

നമ്മുടെ നാടിനെ എല്ലാ രംഗത്തും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നിരന്തരം ഇവിടെ നടക്കേണ്ടതുണ്ട്. സംസ്ഥാനത്തെ പ്രമുഖരായ മൂന്ന് ബിസിനസ് സാരഥികള്‍ നാട് നന്നാക്കാനുള്ള അവരുടെ ആശയങ്ങള്‍ ഇവിടെ തുറന്നെഴുതുകയാണ്. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍, ലോകത്തെ ഒട്ടനവധി കാര്യങ്ങള്‍ നേരില്‍ കണ്ടവര്‍, കേരളത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമുള്ളവര്‍... ഇങ്ങനെയുള്ളവര്‍ പറയുന്ന കാര്യങ്ങളില്‍ മൗലികതയുണ്ടാകും. പ്രായോഗികവുമായിരിക്കും. ജനക്ഷേമത്തിനൊപ്പം സമ്പത്ത് സൃഷ്ടിക്കുന്നതിലും കേരളം മുമ്പന്തിയിലെത്തിയാല്‍ മാത്രമെ പുതിയ കാലത്തിന് യോജിച്ചൊരു സമൂഹമായി നാം മാറൂ
നാല് കാര്യങ്ങള്‍ മതി, നാട് നന്നാവാന്‍
വി.കെ. മാത്യൂസ് (ഫൗണ്ടര്‍ ആന്‍ഡ് എക്സിക്യൂട്ടിവ് ചെയര്‍ാന്‍, ഐബിഎസ് സോഫ്റ്റ്‌വെയര്‍)
കേരളത്തില്‍ പുതിയൊരു സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ തയാറെടുക്കുമ്പോള്‍, പ്രസക്തമായ ഒരു ചോദ്യം ചോദിക്കാന്‍ പറ്റിയ നിമിഷമാണിത്: അടുത്ത കാല്‍ നൂറ്റാണ്ടില്‍ കേരളത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കാന്‍ പുതിയ സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ എന്തായിരിക്കണം? 2000ത്തിന് ശേഷം ദേശീയ ജിഡിപി എട്ട് മടങ്ങും ജനസംഖ്യ 38 ശതമാനത്തിലധികവും വര്‍ധിച്ചു. ഇന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ഇത് ഏറെ പ്രചോദനാത്മകമാണ്.
കേരളവും പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷേ സാധ്യമാകുമായിരുന്നത്ര എത്തിയില്ല. സാക്ഷരതയിലും ആരോഗ്യരംഗത്തും നേരത്തെ തന്നെ കൈവരിച്ച നേട്ടങ്ങള്‍ ഉണ്ടെങ്കിലും, ആ സാമൂഹിക മൂലധനത്തെ സുസ്ഥിരമായ സാമ്പത്തിക നേട്ടമാക്കി മാറ്റാന്‍ സംസ്ഥാനം പാടുപെടുകയാണ്. ഇന്നത്തെ സ്ഥിതി ആശങ്കാജനകമാണ്. നമ്മുടെ മികച്ച പ്രതിഭകളുടെ അനാരോഗ്യകരമായ കുടിയേറ്റം, കുറഞ്ഞ മൂലധന നിക്ഷേപം, ഇറക്കുമതി ചെയ്യുന്ന സാധനങ്ങളിലുള്ള അമിത ആശ്രയം എന്നിവ നാം നേരിടുന്നു. തദ്ദേശീയ മായ മൂല്യവര്‍ധനയേക്കാളുപരി പ്രവാസികളുടെ പണത്തെ ആശ്രയിച്ചു നില്‍ക്കുന്ന ഒരു സമ്പദ്വ്യവസ്ഥയായി ഇത് മാറി. പുതിയ സര്‍ക്കാര്‍ ഇപ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ പതിറ്റാണ്ടുകളോളം കേരളത്തെ രൂപപ്പെടുത്താനുള്ളതാണ്.
'കേരളം-ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ ഒരു മികച്ച ഇടം.' എന്നതായിരിക്കണം ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, സംസ്ഥാനത്തിന്റെ ഭരണരീതിയില്‍ അടിസ്ഥാനപരമായ മാറ്റം ഉണ്ടാകണം. സര്‍ക്കാര്‍ ഒരു 'ബിസിനസ് ഓപറേറ്റര്‍' ആയിരിക്കുന്ന കാലം അവസാനിക്കണം. പകരം ഒരു 'എനേബ്ളര്‍' എന്ന നിലയില്‍ അതിനുള്ള സാഹചര്യം ഒരുക്കുന്നവരായി മാറണം. സര്‍ക്കാര്‍ താഴെ പറയുന്ന നാല് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ സംരംഭകരായ മലയാളികള്‍ ബാക്കി കാര്യങ്ങള്‍ ചെയ്തുകൊള്ളും.
അടിസ്ഥാന സൗകര്യ വികസനത്തെ രണ്ട് പ്രത്യേക വശങ്ങളിലൂടെ കാണണം:
ശുചിത്വ കേരളം: ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, വൃത്തിയുള്ള ചുറ്റുപാടുകള്‍, ശുദ്ധമായ നദികളും കായലുകളും, ആരോഗ്യകരമായ ജീവിതത്തിന് അനുയോജ്യമായ രീതിയില്‍ ആസൂത്രണം ചെയ്ത നഗരങ്ങള്‍ എന്നിവയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സുരക്ഷിതവും കാര്യക്ഷമവുമായ കേരളം: സുരക്ഷിതവും കാര്യക്ഷമവുമായ റോഡുകള്‍, വേഗത്തിലുള്ള അന്തര്‍-നഗര ഗതാഗതം, സുരക്ഷിതമായ കുടിവെള്ളം, ഭക്ഷണം, ശക്തമായ ദുരന്തനിവാരണ സംവിധാനങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
പ്രതിഭകളുടെ ധാരാളിത്തമാണ് കേരളത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ അവസരം. എന്നാല്‍ നിലവില്‍ അത് ഏറ്റവും വലിയ ദൗര്‍ബല്യവുമാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു അടിസ്ഥാനപരമായ അഴിച്ചുപണി ആവശ്യമാണ്. അവ രാഷ്ട്രീയ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുകയും അക്കാദമിക്-ഗവേഷണ മികവിന് മാത്രം മുന്‍ഗണന നല്‍കിക്കൊണ്ട് ഭരിക്കപ്പെടുകയും വേണം.
ഇന്ത്യയുടെ പരമാധികാരത്തിന്റെ ഭാവി സാങ്കേതിക സ്വയംഭരണത്തെ (technology autonomy) ആശ്രയിച്ചിരിക്കുന്നു. നിലവില്‍ നാം സാങ്കേതികവിദ്യയുടെ സ്രഷ്ടാക്കളേക്കാള്‍ ഉപഭോക്താക്കളാണ്. ആഗോളതലത്തില്‍ പ്രാധാന്യമുള്ള മേഖലകളില്‍ ലോകോത്തര ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച്, വരാനിരിക്കുന്ന ഗവേഷണ-വികസന മുന്നേറ്റങ്ങളെ കേരളം പ്രയോജനപ്പെടുത്തണം.
സര്‍ക്കാരിന് ചെയ്യാവുന്ന ഏറ്റവും ചെലവ് കുറഞ്ഞ ഇടപെടലാണ് നയ പരിഷ്‌കരണം. നമ്മുടെ പല നിയമങ്ങളും കാലഹരണപ്പെട്ടതും വിപരീത ഫലം നല്‍കുന്നതുമാണ്. സംരംഭങ്ങള്‍ക്ക് തഴച്ചുവളരാനുള്ള സാഹചര്യം ഒരുക്കുന്നതിലും നമ്മുടെ യുവാക്കളെ ഇവിടെത്തന്നെ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന മികച്ച ശമ്പളമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ആയിരിക്കണം പരിഷ്‌കാരങ്ങളിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
ഒരു പരിഷ്‌കൃത സമൂഹം വിലയിരുത്തപ്പെടുന്നത് അവിടുത്തെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളോട് അത് എങ്ങനെ പെരുമാറുന്നു എന്നതിലൂടെയാണ്. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന് മാതൃകയാണെങ്കിലും, മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള നമ്മുടെ പിന്തുണ സംവിധാനങ്ങള്‍ ശക്തവും കൃത്യമായ ലക്ഷ്യമുള്ളതും സാമ്പത്തികമായി സുസ്ഥിരവുമാണെന്ന് ഉറപ്പാക്കണം.
- സാമ്പത്തിക അച്ചടക്കം: ഈ കാഴ്ചപ്പാട് നടപ്പാക്കുന്നതിന് സാമ്പത്തികമായ കരുത്ത് ആവശ്യമാണ്. അതാണ് നിലവില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നാം കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിക്കുകയും സംസ്ഥാന വരുമാനം വര്‍ധിപ്പിക്കുകയും ധൂര്‍ത്ത് അവസാനിപ്പിക്കുകയും വേണം. പൊതുജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും നല്‍കാത്ത, നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപ നങ്ങളുടെയും കോര്‍പറേഷനുകളുടെയും പരിഷ്‌കരണം ഇതില്‍ ഉള്‍പ്പെടുന്നു. ഇത് പ്രയാസകരമാണെങ്കിലും അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ സാമ്പത്തിക വിവേകത്തെ മറികടക്കാന്‍ ഇനി അനുവദിക്കരുത്.
- കേരളത്തിന് വേണ്ടത് ഭരണതന്ത്രജ്ഞത: പലപ്പോഴും കേരളം സ്വന്തം രാഷ്ട്രീയ പ്രക്രിയകളുടെ ഇരയായി മാറിയിട്ടുണ്ട്. പൊതു സംവാദങ്ങളില്‍ ഭൂരിഭാഗവും ദീര്‍ഘകാല സാമൂഹിക പുരോഗതിക്ക് പകരം തെരഞ്ഞെടുപ്പ് തന്ത്രങ്ങളാല്‍ നയിക്കപ്പെടുന്നവയാണ്. ഇത് സംസ്ഥാനത്തിനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ല.
നിലവിലുള്ള സ്ഥിതിവിശേഷത്തെ വെല്ലുവിളിക്കാന്‍ തയാറുള്ള ധീരമായ നേതൃത്വത്തെയാണ് കാലം ആവശ്യപ്പെടുന്നത്. അത്തരം ഒരു നേതൃത്വത്തിന് പൊതുജനങ്ങളില്‍ നിന്ന് മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളില്‍ നിന്നും പിന്തുണ ലഭിക്കും. മലയാളികള്‍ മികവിനെയും ആത്മാര്‍ത്ഥമായ ഉദ്ദേശ്യങ്ങളെയും തിരിച്ചറിയുന്നവരാണ്. ഇതൊരു നിര്‍ണായക കാലഘട്ടമാണ്. വ്യക്തതയോടും ദൃഢനിശ്ചയത്തോടും കൂടി ഭരിക്കാനും നമ്മുടെ സംസ്ഥാനത്തെ ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ ഒരു മികച്ച ഇടമാക്കി മാറ്റാനും കഴിയുന്ന ഭരണതന്ത്രജ്ഞരെയാണ് കേരളത്തിന് ആവശ്യം.
ജോണ്‍ കെ പോള്‍ (ഡയറക്റ്റര്‍, പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസ്, മുന്‍ പ്രസിഡന്റ്, FADA and TiE Kerala)
ഏതൊരു സാധാരണ പ്രഭാതത്തിലും ചുറ്റും തെങ്ങുകളും മഞ്ഞ് മൂടിയ കുന്നുകളുമുള്ള തന്റെ വീട്ടിലിരുന്ന് ഒരു മലയാളി യുവാവ് ആഗോളതലത്തിലുള്ള ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുന്നത് നമുക്ക് കാണാം. ജോലി അന്തര്‍ദേശീയമാണ്, ലക്ഷ്യങ്ങള്‍ ആഗോളമാണ്. പക്ഷേ ജീവിതം തന്റെ വേരുകളിലുറച്ചതാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് കേരളത്തിന് ആര്‍ജിക്കാന്‍ കഴിയുന്ന പുതിയൊരു വികസന മാതൃകയുടെ നേര്‍ക്കാഴ്ചയാണ്. ഉയര്‍ന്ന സാക്ഷരത, മികച്ച ആരോഗ്യ സംവിധാനം, സാമൂഹിക തുല്യത, ഉയര്‍ന്ന ജീവിതനിലവാരം തുടങ്ങി പല മേഖലകളും കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ കേരളം ഇതിനകം നേടിയെടുത്തു കഴിഞ്ഞു. അഭിമാനകരമായ നേട്ടമാണിത്. അതേസമയം, ഇന്ന് പുതിയൊരു ചോദ്യം ഉയര്‍ന്നുവരുന്നു.
കേരളത്തിലെ യുവതലമുറ കേവലം സുരക്ഷിതമായ ഒരു ജീവിതം മാത്രമല്ല ആഗ്രഹിക്കുന്നത്; മറിച്ച് പുതിയ അവസരങ്ങളും ആഗോളതലത്തിലുള്ള ശ്രദ്ധയും പ്രസക്തിയുമാണ് അവര്‍ ലക്ഷ്യമിടുന്നത്. ഭൂമിശാസ്ത്രപരമായ പരിമിതികളില്ലാതെ സ്വന്തം നാട്ടിലിരുന്ന് ഭാവി കെട്ടിപ്പടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഈ സന്ദര്‍ഭം നമുക്ക് മുന്നില്‍ ശക്തമായൊരു അവസരം തുറന്നുതരുന്നു: വളര്‍ച്ചക്കായി നാടുവിടേണ്ട ആവശ്യമില്ലാത്ത ഒരിടമായി കേരളത്തിന് മാറാന്‍ കഴിയുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം കേരള വികസനത്തിന്റെ അടുത്തഘട്ടത്തെ നിര്‍ണയിക്കും.
ലോകത്തെവിടെ നിന്നും ജോലി ചെയ്യാവുന്ന ഒരു ആഗോള കേന്ദ്രമായി കേരളത്തിന് മാറാന്‍ കഴിയും. വയനാട് മുതല്‍ മൂന്നാര്‍ വരെയുള്ള തോട്ടം മേഖലകളെയും മനോഹരമായ പ്രദേശങ്ങളെയും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമുള്ള 'ഡിജിറ്റല്‍ വര്‍ക്ക് ഹബ്ബുകളായി' വികസിപ്പിക്കാം. അവിടെ താമസം, ജോലിസ്ഥലം, മികച്ച കണക്റ്റിവിറ്റി എന്നിവ ഒരുപോലെ ലഭ്യമാക്കണം.
ബാലിയിലും പോര്‍ച്ചുഗലിന്റെ ചില ഭാഗങ്ങളിലും കാണുന്ന ഇത്തരം സംവിധാനങ്ങള്‍ പ്രകൃതിക്ക് കോട്ടം തട്ടാതെ തന്നെ ആഗോള പ്രൊഫഷണലുകളെ ആകര്‍ഷിക്കാനും സുസ്ഥിരമായ വരുമാനം ഉറപ്പാക്കാനും സഹായിക്കും. തോട്ടം മേഖലകളെ കൃഷി, ഇക്കോ ടൂറിസം, വെല്‍നസ്, നോളജ് വര്‍ക്ക് എന്നിവ സംയോജിപ്പിച്ചുകൊണ്ട് കൂടുതല്‍ മൂല്യമുള്ള മേഖലകളാക്കി മാറ്റാം.
സംരംഭങ്ങള്‍ തുടങ്ങുന്നതും വളര്‍ത്തുന്നതും എളുപ്പമാക്കുന്നതിലൂടെ സംരംഭകത്വത്തെ ശക്തിപ്പെടുത്താം. ലോകമെമ്പാടുമുള്ള പ്രവാസികളുമായുള്ള ബന്ധവും നമ്മുടെ മാനവശേഷിയും ഉപയോഗപ്പെടുത്തി, കേരളത്തെ ഒരു 'തൊഴില്‍ അന്വേഷണ സമ്പദ് വ്യവസ്ഥ'യില്‍ നിന്ന് ആഗോള വരുമാനം ആകര്‍ഷിക്കുന്ന ഇടമാക്കി മാറ്റാന്‍ സാധിക്കും. കൊച്ചിയിലിരുന്ന് യൂറോപ്പിനായി പ്രവര്‍ത്തിക്കുന്ന ഒരു ഡിസൈന്‍ സ്ഥാപനമോ, തിരുവനന്തപുരത്തിരുന്ന് ഏഷ്യക്കായി നിര്‍മിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പോ തികച്ചും സ്വാഭാവികമായ ഒന്നായി മാറണം. അനിമേഷന്‍, ഗെയിമിങ്, ക്രിയേറ്റീവ് ടെക്‌നോളജി തുടങ്ങിയ കുറഞ്ഞ ഭൂമി ആവശ്യമുള്ളതും, എന്നാല്‍ ആഗോളതലത്തില്‍ വലിയ മൂല്യമുള്ളതുമായ വ്യവസായങ്ങളെയും വളര്‍ത്താം.
ടൂറിസമെന്നത് കേവലം കാഴ്ചകള്‍ കാണുന്നതില്‍ നിന്ന് മാറി, പങ്കാളിത്ത സ്വഭാവമുള്ള ഒന്നായി മാറണം. കാരവന്‍ ട്രാവല്‍ നെറ്റ്വര്‍ക്കുകള്‍, ക്യാമ്പിങ് സര്‍ക്യൂട്ടുകള്‍, മൗണ്ടന്‍ ബൈക്കിങ് പാതകള്‍, നിയന്ത്രിതമായ ഓഫ്-റോഡിങ് റൂട്ടുകള്‍ എന്നിവ ഗ്രാമീണ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കും. തിരഞ്ഞെടുത്ത മേഖലകളില്‍ ഉത്തരവാദിത്തത്തോട് കൂടിയ 'നൈറ്റ്-ടൈം ഇക്കോണമി' നടപ്പിലാക്കുന്നത് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കും. അത്തരം പദ്ധതികള്‍ അവസരങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തങ്ങളും കൊണ്ടുവരുന്നു.
യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന്, മദ്യപാന ശീലങ്ങള്‍ എന്നിവയെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇത് സ്‌കൂളുകളില്‍ നിന്നും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെയുള്ള തുറന്ന ചര്‍ച്ചകളില്‍ നിന്നും തുടങ്ങണം. ശരിയായ ലക്ഷ്യബോധവും ദിശയും അവര്‍ക്ക് നല്‍കണം. സംരംഭകത്വം, കായികം, സര്‍ഗാത്മക മേഖലകള്‍, നൈപുണ്യ വികസനം എന്നിവയില്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ യുവജനത അവരുടെ ഊര്‍ജം പോസിറ്റീവ് ആയി ഉപയോഗിക്കും.
ഹോസ്പിറ്റാലിറ്റി മേഖലയില്‍ മദ്യനയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പുരോഗമനപരവും സുതാര്യവുമായ സമീപനം സ്വീകരിക്കണം. കേരളത്തെ വെല്‍നസ്, റിക്കവറി, ലോങ് സ്റ്റേ ലിവിങ് എന്നിവയുടെ കേന്ദ്രമായി മാറ്റാം. ഇവിടുത്തെ കാലാവസ്ഥയും ആരോഗ്യ സംവിധാനങ്ങളും ഇതിന് അനുയോജ്യമാണ്. സുതാര്യവും സമയബന്ധിതവും സ്ഥിരതയുള്ളതുമായ ഭരണസംവിധാനം പൗരന്മാര്‍ക്കും ബിസിനസുകള്‍ക്കും ആത്മവിശ്വാസം നല്‍കും. അനാവശ്യ കാലതാമസമോ, തടസങ്ങളോ ഇല്ലാതെ ജോലികള്‍ നടക്കണം. ഇത് തൊഴിലാളികളുടെ അന്തസ്സും സംരംഭകര്‍ക്ക് ആത്മവിശ്വാസവും ഉറപ്പാക്കും.
ഡിജിറ്റല്‍ ഗവേണന്‍സിലൂടെ സേവനങ്ങളെ ഏകോപിപ്പിക്കാനും ഇടനിലക്കാരെ ഒഴിവാക്കാനും പ്രവര്‍ത്തനങ്ങളില്‍ സ്ഥിരത ഉറപ്പാക്കാനും സാധിക്കും.
മെച്ചപ്പെട്ട ഗതാഗതം, ലോജിസ്റ്റിക്‌സ്, ആസൂത്രണം എന്നിവയിലൂടെ നഗരങ്ങളെ കൂടുതല്‍ വൃത്തിയുള്ളതും കാര്യക്ഷമവും താമസയോഗ്യവുമായ ഇടങ്ങളായി മാറ്റാം. ഇത് ദൈനംദിന ജീവിതം കൂടുതല്‍ സുഗമവും ഉല്‍പാദനക്ഷമവുമാക്കും.
കേരളത്തിന്റെ ദീര്‍ഘകാല മാറ്റത്തിന് ഏറ്റവും വലിയ അവസരം നല്‍കുന്നത് വിദ്യാഭ്യാസ മേഖലയാണ്. വെല്‍നസ്, എഐ അസിസ്റ്റഡ് ലേണിങ്, ക്രിയേറ്റീവ് ആര്‍ട്സ്, സ്‌പോര്‍ട്‌സ് സയന്‍സ്, കാലാവസ്ഥ പഠനം തുടങ്ങിയ ആഗോളതലത്തില്‍ ആവശ്യക്കാരുള്ള പുതിയ മേഖലകളില്‍ കേരളത്തിന് നേതൃത്വം വഹിക്കാനാകും.
പഠനത്തോടൊപ്പം പ്രായോഗിക പരിചയം കൂടി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക്, തൊഴില്‍ വിപണിക്ക് ഉടനടി പ്രയോജനപ്പെടുന്ന രീതിയിലുള്ള ഉദ്യോഗാര്‍ത്ഥികളെ സൃഷ്ടിക്കാന്‍ കഴിയും. സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കേ സംരംഭകത്വ മനോഭാവം വളര്‍ത്തിയെടുക്കുന്നത് വിദ്യാര്‍ത്ഥികളെ പ്രതിസന്ധികളെ നേരിടാന്‍ പ്രാപ്തരാക്കും.
വിളകളുടെ തിരഞ്ഞെടുപ്പ്, ലീസിങ് സൗകര്യങ്ങള്‍, ടൂറിസവും സംസ്‌കരണവുമായി കൃഷിയെ ബന്ധിപ്പിക്കല്‍ എന്നിവയിലൂടെ ഉല്‍പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാം. ശാസ്ത്രീയമായ രീതിയിലൂടെ പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം ഭൂമിയുടെ ഉല്‍പാദനക്ഷമത ഉറപ്പാക്കണം. കേരളം പുതുതായി ഒന്നും കണ്ടെത്തേണ്ടതില്ല.
നമ്മുടെ കരുത്തായ ജനങ്ങളും മൂല്യങ്ങളും പ്രകൃതിഭംഗിയും ഇവിടെയുണ്ട്. ഇപ്പോള്‍ വേണ്ടത് ഒരു മാറ്റമാണ്: കൈവശമുള്ളവ സംരക്ഷിക്കുക എന്നതില്‍ നിന്ന് കൂടുതല്‍ സാധ്യതകള്‍ തുറന്നിടുന്നതിലേക്കുള്ള മാറ്റം. ശരിയായ ചുവടുവെപ്പുകളിലൂടെ കേരളത്തിന് കേവലം 'താമസിക്കാന്‍ നല്ല ഇടം' എന്നതിനപ്പുറം, ആളുകള്‍ നില്‍ക്കാനും മടങ്ങിവരാനും ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന ഇടമായി മാറാന്‍ കഴിയും.
ഡോ. കെ. പോള്‍ തോമസ് (എംഡി ആന്‍ഡ് സിഇഒ, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്)
മെയ് മാസത്തില്‍ പുതിയൊരു സര്‍ക്കാരിനെ സ്വീകരിക്കാന്‍ കേരളം ഒരുങ്ങുമ്പോള്‍, സംസ്ഥാനം നിര്‍ണായകമായ സാമ്പത്തിക സന്ധിയിലാണ്. പൊതുമുതല്‍ എത്രമാത്രം ചെലവഴിക്കുന്നു എന്നതിലുപരി, ഓരോ രൂപയും വികസനത്തിനായി ലക്ഷ്യബോധത്തോടെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് പുതിയ സര്‍ക്കാരിന് മുന്നിലുള്ള ചോദ്യം. സുസ്ഥിരമായ പുരോഗതിയെന്നത് ജനങ്ങള്‍ (People), ഭൂമി (Planet), അഭിവൃദ്ധി (Prospertiy) എന്നീ മൂന്ന് ഘടകങ്ങളിലൂടെയായിരിക്കണമെന്ന് ഇസാഫ് വിശ്വസിക്കുന്നു. ആ കാഴ്ചപ്പാടില്‍, പുതിയ സര്‍ക്കാര്‍ നല്‍കേണ്ട മുന്‍ഗണനകള്‍ ഇവയാണ്:
കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ഇവിടുത്തെ ജനങ്ങളാണ്. പുതിയ സര്‍ക്കാര്‍ അവര്‍ക്കായി കൂടുതല്‍ ഊര്‍ജസ്വലതയോടെ നിക്ഷേപം നടത്തണം. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പുറമെ, നൈപുണ്യ വികസനത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. സേവന മേഖലക്കൊപ്പം ഉല്‍പാദന മേഖലക്കും തുല്യ പ്രാധാന്യം നല്‍കണം. പ്രത്യേകിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്.
'ഈസ് ഓഫ് ഡൂയിങ് ബിസിനസി'ലൂടെ പുതിയ സംരംഭകരെ ആകര്‍ഷിക്കാനും ഗ്രാമീണ തലത്തില്‍ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിലൂടെ നിലവിലുള്ള സംരംഭങ്ങളെ ശക്തിപ്പെടുത്താനും സാധിക്കും.സാമ്പത്തിക വളര്‍ച്ച തൊഴിലവസരങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കണമെന്നില്ലാത്തതിനാല്‍, തൊഴില്‍ സൃഷ്ടിയെ ഒരു പ്രത്യേക മുന്‍ഗണന വിഷയമായി തന്നെ കാണണം. നഗര-ഗ്രാമ വികസനം സന്തുലിതമാക്കാന്‍ നിരന്തരം പരിശ്രമിക്കണം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ സന്തുലിതാവസ്ഥ ഗണ്യമായി ശക്തിപ്പെടുത്താന്‍ കഴിയും.
എംഎസ്എംഇകള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതും കയറ്റുമതി മേഖലയെ ശക്തിപ്പെടുത്തുന്നതും പ്രാദേശിക ഉല്‍പാദകര്‍ക്ക് ആഗോള വിപണികളിലേക്ക് പ്രവേശനം നേടാനും മത്സരിക്കാനും സഹായിക്കും. കര്‍ഷകരുടെ വിലപേശല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനും വിപണികളിലേക്കും സേവനങ്ങളിലേക്കുമുള്ള അവരുടെ പ്രവേശനം സുഗമമാക്കുന്നതിനും സഹകരണ പ്രസ്ഥാനങ്ങളെശക്തിപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യവും വിദ്യാഭ്യാസവും വിട്ടുവീഴ്ചയില്ലാത്ത മുന്‍ഗണനകളായി തുടരണം.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ മികവിന്റെ കേന്ദ്രങ്ങളായി മാറാന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കണം. ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനായി ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കേണ്ടതുണ്ട്. ടോയ്ലറ്റുകള്‍, പാര്‍ക്കുകള്‍ മുതല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, റെസ്റ്റൊറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതു അടിസ്ഥാന സൗകര്യങ്ങളില്‍ ഉയര്‍ന്ന ശുചിത്വ-ആരോഗ്യ നിലവാരം ഉറപ്പാക്കുന്നത് എല്ലാ പൗരന്മാരുടെയും ജീവിതനിലവാരം അര്‍ത്ഥവത്തായ രീതിയില്‍ ഉയര്‍ത്താന്‍ സഹായിക്കും.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സര്‍ക്കാര്‍ ഒരു സഹായിയായി (enabler) പ്രവര്‍ത്തിക്കുകയും സ്വകാര്യ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും വേണം. ഒരു 'ഹബ്ബ്-ആന്‍ഡ്-സ്‌പോക്ക്' മാതൃകയില്‍ നടപ്പിലാക്കുന്ന ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ നയം തൊഴില്‍ സൃഷ്ടിക്ക് വേഗത കൂട്ടും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവ ഹബ്ബുകളായും, മറ്റ് ജില്ലകള്‍ അവയുമായി ബന്ധപ്പെട്ട സ്‌പോക്കുകളായും പ്രവര്‍ത്തിക്കാം. സംസ്ഥാനത്ത് ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്ന രീതിയിലായിരിക്കണം ഈ നയം. കൂടാതെ, കൃഷി-ഗ്രാമീണ ടൂറിസം, വയോജന പരിരക്ഷ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
സമീപകാലത്തുണ്ടായ പ്രളയങ്ങളും ഉരുള്‍പൊട്ടലുകളും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളും നമുക്ക് നല്‍കുന്ന ശക്തമായ മുന്നറിയിപ്പ്, പരിസ്ഥിതി പ്രതിരോധം എന്നത് ഒരു ആഡംബരമല്ല,മറിച്ച് അനിവാര്യതയാണ് എന്നാണ്. പരിസ്ഥിതി സംരക്ഷണത്തിനും ഗവേഷണത്തിനുമായി ബജറ്റില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് പുതിയ സര്‍ക്കാര്‍ ഉറപ്പാക്കണം.
ഗവേഷണത്തിനും വികസനത്തിനും നല്‍കുന്ന അതേ പ്രാധാന്യം പരിസ്ഥിതിക്കും കാലാവസ്ഥ സംരക്ഷണത്തിനും നല്‍കേണ്ടതുണ്ട്. മണ്ണ്-ജല സംരക്ഷണത്തിനായി കൂടുതല്‍ ബജറ്റ് വിഹിതം അനുവദിക്കണം. ഗ്രാമീണ സുസ്ഥിരതയുടെ തൂണായി ക്ഷീരവികസന മേഖലയെയും കാണണം. ജനങ്ങളുടെ ജീവിതനിലവാരവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി ശുദ്ധജല ലഭ്യതക്കും ശുചിത്വത്തിനും കൂടുതല്‍ ശ്രദ്ധ നല്‍കണം. നിലവില്‍ സര്‍ക്കാര്‍ ചെലവുകളുടെ 70 ശതമാനത്തോളം റോഡുകള്‍ക്കും പുനരുപയോഗ ഊര്‍ജത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സാമൂഹികവും പാരിസ്ഥിതികവുമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൂടുതല്‍ സന്തുലിതമായ വിഹിതം മാറ്റിവെക്കേണ്ടതുണ്ട്.
സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് എംഎസ്എംഇകള്‍ക്കായി പരിസ്ഥിതി സൗഹൃദ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്ന സാഹചര്യംഒരുക്കണം. ഇത്തരം സമീപനം ആഗോളതലത്തിലുള്ള ഇഎസ്ജി (Environmental, Social and Governance) മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കേരളത്തെ ഉത്തരവാദിത്തമുള്ള ഒരു വ്യവസായ കേന്ദ്രമായി അടയാളപ്പെടുത്തുന്നതിനും സഹായിക്കും.
കേരളത്തിന് തന്ത്രപ്രധാനമായ ആസ്തികളുണ്ടെങ്കിലും അവ ഇനിയും ശരിയായരീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്തെ അപൂര്‍വ ധാതുക്കളുടെ ശേഖരവും പുനരുപയോഗ ഊര്‍ജ സാധ്യതകളും ദീര്‍ഘകാല വളര്‍ച്ചക്കുള്ള വലിയ അവസരങ്ങളാണ്. ഇവ ആസൂത്രിതമായി വികസിപ്പിച്ചെടുക്കണം. ദേശീയപാത 66നോട് ചേര്‍ന്ന് 'റെയര്‍ എര്‍ത്ത് കോറിഡോറും' ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക് പാര്‍ക്കുകളും പുതിയ സര്‍ക്കാര്‍ വേഗത്തില്‍ നടപ്പിലാക്കണം. അതോടൊപ്പം വിഴിഞ്ഞം-കൊച്ചി സാമ്പത്തിക ഇടനാഴിയുടെ വികസനത്തിന് അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രഥമ പരിഗണന നല്‍കണം.
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും ഇതേ വേഗതയില്‍ വികസിപ്പിക്കേണ്ടതുണ്ട്. ഉല്‍പാദന-സേവന മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തുന്നത് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും ഉയര്‍ന്ന മൂല്യമുള്ള ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കാനുംസഹായിക്കും. ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ വ്യാപിപ്പിക്കുന്നത് സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ശക്തിപ്പെടുത്തും. ഈ മുന്നേറ്റം സംസ്ഥാനം പ്രയോജനപ്പെടുത്തണം.
പ്രാദേശികവും സുസ്ഥിരവുമായ സാമ്പത്തിക വികസന പദ്ധതികള്‍ ഏറ്റെടുക്കാന്‍ പഞ്ചായത്തുകളെയും മുന്‍സിപ്പല്‍ കോര്‍പറേഷനുകളെയും കൂടുതല്‍ ശക്തിപ്പെടുത്തണം. കൂടാതെ, മുന്‍സിപ്പല്‍ ബോണ്ടുകള്‍, ഗ്രീന്‍ ബോണ്ടുകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഇത്തരം പദ്ധതികള്‍ക്കായി മൂലധന വിപണിയില്‍ നിന്ന് പണം സമാഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തരാക്കണം.
മെട്രോ റെയില്‍ ശൃംഖല ദൂരസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് (നിര്‍ദിഷ്ട തൃശൂര്‍-ആലുവ കണക്റ്റിവിറ്റി ഉള്‍പ്പെടെ) ഹൈവേകളിലെ തിരക്ക് കുറക്കുകയും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. താങ്ങാനാവുന്ന വിലയിലുള്ള ഭവന പദ്ധതികള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കുന്നത് ഉള്‍ക്കൊള്ളുന്ന നഗരവികസനത്തെ പിന്തുണക്കുകയും അഭിവൃദ്ധി ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
കേരളത്തിന്റെ മികച്ച സാമൂഹിക സൂചികകളും കുറഞ്ഞ വ്യാവസായിക ഉല്‍പാദനവും തമ്മിലുള്ള വ്യത്യാസം കുറക്കുകയെന്നത് വെല്ലുവിളിയും അതേസമയം അവസരവുമാണ്. ഈ മൂന്ന് കാര്യങ്ങളില്‍ (ജന ങ്ങള്‍, ഭൂമി, അഭിവൃദ്ധി) പുതിയ സര്‍ക്കാര്‍ വ്യക്തതയോടും ദൃഢനിശ്ചയത്തോടും കൂടി പ്രവര്‍ത്തിക്കുകയാണെങ്കില്‍ കേരളത്തിന് ഇന്ത്യയിലെ ഒരു മാതൃക സംസ്ഥാനം എന്നതിലുപരി സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സാമ്പത്തിക ഭരണനിര്‍വഹണത്തിന്റെ ആഗോള മാതൃകയായി മാറാന്‍ സാധിക്കും.
മേയ് 15 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine