വരള്‍ച്ചയും കൃഷി നാശവും കേരളത്തെ തുറിച്ചു നോക്കുന്നു

മണ്‍സൂണ്‍ മഴ കുറഞ്ഞത് സംസ്ഥാനത്ത് കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കും. ഭൂരിഭാഗം പാടശേഖരങ്ങളിലും വെള്ളം ലഭിക്കാത്തതിനാല്‍ ഞാറ് നടാന്‍ പറ്റാത്ത അവസ്ഥയായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

മഴ മാറിനില്‍ക്കുന്നതാണ് കര്‍ക്കടകത്തിന്റെ അവസാന ദിനങ്ങളില്‍ കണ്ടത്. ഇതേ അവസ്ഥ ചിങ്ങത്തിന്റെ ആദ്യ പകുതിയിലും തുടര്‍ന്നതാണ് കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
മഴക്കുറവ് കൃഷികളെ മുഴുവനായി ബാധിക്കുന്നുണ്ട്. മണ്ണില്‍ ആവശ്യത്തിനു നനവില്ലാത്തതിനാല്‍ കാപ്പിയും കുരുമുളകും ഉള്‍പ്പെടെയുള്ള കൃഷികളില്‍ വളപ്രയോഗം നടത്താന്‍ കഴിയാത്തതും പ്രതിസന്ധിയാണ്. പാടങ്ങളില്‍ മൂപ്പെത്തിയ ഞാറ് പറിച്ചു നടാന്‍ കഴിയാത്ത സ്ഥിതിയാണ്. ജലസേചന സൗകര്യം ഇല്ലാത്ത ഇടങ്ങളില്‍ വയല്‍ ഒരുക്കി നാട്ടിപ്പണി നടത്താനാകാത്തതും കര്‍ഷകരെ വലയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പാടം തരിശിടേണ്ടിവരുമെന്ന ആകുലതയിലാണ് നൂറുകണക്കിനു കര്‍ഷകര്‍.
47 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ്
കേരളത്തില്‍ ഇക്കുറി ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 15 വരെ 60 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 648.3 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, ലഭിച്ചത് 260.3 മില്ലീമീറ്റര്‍മാത്രം. കഴിഞ്ഞ 47 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയ ജൂണ്‍ മാസം കൂടിയാണിത്. കാര്‍ഷിക മേഖലയായ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്. 78 ശതമാനം. കോഴിക്കോട് 74 ഉം തിരുവനന്തപുരത്ത് 47 ശതമാനവും മഴകുറഞ്ഞു. ഭേദപ്പെട്ട മഴ ലഭിച്ചത് കാസര്‍ഗോഡ് ജില്ലയിലാണ് 379.6 മില്ലീമീറ്റര്‍. എന്നാല്‍ 61 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. കണ്ണൂരില്‍ 377.7 മില്ലീമീറ്ററും എറണാകുളത്ത് 364.7 മില്ലിമീറ്ററും പത്തനംതിട്ടയില്‍ 344.3 മില്ലീമീറ്ററും ഇടുക്കിയില്‍ 210.2 മില്ലീമീറ്ററും മഴ ലഭിച്ചു. ലക്ഷദ്വീപില്‍ 72 ശതമാനനവും മാഹിയില്‍ 64 ശതമാനവും മഴ കുറഞ്ഞു. ദേശീയ തലത്തില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും മഴ കുറവാണ്.
വിള നാശത്തിലേക്ക്
സംസ്ഥാനത്തെ കാര്‍ഷിക മേഖല ജലലഭ്യതയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ മഴലഭ്യതയിലെ കുറവ് കാര്‍ഷിക മേഖലയെ സാരമായി തന്നെ ബാധിക്കും. വിരിപ്പ് കൃഷിക്ക് സാധാരണഗതിയില്‍ ജലസേചനം ആവശ്യമായി വരാറില്ല. എന്നാല്‍ കടുത്ത ഈര്‍പ്പക്കമ്മി നേരിടുന്ന മാസങ്ങളിലാണ് മുണ്ടകന്‍-പുഞ്ച കൃഷികള്‍ നടത്തപ്പെടുന്നത്. മഴക്കുറവ് കാരണം വേണ്ടത്ര ജലസേചന സൗകര്യം ഉറപ്പാക്കിയില്ലെങ്കില്‍ വിള നശിക്കാനും സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ തുലാവര്‍ഷത്തെ ആശ്രയിച്ചാണ് രണ്ടാംവിള കൃഷി നടത്താറുള്ളത്. എന്നാല്‍ ഇത്തവണ മഴകുറഞ്ഞ സാഹചര്യത്തില്‍ ഇതും പ്രതിസന്ധിയിലായി.

Related Articles

Next Story

Videos

Share it