മെഡിക്കൽ ഉപകരണങ്ങളിൽ കൊച്ചു കേരളമാണ് താരം! 15 ശതമാനവും ഇവിടെ നിന്ന്

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളം രാജ്യത്തെ പ്രമുഖ മെഡിക്കല്‍ ഉപകരണ നിര്‍മാണ കേന്ദ്രമാകും
തോമസ് ജോണ്‍, മാനേജിംഗ് ഡയറക്ടര്‍, അഗാപ്പെ ഡയഗ്‌ണോസ്റ്റിക്‌സ്‌
തോമസ് ജോണ്‍, മാനേജിംഗ് ഡയറക്ടര്‍, അഗാപ്പെ ഡയഗ്‌ണോസ്റ്റിക്‌സ്‌ thomas john, md, agappe
Published on

രാജ്യത്ത് ഏകദേശം 11,000 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് നിര്‍മിക്കുന്നത്. ഇതില്‍ 15 ശതമാനവും കേരളമാണ് സംഭാവന ചെയ്യുന്നതെന്ന് അഗാപ്പെ ഡയഗ്‌ണോസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടറും എ.ഡി.എം.ഐ പ്രസിഡന്റുമായ തോമസ് ജോണ്‍. ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റില്‍ മെഡിക്കല്‍ ടെക്‌നോളജി രംഗത്തെ മാറ്റങ്ങളെയും ഹെല്‍ത്ത് കെയര്‍ രംഗത്തെ അവസരങ്ങളെയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സര്‍ക്കാര്‍ ഈ രംഗത്തിന്റെ മുന്നേറ്റത്തിന് വലിയ പരിഗണന നല്‍കുന്നുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളം രാജ്യത്തെ പ്രമുഖ മെഡിക്കല്‍ ഉപകരണ നിര്‍മാണ കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു.

2047 ഓടെ മെഡിക്കല്‍ ഉപകരണ വ്യവസായം 50,000 കോടിയിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായി ലക്ഷ്യമിടുന്നത്. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് മികച്ച മുന്നേറ്റത്തിനുള്ള അവസരം നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലബോറട്ടറി ഡയഗണോസ്റ്റ്കിസില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് കേരളം ആസ്ഥാനമായുള്ള അഗാപ്പെ ഡയഗണോസ്റ്റിക്‌സ്. ക്ലിനിക്കല്‍ കെമിസ്ട്രി, ഹീമറ്റോളജി, ഇമ്മ്യൂണോളജി ഉപകരണങ്ങളും അവയ്ക്ക് വേണ്ട അനുബന്ധ വസ്തുക്കളും കമ്പനി നിര്‍മിക്കുന്നു.

75 ശതമാനവും ഇറക്കുമതി

ഇന്ത്യയില്‍ നാല് വിഭാഗങ്ങളിലായി ഒരു ലക്ഷം ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ഉപയോഗിക്കുന്ന ലബോറട്ടറി ഉത്പന്നങ്ങളുടെ 25 ശതമാനം മാത്രമാണ് നിലവില്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍മിക്കുന്നത്. 75 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. 10 വര്‍ഷം മുന്‍പ് 85 ശതമാനമായിരുന്നതില്‍ നിന്ന് മാറ്റം വരുത്താന്‍ സാധിച്ചു. രണ്ടര വര്‍ഷം മുന്‍പ് 70 ഇന്ത്യന്‍ നിര്‍മാതാക്കളായി ഈ മേഖലയിലുണ്ടായിരുന്നത് ഇപ്പോള്‍ 120ലെത്തിയതായും അദ്ദേഹം പറഞ്ഞു.

കോവിഡിനുശേഷമാണ് ഇറക്കുമതി കുറയ്ക്കാനായത്. മോളിക്യുലാര്‍ ഡയഗണോസ്റ്റിക്‌സ്, ഓട്ടോമേഷന്‍, എന്‍.എസ്.ജി (നെക്‌സ്റ്റ് ജനറേഷന്‍ സീക്വന്‍സിംഗ്) പോലുള്ള പുതിയ ഡയഗണോസ്റ്റിക്‌സ് ടെക്‌നോളജികള്‍ ഇന്ത്യയില്‍ വികസിക്കാനും കോവിഡ് കാലം കാരണമായതായി തോമസ് ജോണ്‍ പറഞ്ഞു.

പി.എല്‍.ഐ ഗുണകരം

രാജ്യത്ത് നടപ്പാക്കിയ പ്രോഡക്ട് ലിങ്കഡ് ഇന്‍സെന്റീവ് സ്‌കീമുകള്‍ ഈ രംഗത്ത് കൂടുതല്‍ കമ്പനികള്‍ മുന്നോട്ടു വരാന്‍ സഹായകമാകുന്നുണ്ട്. കേരളത്തില്‍ നിന്ന് ഒരു കമ്പനിക്ക് മാത്രമാണ് നിലവില്‍ പി.എല്‍.ഐ പിന്തുണ ലഭിച്ചിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ സഹായം നേടുമെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com