

വാണിജ്യ പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്തെ ഹോട്ടല്‍ ഉടമകള്‍ നടത്തുന്ന സമരം സമ്പൂര്‍ണ്ണം. കുടുംബശ്രീയുടെ 'സമൃദ്ധി' ഹോട്ടലുകള്‍ മുതല്‍ നഗരങ്ങളിലെ വമ്പന്‍ റസ്റ്റോറന്റുകളും ബേക്കറികളും വരെ അടച്ചിട്ടാണ് പ്രതിഷേധം നടക്കുന്നത്. സ്വിഗി, സൊമാറ്റോ അടക്കമുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവനങ്ങളും ഇന്ന് പൂര്‍ണ്ണമായും മുടങ്ങിയിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഹോട്ടലുകളും ബേക്കറികളും അടച്ചിട്ട് സമരത്തിന് പിന്തുണ നല്‍കുന്നുണ്ടെന്ന് ഓള്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി. ജയപാല്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു.
മേയ് ഒന്നിന് 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ചതോടെയാണ് ഹോട്ടല്‍ ഉടമകള്‍ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ഇതോടെ സംസ്ഥാനത്ത് ഒരു സിലിണ്ടറിന്റെ വില 3,000 രൂപയ്ക്ക് മുകളിലായി. സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിന് ദിവസം കുറഞ്ഞത് മൂന്ന് സിലിണ്ടറെങ്കിലും ആവശ്യമായി വരും. പുതിയ വിലവര്‍ധനവിലൂടെ ഒരു ഹോട്ടല്‍ ഉടമയ്ക്ക് പ്രതിമാസം 90,000 രൂപയോളം അധിക ബാധ്യതയുണ്ടാകുന്നുണ്ട്. നേരത്തെ പരമാവധി 430 രൂപ വരെയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചിട്ടുള്ളതെങ്കില്‍ ഇത്തവണയുണ്ടായ വന്‍ വര്‍ധനവ് താങ്ങാനാവില്ലെന്ന് ഉടമകള്‍ പറയുന്നു.
ഗ്യാസിന് പകരമായി വിറക് ഉപയോഗിക്കാമെന്ന് വെച്ചാല്‍ അവിടെയും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് വ്യാപാരികള്‍ നേരിടുന്നത്. 10 കിലോ വിറകിന് 50 രൂപയായിരുന്നത് ഇപ്പോള്‍ 130 രൂപയായി വര്‍ധിച്ചിരിക്കുകയാണ്. വിറകടുപ്പില്‍ പാചകം ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാകാത്തതും ഹോട്ടലുകളെ വലിയ പ്രയാസത്തിലാക്കുന്നു.
അവധിക്കാല യാത്രകള്‍ പ്ലാന്‍ ചെയ്ത ആഭ്യന്തര സഞ്ചാരികളെയും ഇതര ജില്ലകളില്‍ ജോലിക്കായി താമസിക്കുന്നവരെയുമാണ് ഹോട്ടല്‍ സമരം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ആശുപത്രി ആവശ്യങ്ങള്‍ക്കായി എത്തിയവരും ഭക്ഷണം കിട്ടാതെ വലയുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്റെ (കെ.എച്ച്.ആര്‍.എ) ആഹ്വാനപ്രകാരം നടക്കുന്ന ഈ സമരത്തിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, കേരള വ്യാപാരി വ്യവസായി സമിതി, ഓള്‍ കേരള കാറ്റേഴ്‌സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് പോയതും ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റവും ഇതിനോടകം തന്നെ ഹോട്ടല്‍ മേഖലയെ തളര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ നേരിട്ടിരിക്കുന്ന ഈ വലിയ വിലക്കയറ്റം കൂടി താങ്ങാന്‍ കഴിയില്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും ഹോട്ടലുടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine