു കേരള ബാങ്കാണ് ഞങ്ങള്‍. റീജ്യണല്‍ റൂറല്‍ ബാങ്കെന്ന നിലയില്‍ പ്രാദേശികമായി ഏറെ ഇഴയടുപ്പമുള്ള ബന്ധം ഞങ്ങള്‍ പുലര്‍ത്തുന്നുണ്ട്. അതോടൊപ്പം ജനങ്ങളുടെ വിശ്വാസവും കാത്തുസൂക്ഷിക്കുന്നു. ആധുനിക ബാങ്കിംഗ് സേവനങ്ങളെല്ലാം ലഭ്യവുമാണ്. ഞങ്ങളുടെ പലിശ നിരക്കുകള്‍ അങ്ങേയറ്റം മത്സരാധിഷ്ഠിതമാണ്. ഡോക്യുമെന്റേഷന്‍ ലളിതമാണ്. ഇടപാടുകാരുടെ ക്ഷേമം ഉറപ്പാക്കാന്‍ ആത്മാര്‍പ്പണത്തോടെയുള്ള സേവനമാണ് ഞങ്ങള്‍ നല്‍കുന്നത്.
കേരള വികസനത്തില്‍ കെജിബി നല്‍കുന്ന സംഭാവനകള്‍?
ഗ്രാമീണ, അര്‍ധനഗര പ്രദേശങ്ങളിലെ സംരംഭകര്‍ക്കാണ് കൂടുതലായും കെജിബി ഊന്നല്‍ നല്‍കുന്നത്. എംഎസ്എംഇകള്‍ക്കുള്ള സേവനങ്ങള്‍ ഞങ്ങള്‍ കൂടുതല്‍ വിപുലമാക്കി. അതുപോലെ എസ്എച്ച്ജികളെ ശാക്തീകരിക്കുന്നു. സുസ്ഥിരമായ കാര്‍ഷിക വികസന അജണ്ടയാണ് ഞങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ട എല്ലാവിധ സാമ്പത്തിക സേവനങ്ങളും നല്‍കാന്‍ ഞങ്ങള്‍ സജ്ജരാണ്. ഇതിലൂടെയെല്ലാം കേരള വികസനത്തില്‍ മുഖ്യ പങ്കുവഹിക്കലാണ് ലക്ഷ്യം.
എങ്ങനെയുള്ള ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കാണ് വായ്പ നല്‍കുക?
നമ്മുടെ നാട്ടില്‍ നല്ല രീതിയില്‍ നടക്കുന്ന മോശമല്ലാത്ത വിപണിയുള്ള സംരംഭങ്ങള്‍. അത് മാനുഫാക്ചറിംഗ്, സര്‍വീസസ്, ട്രേഡിംഗ്, ടൂറിസം അല്ലെങ്കില്‍ മൂല്യവര്‍ധിത കാര്‍ഷികോല്‍പ്പന്ന മേഖല അങ്ങനെ ഏത് മേഖലയിലായാലും കെജിബിയുടെ എംഎസ്എംഇ വായ്പകള്‍ നല്‍കും. വളരെ വേഗത്തില്‍ ഈ വായ്പകള്‍ ലഭിക്കുകയും ചെയ്യും.
റീറ്റെയ്ല്‍ വായ്പകള്‍ വര്‍ധിപ്പിക്കാന്‍ ശ്രമങ്ങളുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, പേഴ്‌സണല്‍ ലോണ്‍ എന്നിവ കൂടുതല്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. അങ്ങേയറ്റം മത്സരാധിഷ്ഠിതമായ പലിശ നിരക്കും അതിവേഗത്തിലുള്ള വായ്പാ വിതരണവും ഉറപ്പാക്കും. വായ്പാ വിതരണം വേഗത്തിലാക്കാന്‍ ഞങ്ങളുടെ എല്ലാ റീജ്യണല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചും എക്‌സ്‌ക്ലൂസീവായ ലോണ്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine