

ആഗോള കമ്പനികളുടെ തന്ത്രപ്രധാന സാങ്കേതിക-ഗവേഷണ കേന്ദ്രങ്ങളായ ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകളുടെ (GCC) രാജ്യത്തെ മുൻനിര ഹബ്ബായി മാറാൻ ഒരുങ്ങി കേരളം. സംസ്ഥാനത്തെ പ്രധാന ജി.സി.സി ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനും ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമായി തയ്യാറാക്കിയ സമഗ്ര 'ജി.സി.സി സാധ്യതാ റിപ്പോർട്ട് 2026' കേരള ഐ.ടി പുറത്തിറക്കി. തിരുവനന്തപുരം ടെക്‌നോപാർക്കിൽ നടന്ന 'കേരള ജി.സി.സി ഔട്ട്‌ലുക്ക് 2026' കോൺക്ലേവിൽ വ്യവസായ വാണിജ്യ ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.
കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ജി.സി.സി ഡെസ്റ്റിനേഷൻ ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, മികച്ച ഐ.ടി സാക്ഷരതയും പ്രൊഫഷണലുകളുടെ സാന്നിധ്യവും ഇതിന് അനുകൂല ഘടകങ്ങളാണെന്നും മന്ത്രി പറഞ്ഞു. ജിസിസികള്‍ സ്ഥാപിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ ബെംഗളൂരു ആസ്ഥാനമായ ആഗോള സ്ഥാപനമായ എഎന്‍എസ്ആറിന്റെ സിഎഫ്ഒ ശ്രീനിവാസന്‍ സാര്‍വഭൗമന്‍ കേരള ഫീസിബിലിറ്റി റിപ്പോര്‍ട്ട് 2026 അവതരിപ്പിച്ചു.
ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ടിയർ-1 നഗരങ്ങളെ അപേക്ഷിച്ച് ഓഫീസ് വാടകയിലും ജീവനക്കാരുടെ ശമ്പളച്ചെലവിലും 25 മുതൽ 30 ശതമാനം വരെ ലാഭം നേടാൻ കേരളത്തിലെ കേന്ദ്രങ്ങളിലൂടെ കമ്പനികൾക്ക് സാധിക്കുമെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രധാന ടിയർ-1 നഗരങ്ങളിൽ ജീവനക്കാരുടെ ജോലി ഉപേക്ഷിക്കൽ നിരക്ക് (Attrition Rate) 25-30 ശതമാനത്തോളം ഉയർന്നു നിൽക്കുമ്പോൾ, കൊച്ചിയിലും തിരുവനന്തപുരത്തും ഇത് കേവലം 9 ശതമാനം മാത്രമാണ് എന്നത് വൻകിട കമ്പനികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്.
96.2 ശതമാനം സാക്ഷരതയുള്ള കേരളത്തിൽ നിന്ന് പ്രതിവർഷം 75,000-ത്തിലധികം സ്റ്റെം (STEM) ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ട്. ഇതിന് പുറമെ AI, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ അത്യാധുനിക മേഖലകളിൽ 75,000-ത്തോളം വിദഗ്ധരുടെ സജീവ സാന്നിധ്യവും സംസ്ഥാനത്തുണ്ട്. നിലവിൽ കേരളത്തിലെ 40-ലധികം ജി.സി.സി യൂണിറ്റുകളിലായി 40,000-ത്തിലേറെ പ്രൊഫഷണലുകൾ ജോലി ചെയ്യുന്നു.
ജി.സി.സി വിഷൻ 2030 വഴി നിലവിലുള്ള 40 സെന്ററുകളുടെ എണ്ണം 120 ആയി ഉയർത്താനും തൊഴിലവസരങ്ങൾ 40,000-ൽ നിന്ന് 2 ലക്ഷമായി വർധിപ്പിക്കാനുമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളി വിദഗ്ദ്ധരെ തിരികെ നാട്ടിലെത്തിക്കാനുള്ള 'Return-to-Kerala' പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.
തിരുവനന്തപുരത്തെ 'ഡീപ് ടെക് & എൻജിനീയറിങ് ഹബ്ബ്', കൊച്ചിയെ 'ഫിൻടെക് & ഗ്ലോബൽ ഓപ്പറേഷൻസ് ഹബ്ബ്', കോഴിക്കോടിനെ 'ഇമേർജിങ് പ്രൊഡക്റ്റ് & CoE ഹബ്ബ്' എന്നിങ്ങനെ തന്ത്രപ്രധാനമായി വികസിപ്പിക്കാനാണ് പദ്ധതി.
ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (BFSI), ഐ.ടി, റീറ്റെയ്ൽ, ഹെൽത്ത്‌കെയർ, എയറോസ്‌പേസ് മേഖലകളിലെ പ്രമുഖ ആഗോള കമ്പനികളെ ആകർഷിക്കാൻ അനുകൂല നയരൂപീകരണത്തിനും, 30 ദിവസത്തിനുള്ളിൽ അനുമതി നൽകുന്ന ഏകജാലക സംവിധാനത്തിനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
കമ്പനികൾക്കായി 10 കോടി രൂപ വരെയുള്ള SGST തിരികെ നൽകൽ, 100% സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്, ഐ.ടി പാർക്കുകളിൽ 6 മാസത്തെ സൗജന്യ വാടകക്കാലയളവ് എന്നിവ സർക്കാർ വാഗ്ദാനം ചെയ്യുന്നു.
കോൺക്ലേവിൽ ഇൻഫോപാർക്‌സ് കേരള സി.ഇ.ഒ സുശാന്ത് കുറുന്തിലും എ.എൻ.എസ്.ആർ സി.എഫ്.ഒ ശ്രീനിവാസൻ സാർവഭൗമനും, ടെക്‌നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാറും കൊളാബെറ ഡയറക്ടർ രഞ്ജിത്ത് ദോഷിയും ജി.സി.സി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങൾ കൈമാറി. വി. മുരളീധരൻ എം.എൽ.എ, ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Kerala launches the GCC Feasibility Report 2026 to position the state as a top destination for Global Capability Centres, aiming to expand units to 120 and generate two lakh jobs by 2030.
Read DhanamOnline in English
Subscribe to Dhanam Magazine