പുതുവര്‍ഷത്തില്‍ സ്ത്രീ സൗഹൃദ വിനോദ സഞ്ചാരത്തിനായി കേരളമൊരുങ്ങുന്നു

വിനോദസഞ്ചാര വകുപ്പിന്റെ കീഴില്‍ പുതുവര്‍ഷത്തില്‍ സ്ത്രീസൗഹാര്‍ദ വിനോദസഞ്ചാര പദ്ധതിയൊരുങ്ങുന്നു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ത്രീസൗഹാര്‍ദ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 32 വിനോദസഞ്ചാര കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ടൂര്‍ പാക്കേജുകളാണ് ഒരുങ്ങുന്നത്. ഒറ്റയ്ക്കോ സംഘങ്ങളായോ സ്ത്രീകള്‍ക്ക് സുരക്ഷിതമായും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാനുള്ള പദ്ധതിയുടെ പ്രഖ്യാപനം പുതുവര്‍ഷത്തിലുണ്ടാവും.

യാത്രയുടെ നിയന്ത്രണം സ്ത്രീകള്‍ക്ക്

താമസം, ഭക്ഷണം, യാത്ര, ഗൈഡ് തുടങ്ങി ടൂര്‍ പാക്കേജിലെ എല്ലാ ഘടകങ്ങളും നിയന്ത്രിക്കുക സ്ത്രീകളാകും. rt@keralatourism.org യിലൂടെ പാക്കേജുകള്‍ ബുക്ക് ചെയ്യാം. സംസ്ഥാനത്ത് ഹോം സ്റ്റേ, ടൂര്‍ ഗൈഡ്, ടൂര്‍ ഓപ്പറേറ്റര്‍, ടാക്സി, റസ്റ്റോറന്റ് തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട 1000 സ്ത്രീസംരംഭം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം ജനുവരിയില്‍ ആരംഭിക്കും.

മൂന്ന് വര്‍ഷം, പതിനായിരം സംരംഭം

മൂന്ന് വര്‍ഷത്തിനകം പതിനായിരം സ്ത്രീ സംരംഭം ആരംഭിക്കും. കുറഞ്ഞത് മുപ്പതിനായിരം സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കും. ഒന്നരലക്ഷത്തോളം സ്ത്രീകളെ ഉള്‍പ്പെടുത്തി സ്ത്രീ സൗഹൃദ ടൂറിസം ശൃംഖല രൂപീകരിക്കും. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കും ശൃംഖലയില്‍ അംഗമാകാം. നിലവില്‍ 1200 സ്ത്രീകള്‍ ശൃംഖലയില്‍ അംഗമാണ്. ഇതില്‍ 1000 പേര്‍ക്കും സംസ്ഥാനത്തെ 25 തദ്ദേശഭരണ സ്ഥാപനത്തിനും ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ചും തൊഴില്‍ സാധ്യതകളെക്കുറിച്ചും പരിശീലനം നല്‍കി.

നിങ്ങള്‍ക്കും തുടങ്ങാം യാത്ര സംരംഭങ്ങള്‍

ടൂര്‍ ഗൈഡ്, ടൂര്‍ ഓപ്പറേറ്റര്‍, ഡ്രൈവര്‍മാര്‍, ഹോം സ്റ്റേ, റസ്റ്റോറന്റ്, ഫാം ടൂറിസം യൂണിറ്റ്, അഗ്രി ടൂറിസം യൂണിറ്റ്, ഹൗസ് ബോട്ട്, ശിക്കാര, കൊട്ടവഞ്ചി സവാരി, കരകൗശല വസ്തു നിര്‍മാണം, ട്രാവല്‍ ഏജന്റ്, സര്‍ഫിങ്, കയാക്ക്, ക്യാമ്പിങ്, പാരാസെയിലിങ്, ട്രക്കിങ്, സ്‌കൂബ ഡൈവിങ് തുടങ്ങിയ മേഖലകളില്‍ സ്ത്രീകള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാം. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവിധ വകുപ്പുകളുടെ സഹായത്തോടെ വായ്പാ സൗകര്യമൊരുക്കും. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ സംരംഭകരായ സ്ത്രീകള്‍ക്കും https://forms.gle/TnxiK9ymbntkKr2q9 ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.

Related Articles

Next Story

Videos

Share it