

കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനും നിലവിലുള്ളവയുടെ നവീകരണത്തിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങളും സബ്സിഡികളും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത് സംരംഭകരെ പ്രതിസന്ധിയിലക്കുന്നു. മെഷിനറികള്‍ വാങ്ങുന്നതിനായി സംരംഭകര്‍ക്ക് വ്യവസായ വകുപ്പ് വഴി അനുവദിക്കേണ്ട 15 മുതല്‍ 25 ശതമാനം വരെയുള്ള സബ്സിഡി തുകയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി വിതരണം ചെയ്യാത്തത്. കൃത്യസമയത്ത് ധനസഹായം ലഭിക്കാത്തതിനാൽ പല യൂണിറ്റുകളും ജപ്തി അടക്കമുള്ള റവന്യൂ റിക്കവറി നടപടികൾ നേരിടുകയാണ്.
ഫണ്ടിന്റെ ലഭ്യതക്കുറവാണ് ഈ പ്രതിസന്ധിക്ക് കാരണമായി അധികൃതര്‍ നിരത്തുന്ന ന്യായീകരണം. ഇതിനൊപ്പം പല വിധ പ്രശ്‌നങ്ങളാല്‍ നട്ടം തിരിയുകയാണ് കേരളത്തിലെ ചെറുകിട വ്യവസായ മേഖല. പുതിയ മന്ത്രിസഭ അധികാരമേതിനു പിന്നാലെ കേരള സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (KSSIA) സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
കേരളത്തിലെ വ്യവസായികള്‍ക്ക് നല്‍കുന്ന എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീം (ESS) പ്രകാരം ഒരു വ്യവസായിക്ക് പരമാവധി 40 ലക്ഷം രൂപ വരെ ലഭിക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും 2023-ല്‍ പാസ്സായ ഇ.എസ്.എസ് ആനുകൂല്യങ്ങള്‍ പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍ പറയുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലായി ഏകദേശം 150 കോടിയോളം രൂപയാണ് ഈ ഇനത്തില്‍ മാത്രം കുടിശ്ശികയായി കിടക്കുന്നത്. ഇത് സര്‍ക്കാര്‍ അടിയന്തരമായി റിലീസ് ചെയ്യണമെന്നാണ് വ്യവസായികളുടെ ആവശ്യം.
ഭൂമിയുടെ ലഭ്യതക്കുറവാണ് കേരളത്തിലെ വ്യവസായ മേഖല ഇപ്പോള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധിയെന്ന് നിസാറുദ്ദീന്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്വന്തമായി 'സംസ്ഥാന ബില്‍ഡിംഗ് കോഡ്' നടപ്പിലാക്കിയപ്പോള്‍ കേരളം ഇപ്പോഴും 2016-ലെ നാഷണല്‍ ബില്‍ഡിംഗ് കോഡാണ് പിന്തുടരുന്നത്. കേരളത്തിലെ സ്ഥലപരിമിതി മൂലം വ്യവസായ ആവശ്യങ്ങള്‍ക്കായി ലാന്‍ഡ് അലോട്ട്‌മെന്റ് പോളിസിയില്‍ മാറ്റം വരുത്തണം. പ്ലാന്റേഷന്‍ ഭൂമിയും തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വരുന്ന ഭൂമികളും വ്യവസായ ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എം.എസ്.എം.ഇ മേഖലയ്ക്കാണ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ഫോക്കസ് നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വ്യവസായ വകുപ്പിന് കീഴില്‍ 40 ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളാണുള്ളത്. 1960 മുതല്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം എസ്റ്റേറ്റുകളില്‍ നിലവിലുള്ള വ്യവസായങ്ങളുടെ വികസനത്തിനോ നവീകരണത്തിനോ സെറ്റ്ബാക്ക് (Setback) നിയമങ്ങള്‍ വലിയ പ്രായസമുണ്ടാക്കുന്നുണ്ടെന്ന് നിസാറുദ്ദീന്‍ വ്യക്തമാക്കുന്നു. സ്ഥലപരിമിതിയുള്ളതിനാല്‍ വെര്‍ട്ടിക്കല്‍ ലെവല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക മാത്രമാണ് ഏക മാര്‍ഗ്ഗം. എന്നാല്‍ നിലവിലെ ബില്‍ഡിംഗ് റൂളുകള്‍ ഇതിന് തടസമാണ്. വ്യവസായ മേഖലയ്ക്ക് മാത്രമായി പ്രത്യേക ബില്‍ഡിംഗ് റൂളുകള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.
നാഷണല്‍ ബില്‍ഡിംഗ് കോഡിന്റെ ഭാഗമായി വന്ന പുതിയ ഫയര്‍ പോളിസി കാരണം വ്യവസായികള്‍ക്ക് 40 മുതല്‍ 45 ലക്ഷം രൂപ വരെ അധികച്ചെലവാണ് ഉണ്ടാകുന്നത്. 30,000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ക്കും 15 മീറ്ററില്‍ താഴെ ഉയരമുള്ള കെട്ടിടങ്ങള്‍ക്കും ഫയര്‍ എന്‍.ഒ.സി ഒഴിവാക്കിയാല്‍ ഭൂരിഭാഗം എം.എസ്.എം.ഇകള്‍ക്കും വലിയ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പുതിയ ലൈസന്‍സുകള്‍ക്കും പുതുക്കലിനുമായി കെ-സ്വിഫ്റ്റ് (K-SWIFT), കെ-സ്മാര്‍ട്ട് (K-SMART) എന്നിവ വഴി അപേക്ഷ നല്‍കുമ്പോള്‍ വലിയ കാലതാമസം നേരിടുന്നുണ്ട്. സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നു. തെലങ്കാന മാതൃകയില്‍ തദ്ദേശ സ്ഥാപനങ്ങള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് തുടങ്ങിയ എല്ലാ വകുപ്പുകളുടെയും അനുമതികള്‍ ഒറ്റ സോഫ്റ്റ്വെയറിലൂടെ പ്രോസസ്സ് ചെയ്ത് ഉടനടി രസീത് ലഭിക്കുന്ന ഏകജാലക സംവിധാനം കേരളത്തിലും നടപ്പിലാക്കണമെന്ന ആവശ്യവും വ്യവസായികള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.
വ്യവസായ മേഖലയ്ക്ക് ഉത്തേജനം നല്‍കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് (പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്) പദ്ധതിയും സമാനമായ ഫണ്ട് പ്രതിസന്ധിയിലാണ്. ഈ പദ്ധതി പ്രകാരം 10 ഏക്കറിലധികം സ്വന്തമായി സ്ഥലമുള്ള സ്വകാര്യ വ്യക്തികള്‍ക്ക് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദവി നല്‍കുകയും, അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി രണ്ട് കോടി രൂപ വരെ സര്‍ക്കാര്‍ ധനസഹായം അനുവദിക്കുകയും ചെയ്യും.
പുതിയ സര്‍ക്കാര്‍ വന്നാലും ഈ പദ്ധതി തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ബജറ്റില്‍ ഇതിനായി വെറും 20 കോടി രൂപ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇതിനോടകം നിരവധി എസ്റ്റേറ്റുകള്‍ക്ക് അനുമതി പത്രം ലഭിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ക്ക് ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നാണ് വ്യവസായ മേഖലയില്‍ നിന്നുള്ള വിവരം.
സംസ്ഥാനത്തെ സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നൽകുന്ന പരമാവധി 3 കോടി രൂപ എന്ന സബ്‌സിഡി പരിധി (Ceiling limit) പൂർണ്ണമായും ഒഴിവാക്കണമെന്ന് കെ.എസ്.എസ്.ഐ.എ ആവശ്യപ്പെടുന്നു. ഒരു ഏക്കറിന് 30 ലക്ഷം രൂപ വീതം യഥാർത്ഥ വിസ്തീർണ്ണത്തിന് അനുസൃതമായി സബ്‌സിഡി നൽകണം. നിലവിൽ 40-ലധികം സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഓരോ പാർക്കിനും പ്രഖ്യാപിച്ച 3 കോടി രൂപയുടെ സബ്‌സിഡി ഒട്ടും വൈകാതെ വിതരണം ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. വലിയ വ്യവസായങ്ങൾക്ക് നൽകുന്ന 10% നിക്ഷേപ സബ്‌സിഡിയും പൂർണ്ണ ജി.എസ്.ടി റീഇംബേഴ്സ്മെന്റും എം.എസ്.എം.ഇ മേഖലയ്ക്കും ബാധകമാക്കണം.
നിലവില്‍ 550 ഏക്കറോളം ഭൂമി സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കായി വന്നിട്ടുണ്ട്. ഇതിലൂടെ സര്‍ക്കാരിന് വന്‍തോതില്‍ തൊഴിലും നികുതി വരുമാനവും ലഭിക്കേണ്ടതാണെന്നിരിക്കെയാണ് ഈ അവഗണന. കൂടാതെ, വ്യവസായ പാര്‍ക്കുകള്‍ വ്യാപകമാകുമ്പോഴും അവിടെ തുടര്‍ച്ചയായ വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംസ്ഥാനത്തെ നിലവിലുള്ള സിഡ്‌കോ (SIDCO), ഡി.ഐ.സി (DIC) എസ്റ്റേറ്റുകളിലെ അടിസ്ഥാന സൗകര്യ വികസനവും പൂര്‍ണ്ണമായും നിലച്ച മട്ടാണ്. റോഡ്, സ്ട്രീറ്റ് ലൈറ്റ്, മതില്‍ തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ പോലും വര്‍ഷങ്ങളായി നിരാകരിക്കപ്പെടുകയാണ്.
തൃശൂരിലെ പ്രമുഖ വ്യവസായ കേന്ദ്രമായ ഒല്ലൂര്‍ സിഡ്‌കോ എസ്റ്റേറ്റില്‍ റോഡ് നിര്‍മ്മിച്ചിട്ട് 27 വര്‍ഷത്തിലേറെയായിരുന്നു. നിരന്തരമായ ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്ന്, ഒടുവില്‍ എസ്റ്റേറ്റിലെ 156 കമ്പനികള്‍ ചേര്‍ന്ന് സ്വന്തം ചെലവിലാണ് അവിടെ റോഡ് ടാര്‍ ചെയ്തത്. എസ്റ്റേറ്റുകളിലെ സ്ഥലങ്ങളുടെ പട്ടയം, സെയില്‍ ഡീഡ് (Sale Deed) എന്നിവ ലഭിക്കുന്നതിലും വലിയ രീതിയിലുള്ള കാലതാമസം സംരംഭകര്‍ നേരിടുന്നുണ്ട്.
കേരള റബ്ബര്‍ പാര്‍ക്കിന്റെ ലാന്‍ഡ് അലോട്ട്‌മെന്റ് പോളിസിയില്‍ വന്‍കിടക്കാര്‍ക്കും ചെറുകിടക്കാര്‍ക്കും (MSME) രണ്ട് നീതിയാണ്. വന്‍കിടക്കാര്‍ക്ക് ഭൂമി അനുവദിക്കുമ്പോള്‍ 9 വര്‍ഷവും 9 ഗഡുക്കളുമായി തുക തിരിച്ചടയ്ക്കാന്‍ അനുവാദമുള്ളപ്പോള്‍ ചെറുകിടക്കാര്‍ക്ക് അത് 5 വര്‍ഷവും 5 ഗഡുക്കളുമാണ്. ഈ വിവേചനം അവസാനിപ്പിക്കണമെന്ന് വ്യവസായികള്‍ ആവശ്യപ്പെടുന്നു.
കൂടാതെ വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ലാന്‍ഡ് അലോട്ട്‌മെന്റിന്റെ 15 ഏക്കര്‍ പരിധി എടുത്തുകളയണം. സംസ്ഥാനത്തുടനീളം കൃഷിയോഗ്യമല്ലാത്ത, തരിശുകിടക്കുന്ന ഏക്കര്‍ കണക്കിന് റബ്ബര്‍ തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂമി ഏറ്റെടുത്ത് വ്യവസായ പാര്‍ക്കുകളാക്കി മാറ്റാന്‍ ഭൂനിയമത്തില്‍ ഭേദഗതി വരുത്തണം. വ്യവസായ എസ്റ്റേറ്റുകളില്‍ ഉപയോഗിക്കാതെ കിടക്കുന്ന അധിക ഭൂമി മറ്റൊരു സംരംഭകന് വ്യവസായ ആവശ്യത്തിന് മാത്രം കൈമാറാന്‍ അനുമതി നല്‍കുന്ന നിയമനിര്‍മ്മാണം ഉണ്ടായാല്‍ കൂടുതല്‍ തൊഴിലവസരങ്ങളും സര്‍ക്കാരിന് നികുതി വരുമാനവും ലഭിക്കുമെന്നും വ്യവസായ മേഖല പറയുന്നു.
വന്‍കിട മെഗാ വ്യവസായങ്ങള്‍ക്ക് സ്ഥിരമൂലധനത്തിന്റെ 10% (പരമാവധി 10 കോടി) സബ്സിഡി നല്‍കുകയും, ജി.എസ്.ടി വിഹിതം 5 വര്‍ഷത്തേക്ക് പൂര്‍ണമായി തിരിച്ചുനല്‍കുകയും ചെയ്യുമ്പോള്‍, സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ എം.എസ്.എം.ഇ മേഖലയ്ക്ക് ഇത്തരം ആനുകൂല്യങ്ങളില്ല. കോവിഡ്, പ്രളയം, സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവ കാരണം കേരളത്തിലെ എം.എസ്.എം.ഇകള്‍ കടുത്ത തകര്‍ച്ചയിലാണ്.
ആര്‍.ബി.ഐയുടെയും സര്‍ക്കാരിന്റെയും കണക്കനുസരിച്ച് സംസ്ഥാനത്തെ എം.എസ്.എം.ഇകളിലെ എന്‍.പി.എ (NPA) നിരക്ക് 2024 വരെ ഏകദേശം 4 ശതമാനമായിരുന്നു. അതായത് 40,000ത്തോളം യൂണിറ്റുകള്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 9,94,875 എം.എസ്.എം.ഇകളില്‍ 39,795 യൂണിറ്റുകള്‍ കടുത്ത പ്രതിസന്ധിയിലാണ്. എന്‍.പി.എ തുക 5,530.54 കോടി രൂപയും ജി.എസ്.ടി വരുമാന നഷ്ടം 477.54 കോടിയുമാണ്.
ഒരു പുതിയ സംരംഭം തുടങ്ങാന്‍ 2-3 വര്‍ഷം എടുക്കുമ്പോള്‍, നിലവിലുള്ളവ പുനരുജ്ജീവിപ്പിക്കാന്‍ 6 മാസം മുതല്‍ ഒരു വര്‍ഷം വരെ മതിയാകും. അതിനാല്‍ സര്‍ഫാസി (SARFAESI) നടപടികളില്‍ ഉള്‍പ്പെട്ടവ ഉള്‍പ്പെടെയുള്ള എം.എസ്.എം.ഇകളെ സംരക്ഷിക്കാന്‍ പ്രത്യേക പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുകയും അവയെ സര്‍ഫാസി ആക്ടില്‍ നിന്ന് ഒഴിവാക്കുകയും വേവേണമെന്നാണ് ആവശ്യം.
വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള ലൈസന്‍സ് നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് മാറ്റി വ്യവസായ വകുപ്പിന് തന്നെ നല്‍കണം എന്നൊരു ആവശ്യവും മുന്നോട്ടു വയ്ക്കുന്നുണ്ട്. വ്യവസായ ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവയുള്ളതിനാല്‍ ലൈസന്‍സ് നടപടികള്‍ വ്യവസായ വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്നതാണ് ഉചിതം. കൂടാതെ 10 എച്ച്.പി വരെ റെഡ് കാറ്റഗറി ഒഴിച്ചുള്ള എം.എസ്.എം.ഇകളെ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ലൈസന്‍സ് പരിധിയില്‍ നിന്ന് ഒഴിവാക്കണം.
സിമന്റ്, മണല്‍, കമ്പി, അലൂമിനിയം, ചെമ്പ്, പ്ലാസ്റ്റിക്, പി.വി.സി, കെമിക്കല്‍ തുടങ്ങിയ എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും പെട്രോള്‍-ഡീസല്‍ വിലയുടെ അനിയന്ത്രിതമായ വര്‍ധന മൂലം എം.എസ്.എം.ഇ മേഖല കടുത്ത പ്രതിസന്ധിയിലാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഇവയുടെ ഗതാഗതച്ചെലവും വര്‍ധിക്കുന്നു. അതിനാല്‍ സംരംഭകര്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ സിഡ്‌കോ (SIDCO) മുഖാന്തിരം സംഭരിച്ച് ന്യായവിലയ്ക്ക് വിതരണം ചെയ്യണമെന്ന ആവശ്യവും സംരംഭകര്‍ പറയുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine