കേരളത്തില്‍ റെസ്റ്റോറന്റുകളില്‍ ഇനി ബിയറും വൈനും? നിര്‍ണായക മദ്യനയം ജൂൺ 4ന് ശേഷം

ഐ.ടിക്ക് പുറമേ വ്യവസായ പാര്‍ക്കുകളിലും മദ്യ വിതരണത്തിന് അനുമതി പരിഗണനയിലുണ്ട്
Beer and wine
Image : Canva
Published on

എന്നുവരും കേരളത്തിന്റെ പുതിയ മദ്യനയം? മദ്യപന്മാര്‍ മാത്രമല്ല, സംസ്ഥാനത്തെ വാണിജ്യ വ്യവസായ ലോകവും ഇതിനായി കണ്ണുംനട്ടിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഐ.ടി പാര്‍ക്കുകളില്‍ മദ്യ വിതരണത്തിന് അനുമതി നല്‍കുമെന്നത് ഉള്‍പ്പെടെ കഴിഞ്ഞ മദ്യനയത്തില്‍ പറഞ്ഞ പലകാര്യങ്ങളും ഇനിയും പ്രാബല്യത്തിലായിട്ടുമില്ല. ഐ.ടി പാര്‍ക്കുകളില്‍ മദ്യ വിതരണത്തിന് ലൈസന്‍സ് എന്നത് രണ്ടുകൊല്ലം മുമ്പേ പറഞ്ഞതായിരുന്നു.

എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്നാണ് നിലവിലെ സൂചനകള്‍. ടൂറിസം മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതാകും പുതിയ മദ്യനയം.

 റെസ്റ്റോറന്റുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

ഒക്ടോബര്‍-ഫെബ്രുവരി കാലയളവിനെ ടൂറിസം സീസണായി കണക്കാക്കി പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകളില്‍ ബീയറും വൈനും വിളമ്പാന്‍ അനുവദിച്ചേക്കും. ഇതിനായി റെസ്റ്റോറന്റുകള്‍ക്ക് പ്രത്യേക ലൈസന്‍സ് അനുവദിക്കും.

2-സ്റ്റാര്‍ ക്ലാസിഫിക്കേഷന് മുകളിലുള്ള റെസ്റ്റോറന്റുകള്‍ക്കായിരിക്കും ലൈസന്‍സ് അനുവദിച്ചേക്കുക. മാത്രമല്ല, ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടല്‍, റിസോര്‍ട്ടുകള്‍ എന്നിവയ്ക്ക് അവയുടെ പറമ്പിലെ തെങ്ങില്‍ നിന്ന് കള്ള് ചെത്തി വിനോദ സഞ്ചാരികള്‍ക്ക് വിളമ്പാനുള്ള പ്രത്യേക ലൈസന്‍സും അനുവദിച്ചേക്കും. ത്രീസ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ബാറുകള്‍ക്കാകും ഇതിന് അനുമതി.

വ്യവസായ പാര്‍ക്കുകളിലും മദ്യം

സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ മദ്യവിതരണത്തിന് അനുമതി നല്‍കുമെന്ന് 2022-23ലെ മദ്യനയത്തിലും പറഞ്ഞിരുന്നെങ്കിലും നടപ്പായിട്ടില്ല. ഇക്കാര്യം ഇക്കുറി പരിഗണിച്ചേക്കാം. പുറമേ സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളിലും മദ്യവിതരണത്തിന് അനുമതി നല്‍കുന്നതും പരിഗണിക്കാൻ സാധ്യതയുണ്ട്.

എന്നുവരും കേരള ബ്രാന്‍ഡ് കള്ള്?

'കേരള ടോഡി' എന്ന ബ്രാന്‍ഡില്‍ കള്ള് വിപണിയിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മദ്യനയത്തില്‍ പ്രഖ്യാപിച്ചതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഇനിയും നടപ്പായിട്ടില്ല.

ധാന്യങ്ങള്‍ ഉപയോഗിച്ച് വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടിയായിട്ടില്ല. കള്ളില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനം പുതിയ നയത്തിലും ഉണ്ടായേക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com