അടിമാലിയിലെ കൊക്കോ ഇനി ആഗോള ബ്രാന്‍ഡുകളിലേക്ക്, പ്രൊഡക്റ്റീവ് അലയന്‍സ് ആദ്യ കരാര്‍ കൊക്കോ ബീനും മിരിസ്റ്റിക്കയും തമ്മില്‍, പുതിയ കേര പദ്ധതി ആര്‍ക്കൊക്കെ പ്രയോജനം?

ലോകബാങ്ക് സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ 150 പ്രൊഡക്റ്റീവ് അലയൻസുകൾ നിലവിൽ വരും. 2 കോടി രൂപ വരെ ധനസഹായം ലഭിക്കും
Illustration of Kerala farmers harvesting and sorting agricultural produce
Image created with chat gpt
Published on

കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന വിപണന പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം കാണാനും സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ ആഗോള മൂല്യശൃംഖലയുമായി (Global Value Chain) ബന്ധിപ്പിക്കാനുമായി ബൃഹത് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കേര (KERA - Kerala Climate Resilient Agri-Value Chain Modernisation Project) . 150 പ്രൊഡക്റ്റീവ് അലയന്‍സുകള്‍ക്കായി ആകെ 300 കോടി രൂപയുടെ ധനസഹായമാണ് കേരയുടെ പുതിയ പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്. ലോകബാങ്ക് സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് കേര പ്രോജക്ട്‌സ്. കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ പ്രാപ്തമായ പുതിയ കൃഷിമുറകള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് കേരയുടെ പ്രവര്‍ത്തനം.

ചെറുകിട കര്‍ഷകര്‍ക്കായി 'പ്രൊഡക്റ്റീവ് അലയന്‍സ്'

വിളവെടുപ്പ് കാലത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തതും വിപണി കണ്ടെത്താനുള്ള ബുദ്ധിമുട്ടുകളുമാണ് കേരളത്തിലെ ചെറുകിട കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേത് പോലെ ഏക്കര്‍ കണക്കിന് ഭൂമിയുള്ള വലിയ കമേഴ്‌സ്യല്‍ അഗ്രികള്‍ച്ചര്‍ മാതൃകകള്‍ കേരളത്തില്‍ പ്രായോഗികമല്ല. 25 സെന്റും 50 സെന്റും മാത്രം ഭൂമിയുള്ള ചെറുകിട കര്‍ഷകരാണ് ഇവിടെ ഭൂരിഭാഗവും. ഈ വെല്ലുവിളി മറികടക്കാനാണ് 'പ്രൊഡക്റ്റീവ് അലയന്‍സ്' എന്ന ആശയം മുന്നോട്ടുവെക്കുന്നതെന്ന് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ഡെപ്യൂട്ടി ഡയറക്ടറും കേര പ്രൊക്യുര്‍മെന്റ് ഓഫീസറുമായ സുരേഷ് തമ്പി ധനം ഓണ്‍ലൈനിനോട് പറഞ്ഞു.

അടിമാലിയിലെ കൊക്കോ ഇനി ആഗോള ബ്രാന്‍ഡുകളിലേക്ക്

പദ്ധതിയുടെ ഭാഗമായുള്ള ആദ്യ കരാര്‍ നിലവില്‍ വന്നുകഴിഞ്ഞു. നെസ്ലെ, കാഡ്ബറി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആവശ്യമായ ചോക്ലേറ്റ് നിര്‍മ്മിച്ച് നല്‍കുന്ന എറണാകുളം ആസ്ഥാനമായ 'കൊക്കോ ബീന്‍' (Cocoa Bean) കമ്പനിയും അടിമാലിയിലെ കര്‍ഷകരുടെ കൂട്ടായ്മയായ 'മിരിസ്റ്റിക്ക' (Myristica) ഫാര്‍മര്‍ പ്രൊഡ്യൂസിംഗ് കമ്പനിയും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്.

ഇതിലൂടെ അടിമാലിയിലെ കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന കൊക്കോ പ്രാഥമിക സംസ്‌കരണത്തിന് ശേഷം നിശ്ചിത വിലയ്ക്ക് കൊക്കോ ബീന്‍ കമ്പനിക്ക് നല്‍കും. ഇത് കൂടാതെ, കണ്ണൂരിലെ കര്‍ഷക കമ്പനി നിര്‍മ്മിക്കുന്ന അരി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന പ്രമുഖ അഗ്രി ബിസിനസ് സ്ഥാപനവുമായി കൈകോര്‍ക്കുന്നതടക്കം 9 പ്രൊഡക്റ്റീവ് അലയന്‍സുകള്‍ നിലവില്‍ പൈപ്പ്ലൈനിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് പ്രൊഡക്റ്റീവ് അലയന്‍സ്?

കേരളത്തില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഞ്ഞൂറോളം കര്‍ഷക ഉല്‍പ്പാദക കമ്പനികളില്‍ (FPC - Farmer Producer Companies) നിന്നും സജീവമായി പ്രവര്‍ത്തിക്കുന്ന 150 എണ്ണത്തിനെ തെരഞ്ഞെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു കര്‍ഷക ഉല്‍പ്പാദക കമ്പനിയും വാര്‍ഷിക വിറ്റുവരവ് (Turnover) ചുരുങ്ങിയത് 10 കോടി രൂപയെങ്കിലും ഉള്ള വന്‍കിട അഗ്രി ബിസിനസ് പാര്‍ട്ണറും (ABP), കേര പദ്ധതിയും തമ്മില്‍ ഏര്‍പ്പെടുന്ന ത്രികക്ഷി കരാറാണ് പ്രൊഡക്റ്റീവ് അലയന്‍സ്. കേരളത്തില്‍ ചെറുകിട കര്‍ഷകര്‍ കൂട്ടായ്മകളായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും മൂല്യവര്‍ധന നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് മാര്‍ക്കറ്റിംഗ് വലിയൊരു പ്രതിസന്ധിയാണ്. ഈ വിടവ് നികത്താന്‍ വന്‍കിട വ്യവസായ പങ്കാളികളുമായി കര്‍ഷക കമ്പനികളെ കോര്‍ത്തിണക്കുന്നതിലൂടെ സ്ഥിരവും ന്യായവുമായ വിപണി ഉറപ്പാകുന്നു.

വേര്‍ഹൗസ്, കോള്‍ഡ് സ്റ്റോറേജ്, ആധുനിക മെഷിനറികള്‍, ഫാക്ടറി, വാഹനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി തയ്യാറാക്കുന്ന വിശദമായ പദ്ധതി റിപ്പോര്‍ട്ടിന്റെ (DPR) 60 ശതമാനം തുക (പരമാവധി 2 കോടി രൂപ വരെ) കേര പദ്ധതിയിലൂടെ നല്‍കും. ബാക്കി 40 ശതമാനം തുക എഫ്.പി.സി.യും അഗ്രി ബിസിനസ് പാര്‍ട്ണറും ചേര്‍ന്ന് കണ്ടെത്തണം; ഇതിനായി ബാങ്ക് വായ്പകളോ മറ്റ് പദ്ധതികളോ ക്ലബ്ബ് ചെയ്യാവുന്നതാണ്. ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം, 200 കര്‍ഷക അംഗങ്ങള്‍, 10 ലക്ഷം രൂപ വാര്‍ഷിക വിറ്റുവര്‌വ് എന്നിവയുള്ള എഫ്.പി.സികളെയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. കുറഞ്ഞത് 10 കോടി രൂപ ആനുവല്‍ ടേണോവറുള്ള ചോക്ലേറ്റ്, കോഫി, സ്‌പൈസസ് തുടങ്ങിയ അഗ്രി-ബിസിനസ് മേഖലയിലെ സ്ഥാപനങ്ങള്‍ക്കാണ് ബിസിനസ് പാര്‍ട്ണര്‍ ആകാന്‍ യോഗ്യത. കര്‍ഷകരില്‍ നിന്ന് നേരിട്ട് സംരംഭകരിലേക്ക് ഉല്‍പന്നങ്ങള്‍ എത്തുന്നതിനാല്‍ പരമാവധി ലാഭം കര്‍ഷകര്‍ക്ക് ലഭിക്കുകയും, റോ മെറ്റീരിയലുകള്‍ നേരിട്ട് വില്‍ക്കുന്നതിന് പകരം സംസ്‌കരിച്ച് ഗ്രേഡ് ചെയ്ത് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി

സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും പങ്കാളിത്തം ഉറപ്പാക്കാന്‍ 150 അലയന്‍സുകളെ നോര്‍ത്തേണ്‍, സെന്‍ട്രല്‍, സതേണ്‍ എന്നിങ്ങനെ മൂന്ന് മേഖലകളിലായി വിഭജിച്ചിട്ടുണ്ട്. ഓരോ മേഖലയിലും 50 എണ്ണം വരത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തിന്റെ മധ്യ-വടക്കന്‍ മേഖലകളില്‍ നിന്നുള്ള 9 മുന്‍നിര കര്‍ഷക ഉല്‍പ്പാദക കമ്പനികളും സംരംഭകരും ചേര്‍ന്ന് പ്രാഥമിക ബിസിനസ് പ്ലാനുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. പ്രധാനമായും റബ്ബര്‍, തേങ്ങയും വെളിച്ചെണ്ണയും (മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍), കൊക്കോ, നെല്ല് & അരി ഉല്‍പ്പന്നങ്ങള്‍, ഏത്തവാഴ & പഴവര്‍ഗ്ഗങ്ങള്‍, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ കേന്ദ്രീകരിച്ചാണ് വിപണി ശൃംഖല വികസിപ്പിക്കുന്നത്.

ഓരോ ജില്ലയ്ക്കും വ്യത്യസ്ത കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും മുന്‍ഗണ നല്‍കുന്നുണ്ട്. വയനാട്ടില്‍ കോഫിയും, തൃശൂരില്‍ ഏത്തവാഴയും ജാതിക്കയും, മലപ്പുറത്ത് പച്ചക്കറികളും ഫ്രൂട്ട്‌സും, പത്തനംതിട്ടയില്‍ റംബൂട്ടാന്‍, മാങ്കോസ്റ്റിന്‍ എന്നിവ കേന്ദ്രീകരിച്ചുമാണ്‌ നിലവില്‍ കര്‍ഷക കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതി വെറുമൊരു സാമ്പത്തിക സഹായത്തിലൊതുങ്ങില്ല. ആദ്യത്തെ ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ണ്ണമായി നടപ്പാക്കുകയും തുടര്‍ന്നുള്ള 2 വര്‍ഷം പദ്ധതി സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി സാങ്കേതിക സഹായ ഏജന്‍സിയുടെ (Technical Supporting Agency) സേവനം കേര ലഭ്യമാക്കുകയും ചെയ്യും. ആകെ 3 വര്‍ഷത്തെ കൃത്യമായ 'ഹാന്‍ഡ് ഹോള്‍ഡിംഗ്' പിന്തുണയാണ് അലയന്‍സുകള്‍ക്ക് ലഭിക്കുക. കേരളത്തിലെ കാര്‍ഷിക വിപണിയെ ആധുനിക വ്യവസായ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന കേര പദ്ധതി, അഗ്രി-സ്റ്റാര്‍ട്ടപ്പുകള്‍ക്കും കാര്‍ഷിക സംരംഭകര്‍ക്കും വലിയ സാധ്യതകളാണ് തുറന്നിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com