

സംസ്ഥാന സര്‍ക്കാരിന്റെ കയറ്റുമതി പ്രോത്സാഹനം, ലോജിസ്റ്റിക്‌സ്, ഇ.എസ്.ജി നയങ്ങളും ഹൈടെക് ഫ്രെയിംവര്‍ക്കും പുറത്ത്. പുതിയ വ്യവസായ നയത്തിന്റെ തുടര്‍ച്ചയായാണ് വ്യത്യസ്ത മേഖലകളെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഉപമേഖലാ നയങ്ങള്‍ പ്രത്യേകമായി പ്രഖ്യാപിച്ചത്.
ഹൈടെക്, സേവന മേഖലകള്‍, ഉല്‍പ്പാദനം, കയറ്റുമതി അധിഷ്ഠിത സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സുസ്ഥിര-ഉത്തരവാദിത്ത പദ്ധതികള്‍ക്ക് അനുകൂലമായ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ നിക്ഷേപക സൗഹൃദ വ്യാവസായിക അന്തരീക്ഷത്തെ പുതിയ നയങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള കയറ്റുമതി പ്രമോഷന്‍ നയം, കേരള ലോജിസ്റ്റിക്‌സ് നയം 2025, കേരള ഹൈടെക് ഫ്രെയിംവര്‍ക്ക് 2025, കേരള ഇ.എസ്.ജി നയം 2025 എന്നിവയാണ് മന്ത്രി പ്രഖ്യാപിച്ചത്.
രാജ്യത്തെ ഉത്തരവാദിത്ത-സുസ്ഥിര വ്യവസായ വികസനത്തില്‍ കേരളത്തെ മുന്‍പന്തിയില്‍ നിര്‍ത്തുന്ന പ്രധാന സംരംഭമാണ് കേരള ഇ.എസ്.ജി നയം 2025 എന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതിക്കിണങ്ങുന്നതും സമൂഹത്തെ പരിഗണിക്കുന്നതും സുതാര്യവും മൂല്യാധിഷ്ഠിതവുമായ ഭരണനിര്‍വഹണം ഉറപ്പുവരുത്തുന്നതുമായ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് നടപ്പാക്കുന്നത്. നിക്ഷേപകര്‍ക്ക് നിരവധി പ്രോത്സാഹനങ്ങളും പിന്തുണകളും നല്‍കുന്ന സമഗ്ര ഇ.എസ്.ജി നയം സ്വീകരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. ഇ.എസ്.ജി തത്വങ്ങള്‍ നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ നികുതി ഇളവ്, സബ്‌സിഡികള്‍, വായ്പ ഇളവുകള്‍, സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍, ഡി.പി.ആര്‍ പിന്തുണ എന്നിവ ഉറപ്പാക്കും. ഇ.എസ്.ജി പദ്ധതികള്‍ക്ക് 5 വര്‍ഷത്തേക്ക് മൂലധന നിക്ഷേപത്തിന്റെ 100 ശതമാനം റീഇംബേഴ്‌സ്‌മെന്റ് നല്‍കും. 2040 ആകുമ്പോഴേക്കും പൂര്‍ണ്ണമായും പുനരുപയോഗ ഊര്‍ജ്ജ ഉപയോഗവും 2050 ആകുമ്പോഴേക്കും കാര്‍ബണ്‍ ന്യൂട്രാലിറ്റിയും കൈവരിക്കുന്നതിന് നയം ലക്ഷ്യമിടുന്നുണ്ട്. സോളാര്‍ പാര്‍ക്കുകള്‍, ഫ്‌ളോട്ടിംഗ് സോളാര്‍, കാറ്റാടിപ്പാടങ്ങള്‍, ജലവൈദ്യുത നിലയങ്ങള്‍, ബയോമാസ് പദ്ധതികള്‍ എന്നിവയില്‍ നിക്ഷേപം നടത്തും.
കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിലും സംസ്ഥാനത്തെ വ്യവസായങ്ങളെ ആഗോള മൂല്യ ശൃംഖലകളുമായി സംയോജിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് കേരള എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ നയമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2027-28 ആകുമ്പോഴേക്കും കയറ്റുമതിയില്‍ 20 ബില്യണ്‍ യുഎസ് ഡോളറിലെത്തുക എന്ന ലക്ഷ്യത്തോടെ, ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായ കയറ്റുമതി കേന്ദ്രമായി കേരളത്തെ പുനഃസ്ഥാപിക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം. കയറ്റുമതി വൈവിധ്യവല്‍ക്കരണം, കയറ്റുമതി അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, നൈപുണ്യ വികസനം, വിപണി ഇന്റലിജന്‍സ്, 'മെയ്ഡ് ഇന്‍ കേരള' ബ്രാന്‍ഡ് നിര്‍മ്മാണം എന്നിവയ്ക്ക് നയം ഊന്നല്‍ നല്‍കുന്നു.
കേരളത്തിന്റെ നിലവിലെ കയറ്റുമതി, സമുദ്രോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നീ നാല് മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് ബയോടെക്‌നോളജി, ലൈഫ് സയന്‍സസ്, എയ്‌റോസ്‌പേസ്, ഡിഫന്‍സ്, ഇലക്ട്രോണിക്‌സ്, ആയുര്‍വേദം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐടി, ടൂറിസം, ആരോഗ്യ സംരക്ഷണം എന്നിവയുള്‍പ്പെടെ ഉയര്‍ന്ന മൂല്യമുള്ള മേഖലകളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് പുതിയ നയത്തിന്റെ ലക്ഷ്യം. സംസ്ഥാന കയറ്റുമതി പ്രമോഷന്‍ കമ്മിറ്റി, ജില്ലാ കയറ്റുമതി പ്രമോഷന്‍ കമ്മിറ്റികള്‍, സംസ്ഥാന കയറ്റുമതി ഫെസിലിറ്റേഷന്‍ ഡെസ്‌ക് എന്നിവ ഉള്‍പ്പെടുന്ന മള്‍ട്ടി-ടയര്‍ ഫെസിലിറ്റേഷന്‍ ഘടന സ്ഥാപിക്കുക എന്നതാണ് നയത്തിലെ ഒരു പ്രധാന ഘടകം.
സംസ്ഥാനത്തെ മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുന്നതിനും ഉല്‍പ്പാദനം, കയറ്റുമതി, ആഭ്യന്തര വാണിജ്യം എന്നിവയെ പിന്തുണയ്ക്കുന്നതിനുമുള്ള സമഗ്രമായ ദിശാരേഖ നല്‍കുന്നതാണ് കേരള ലോജിസ്റ്റിക്‌സ് നയം 2025. വ്യാവസായിക മത്സരക്ഷമത, ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം, സംസ്ഥാനത്ത് നിന്ന് ആഗോള വിപണികളിലേക്ക് എത്തിക്കുന്ന സാധനങ്ങളുടെ വില എന്നിവയുടെ നിര്‍ണായക ഘടകമാണ് ലോജിസ്റ്റിക്‌സും ഗതാഗത അടിസ്ഥാന സൗകര്യങ്ങളും എന്ന കാഴ്ചപ്പാടോടെയാണ് ഈ നയം തയ്യാറാക്കിയിരിക്കുന്നത്. ലോജിസ്റ്റിക്‌സ് ചെലവ് ജിഎസ്ഡിപിയുടെ 10% ല്‍ താഴെയാക്കാനും നയം ലക്ഷ്യമിടുന്നു. കയറ്റുമതിക്കും പ്രാദേശിക വ്യാപാരത്തിനുമുള്ള കവാടമായി വര്‍ത്തിക്കുകയും ചെലവ് കുറഞ്ഞതും, സുസ്ഥിരവും, ഡിജിറ്റലായി ബന്ധിപ്പിച്ചതുമായ ലോജിസ്റ്റിക്‌സ് കേന്ദ്രമായി കേരളത്തെ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് നയത്തിന്റെ ഉദ്ദേശം. കേരളത്തിലുടനീളം ലോജിസ്റ്റിക് പാര്‍ക്കുകളുടെ ശൃംഖല സൃഷ്ടിക്കുക എന്നതാണ് നയത്തിന്റെ ഒരു പ്രധാന ഘടകം.
കേരള ഹൈടെക് ഫ്രെയിംവര്‍ക്ക് 2025, സംസ്ഥാനത്തിന്റെ നൂതന ഉല്‍പ്പാദന, നവീകരണ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന രൂപരേഖയാണ്. സാങ്കേതികവിദ്യ, ഗവേഷണ വികസനം, ബൗദ്ധിക സ്വത്തവകാശം എന്നിവയില്‍ ഊന്നിയുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായവല്‍ക്കരണത്തിലേക്ക് മാറുക എന്നതാണ് ലക്ഷ്യം. സെമികണ്ടക്ടറുകള്‍, ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ്, ബയോടെക്‌നോളജി, ലൈഫ് സയന്‍സസ്, എയ്‌റോസ്‌പേസ്, ഡിഫന്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, റോബോട്ടിക്‌സ്, നാനോ ടെക്‌നോളജി, അഡ്വാന്‍സ്ഡ് മെറ്റീരിയലുകള്‍ എന്നിവയുള്‍പ്പെടെ ആഗോള വളര്‍ച്ചാ സാധ്യതയുള്ള മേഖലകളെ നയം പ്രത്യേകമായി പരിഗണിക്കുന്നു. ഡിസൈന്‍, നവീകരണം, ഉയര്‍ന്ന മൂല്യമുള്ള നിര്‍മ്മാണം എന്നിവയിലൂടെ സ്വാശ്രയത്വത്തിനും ഇത് ഊന്നല്‍ നല്‍കുന്നു.
കൊച്ചി-പാലക്കാട്-തിരുവനന്തപുരം വ്യാവസായിക ഇടനാഴിയില്‍ ഹൈടെക് മാനുഫാക്ചറിംഗ് പാര്‍ക്കുകളുടെയും ഇന്നൊവേഷന്‍ ക്ലസ്റ്ററുകളുടെയും നിര്‍മ്മാണ സാധ്യതകള്‍ ഈ ചട്ടക്കൂട് ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാലകള്‍, ഗവേഷണ-വികസന സ്ഥാപനങ്ങള്‍, സാങ്കേതിക കേന്ദ്രങ്ങള്‍ എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ കേരളത്തിന്റെ ശക്തമായ അക്കാദമിക് അടിത്തറ പ്രയോജനപ്പെടുത്താന്‍ നിര്‍ദേശിക്കുന്ന ഹൈടെക് ഫ്രെയിംവര്‍ക്ക് 2025, അപ്ലൈഡ് റിസര്‍ച്ച് ഹബുകള്‍, ഇന്നൊവേഷന്‍ ആക്‌സിലറേഷന്‍ പ്രോഗ്രാമുകള്‍, ടെക്‌നോളജി ട്രാന്‍സ്ഫര്‍ ഓഫീസുകള്‍ എന്നിവ സ്ഥാപിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine