ഇനി എല്ലാത്തിലും ഓട്ടോമേഷന്റെ കാലമോ? അതിഥിത്തൊഴിലാളികളില്ലാതെ മുന്നോട്ടു പോകാന്‍ വഴികള്‍ തേടി കമ്പനികള്‍; 10,000 പേര്‍ക്ക് പകരമെത്തുന്നത് 100 പേര്‍

നാട്ടില്‍ തിരിച്ചെത്തുന്ന തൊഴിലാളികളെ റാഞ്ചാന്‍ കമ്പനികള്‍ക്കിടയിലും വലിയ മത്സരമുണ്ട്
ഇനി എല്ലാത്തിലും ഓട്ടോമേഷന്റെ കാലമോ? അതിഥിത്തൊഴിലാളികളില്ലാതെ മുന്നോട്ടു പോകാന്‍ വഴികള്‍ തേടി കമ്പനികള്‍; 10,000 പേര്‍ക്ക് പകരമെത്തുന്നത് 100 പേര്‍
Published on

കേരളത്തിലെ വ്യവസായ-നിര്‍മ്മാണ മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ (അതിഥിത്തൊഴിലാളികള്‍) വന്‍തോതിലുള്ള കുറവ് തുടരുന്നു. നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളില്‍ ഭൂരിഭാഗവും തിരിച്ചെത്താത്തത് മൂലം ഉല്‍പ്പാദനം തടസ്സപ്പെടുകയും പല പ്രമുഖ കമ്പനികളും വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക് നീങ്ങുകയുമാണ്. മുന്‍പ് പ്രതിദിനം പതിനായിരത്തോളം തൊഴിലാളികള്‍ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നൂറോ നൂറ്റിയമ്പതോ പേര്‍ മാത്രമാണ് പുതിയതായി എത്തുന്നതെന്നാണ് ഈ രംഗത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

നാട്ടില്‍ തിരിച്ചെത്തുന്ന തൊഴിലാളികളെ റാഞ്ചാന്‍ കമ്പനികള്‍ക്കിടയിലും വലിയ മത്സരമുണ്ട്. 20,000 രൂപ പറഞ്ഞ് കൊണ്ടു വരുന്ന തൊഴിലാളികളെ 24,000 വും 25,000വും ഒക്കെ കൊടുത്താണ് പലരും കൊണ്ടു പോകുന്നത്. തൊഴിലാളികള്‍ക്കായി വിമാന ടിക്കറ്റ് അടക്കം എടുത്തുകൊടുക്കാനും പല കമ്പനികളും തയാറാകുന്നുണ്ട്.

ഈ വന്‍ പ്രതിസന്ധി മറികടക്കാന്‍ ഉല്‍പ്പാദന മേഖലകളില്‍ 'ഓട്ടോമേഷന്‍' (Automation) അഥവാ യന്ത്രവല്‍ക്കരണം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിലെ കമ്പനികള്‍.

തിരികെ വരാന്‍ മടിച്ച് തൊഴിലാളികള്‍; കാരണങ്ങള്‍ പലത്

നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് വോട്ടവകാശവും റേഷന്‍ കാര്‍ഡും നഷ്ടപ്പെടുമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഭീഷണിയെത്തുടര്‍ന്ന് മാര്‍ച്ചോടെയാണ് വലിയൊരു ശതമാനം തൊഴിലാളികളും സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചെത്താന്‍ തയ്യാറാകുന്നില്ല. ഇതിന് പ്രധാന കാരണം അവരുടെ സ്വന്തം സംസ്ഥാനങ്ങളില്‍ തന്നെ മികച്ച തൊഴിലവസരങ്ങളും ഉയര്‍ന്ന ശമ്പളവും ലഭ്യമാകാന്‍ തുടങ്ങി എന്നതാണ്.

'മുന്‍പ് ബിഹാറിലും ഒഡീഷയിലുമൊക്കെ 350-400 രൂപ കൂലി കിട്ടുമ്പോള്‍ കേരളത്തില്‍ അതിന്റെ ഇരട്ടിയോളം (900-1000 രൂപ) ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വടക്കേ ഇന്ത്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ കാരണം അവരുടെ നാട്ടില്‍ തന്നെ 750 മുതല്‍ 800 രൂപ വരെ ദിവസക്കൂലി കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയൊരു വ്യത്യാസമില്ലാതെ കേരളത്തിലേക്ക് വരാന്‍ അവര്‍ താല്പര്യപ്പെടുന്നില്ല,' കളമശ്ശേരിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കമ്പനി ഉടമയായ സാജു പറയുന്നു.

കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലെ ഉല്‍പാദന മേഖലകളെയും ഈ പ്രതിസന്ധി സമാനമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ബിഹാറി തൊഴിലാളികളാണ് കുറഞ്ഞതെങ്കില്‍ കേരളത്തില്‍ ആസാം, ഒഡീഷ സ്വദേശികളാണ് വരാത്തത്. 17,000 രൂപ മുതല്‍ 24,000 വരെ ശമ്പളവും ഒപ്പം ഭക്ഷണവും താമസസൗകര്യവും വാഗ്ദാനം ചെയ്തിട്ടും കമ്പനികള്‍ക്ക് ആവശ്യത്തിന് ആളുകളെ കിട്ടാത്ത അവസ്ഥയാണ്.

ഉല്‍പ്പാദനം ഇടിഞ്ഞു, ചെലവുകള്‍ മാറ്റമില്ലാതെ തുടരുന്നു

തൊഴിലാളികളുടെ കുറവ് കമ്പനികളുടെ ഉല്‍പ്പാദനത്തെ (Production) ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കളമശ്ശേരിയിലെ ഫാക്ടറിയില്‍ മുന്‍പ് 85 ഓളം അതിഥി തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 42 പേര്‍ മാത്രമാണ് ശേഷിക്കുന്നതെന്ന് സാജു ചൂണ്ടിക്കാട്ടി.

തൊഴിലാളികള്‍ കുറയുമ്പോള്‍ ലേബര്‍ കോസ്റ്റ് കുറയുമെങ്കിലും, ഉല്‍പ്പാദനം പകുതിയായി താഴുന്നത് കമ്പനികളെ വലിയ നഷ്ടത്തിലേക്ക് തള്ളിവിടുന്നു. ഫാക്ടറി വാടക, കറന്റ് ചാര്‍ജ്, ബാങ്ക് ലോണ്‍ തിരിച്ചടവുകള്‍ തുടങ്ങിയ സ്ഥിരമായ ചെലവുകള്‍ക്ക് യാതൊരു കുറവുമില്ലാത്തതിനാല്‍ 'ബ്രേക്ക് ഈവന്‍' (Break-even) പോയിന്റില്‍ എത്താന്‍ പോലും കമ്പനികള്‍ക്ക് സാധിക്കുന്നില്ല.

പരിഹാരം 'ഓട്ടോമേഷന്‍': ചൈനീസ് മാതൃകയിലേക്ക് കേരളവും?

അതിഥിത്തൊഴിലാളികള്‍ വരാത്ത സാഹചര്യത്തില്‍ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ 'ഓട്ടോമേഷന്‍' മാത്രമാണ് ഏക പോംവഴിയെന്ന് വ്യവസായികള്‍ കരുതുന്നു. ചൈന വിജയകരമായി നടപ്പാക്കിയ ഈ സിസ്റ്റം കേരളത്തിലെ കമ്പനികളും പരീക്ഷിക്കേണ്ടി വരും.

'ഇനി കമ്പനികള്‍ ഓട്ടോമേഷനിലേക്ക് മാറിയേ തീരൂ. മുന്‍പ് 100 തൊഴിലാളികള്‍ ചെയ്തിരുന്ന ജോലി സാങ്കേതികവിദ്യയുടെ സഹായത്തോടെ 30 പേരെ മാത്രം നിലനിര്‍ത്തിക്കൊണ്ട് ചെയ്യാന്‍ സാധിക്കണം. ഉല്‍പ്പാദനക്ഷമത (Productivity) വര്‍ധിപ്പിക്കാന്‍ അടുത്ത മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞില്ലെങ്കില്‍ കമ്പനികള്‍ക്ക് മുന്നോട്ട് പോകാനാകില്ല,' അരൂരില്‍ കാര്‍ട്ടന്‍ കമ്പനി നടത്തുന്ന ഒരു വ്യവസായി പറയുന്നു.

തൊഴില്‍ ഗ്രേഡുകള്‍ ഉയര്‍ന്നതോടെ മലയാളികള്‍ ഇത്തരം കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികളില്‍ നിന്ന് പൂര്‍ണമായും പിന്മാറിയ അവസ്ഥയാണ്. കുറഞ്ഞ ശമ്പളമാണെങ്കിലും വൈറ്റ് കോളര്‍ ജോലികളോടാണ് മലയാളി യുവാക്കള്‍ക്ക് താല്പര്യം. ഈ സാഹചര്യത്തില്‍, അന്യസംസ്ഥാന തൊഴിലാളികളുടെ വരവ് കൂടി നിലച്ചതോടെ കേരളത്തിലെ വ്യവസായ മേഖലയ്ക്ക് വരും ദിവസങ്ങളില്‍ നിലനില്‍പ്പിനായി പൂര്‍ണമായും യന്ത്രവല്‍ക്കരണത്തെ ആശ്രയിക്കേണ്ടി വരുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Kerala industries are rapidly shifting toward automation as migrant worker shortages severely impact production and manufacturing sectors.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com