

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിക്ക് (പി.എഫ്.ആര്‍.ഡി.എ) കീഴില്‍ വരുന്ന നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍.പി.എസ്), അടല്‍ പെന്‍ഷന്‍ യോജന (എ.പി.വൈ) എന്നിവയിലെ നിക്ഷേപകരുടെ എണ്ണത്തില്‍ കേരളത്തില്‍ വര്‍ധന. എന്‍.പി.എസിലെ സ്വകാര്യ മേഖലയിലെ അക്കൗണ്ടുകളില്‍ 3.38 ശതമാനം കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ നിന്നുള്ള 216 കോര്‍പ്പറേറ്റുകള്‍ എന്‍.പി.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയതലത്തില്‍ 18,152 കോര്‍പ്പറേറ്റുകളാണ് ജീവനക്കാര്‍ക്കായി എന്‍.പി.എസ് പദ്ധതി സ്വീകരിച്ചിട്ടുള്ളത്. കേരളത്തില്‍ പദ്ധതിക്ക് പ്രോത്സാഹജനകമായ വളര്‍ച്ചയാണ് ദൃശ്യമാകുന്നതെന്ന് പി.എഫ്.ആര്‍.ഡി.എ ചെയര്‍മാന്‍ ഡോ.ദീപക് മൊഹന്തി ധനത്തോടു പറഞ്ഞു.
പ്രൈവറ്റ് മേഖലയില്‍ നിന്ന് 2024 ഒക്ടോബര്‍ 31 വരെ 2.06 ലക്ഷം പേര്‍ പദ്ധതിയില്‍ അംഗമായി. കോര്‍പ്പറേറ്റ് മേഖലയില്‍ നിന്ന് 84,729 പേരാണ് പദ്ധതിയിലുള്ളത്. വ്യക്തിഗത നിക്ഷേപകരുടെ എണ്ണം 1.21 ലക്ഷമാണ്. 30 വയസില്‍ താഴെയുള്ള നിക്ഷേപകരുടെ പങ്കാളിത്തം ദേശീയ തലത്തില്‍ വെറും 14 ശതമാനം മാത്രമായിരിക്കെ കേരളത്തില്‍ ഇത് 17 ശതമാനമാണ്.
ദേശീയതലത്തില്‍ ഇരു പദ്ധതികളിലുമായി ആകെ 7.9 കോടി വരിക്കാരാണുള്ളത്. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ (AUM) 13.4 ലക്ഷം കോടി രൂപയായി. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ എ.യു.എം 15 ലക്ഷം കോടിയാകുമെന്നാണ് പ്രതീക്ഷയെന്ന് ദീപക് മൊഹന്തി പറഞ്ഞു. എന്നാല്‍ പ്രതീക്ഷിച്ച വേഗം കൈവരിക്കാന്‍ എന്‍.പി.എസിന് സാധിച്ചിട്ടില്ല.
രാജ്യത്ത് പ്രൈവറ്റ് മേഖലയില്‍ നിന്ന് 61.09 ലക്ഷം പേരും കോര്‍പ്പറേറ്റ് മേഖലയില്‍ നിന്ന് 21.70 ലക്ഷം പേരും കൂടാതെ 39.38 ലക്ഷം വ്യക്തികളുമാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.
പെന്‍ഷന്‍ പദ്ധതികളെ കുറിച്ച് കൃത്യമായ അവബോധമില്ലാത്തതും ചെറുപ്പക്കാര്‍ ലിക്വിഡിറ്റിക്ക് പ്രാധാന്യം നല്‍കുന്നതുമാണ് വെല്ലുവിളി സൃഷ്ടിക്കുന്നതെന്ന് ദീപക് മൊഹന്തി പറയുന്നു. നിലവില്‍ പി.എഫ്.ആര്‍.ഡി.എയുടെ കീഴില്‍ 11 പെന്‍ഷന്‍ പദ്ധതികളാണുള്ളത്.
ഇന്ത്യന്‍ കുടുംബങ്ങളില്‍ 5.7 പേര്‍ക്ക് മാത്രമാണ് പ്രൊവിഡന്റ് ഫണ്ടുകളിലോ പെന്‍ഷന്‍ ഫണ്ടുകളിലോ നിക്ഷേപമുള്ളത്. ഗിഗ് ജോലികള്‍ ചെയ്യുന്ന 93 ശതമാനം പേര്‍ക്കും സാമൂഹ്യ സുരക്ഷയില്ല. എന്‍.പി.എസ് പോലുള്ള പദ്ധതികള്‍ക്ക് അതുകൊണ്ട് തന്നെ വലിയ പ്രാധാന്യമുണ്ടെന്നും ദീപക് മൊഹന്തി പറഞ്ഞു.
കേരളത്തിലുള്‍പ്പെടെ വ്യാപാകമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ് പി.എഫ്.ആര്‍.ഡി.എ. കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാനായി ഫിക്കിയുടെ സഹകരണത്തോടെ കൊച്ചിയില്‍ ബോധവത്കരണ ക്ലാസും നടത്തി.
കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച എന്‍.പി.എസ് വാത്സല്യ പദ്ധതിക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. രണ്ട് മാസത്തിനുള്ളില്‍ 70,000 കുട്ടികളുടെ പേരില്‍ എന്‍.പി.എസ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഇതിൽ 3,600 അക്കൗണ്ടുകൾ കേരളത്തിൽ നിന്നാണ്.
കുട്ടികളുടെ പേരില്‍ എന്‍.പി.എസ് അക്കൗണ്ട് തുറന്ന് ചിട്ടയായി നിക്ഷേപിച്ച് കുട്ടികളുടെ ഭാവിക്കായി മുന്‍കൂട്ടി കരുതിവയ്ക്കാനും കോമ്പൗണ്ടിംഗിന്റെ നേട്ടം സ്വന്തമാക്കാനും തുടക്കമിടാന്‍ രകര്‍ത്താക്കളെ അനുവദിക്കുന്ന പദ്ധതിയാണിത്. ചുരുങ്ങിയ വാര്‍ഷിക നിക്ഷേപം 1,000 രൂപയാണ്. കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായാല്‍ സാധാരണ എന്‍.പി.എസ് അക്കൗണ്ടായി ഇത് മാറും.
രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം പെന്‍ഷന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ പദ്ധതിയാണ് എന്‍.പി.എസ്. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 60 വയസുമുതല്‍ പെന്‍ഷന്‍ ലഭിക്കും. ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ട്, ഗവണ്‍മെന്റ് ബോണ്ട്, ആള്‍ട്ടര്‍നേറ്റ് അസറ്റ് എന്നിവയിലാണ് എന്‍.പി.എസ് നിക്ഷേപം നടത്തുന്നത്.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. അംഗമാകുന്നവര്‍ക്ക് നിക്ഷേപിച്ച തുകയ്ക്കനുസരിച്ച് 60 വയസാകുമ്പോള്‍ 1,000 രൂപ മുതല്‍ 5,000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine