

ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ രണ്ടാം സ്ഥാനത്താണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖല. രാജ്യത്ത് ഏകദേശം 38.9 കോടി പേര്‍ ഈ മേഖലയില്‍ നിന്ന് ഉപജീവനമാര്‍ഗം കണ്ടെത്തുന്നുണ്ടെന്നാണ് കണക്ക്. ജിഡിപി യുടെ 31.1% സംഭാവന ചെയ്യുന്ന എംഎസ്എംഇ മേഖലയില്‍ നിന്നാണ് രാജ്യത്തിന്റെ ആകെ കയറ്റുമതിയുടെ 48.58 ശതമാനവും. കേരളത്തിലും എംഎസ്എംഇ മേഖലയില്‍ ലക്ഷക്കണക്കിനാളുകള്‍ ജോലി ചെയ്യുന്നുണ്ട്.
എന്നാല്‍ കണക്കുകളിലെ ഈ തിളക്കമൊന്നും ഈ മേഖലയിലില്ലെന്നതാണ് സത്യം. ചെറുകിട വ്യവസായ മേഖല പല പ്രശ്നങ്ങളാല്‍ നട്ടംതിരിയുകയാണ്. നിരവധി വര്‍ഷങ്ങളായി അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പുതിയവ ഉയര്‍ന്നുവരികയും ചെയ്യുന്നു. കേരളത്തിലെ ചെറുകിട വ്യവസായികള്‍ ഉയര്‍ത്തുന്ന ചില പ്രശ്നങ്ങള്‍ പരിശോധിക്കാം.
സാങ്കേതിക പരിജ്ഞാനം ആവശ്യമായ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പ്രവര്‍ത്തനത്തിന് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കുന്നത് വലിയ വെല്ലുവിളിയാണ്. ഐടിഐ പോലുള്ള സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌ക്കാരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും പുതുതലമുറയെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല.
ഐടിഐ, പോളിടെക്നിക് പോലെയുള്ള കോഴ്‌സുകളുടെ സാങ്കേതിക വിദ്യാഭ്യാസം കൂടുതല്‍ ശക്തിപ്പെടുത്തുകയും ഡിപ്ലോമ കോഴ്സുകള്‍ ബിരുദ തലത്തിലേക്ക് ഉയര്‍ത്തുകയും വേണം. കൂടാതെ ജില്ലാതല ലേബര്‍ ബാങ്കുകളും ഓണ്‍ലൈന്‍ പോര്‍ട്ടലും ആരംഭിച്ച് വ്യവസായ സ്ഥാപനങ്ങള്‍ക്ക് വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കണം.
പൊതുമേഖലയിലടക്കം വലിയ തോതില്‍ സാധനങ്ങള്‍ വാങ്ങുന്ന സ്ഥാപനങ്ങളില്‍ നിന്ന് സമയബന്ധിതമായി പണം ലഭിക്കാത്തത് ചെറുകിട സംരംഭകര്‍ക്ക് ഗുരുതര സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഇത് പ്രവര്‍ത്തന മൂലധനത്തിന്റെ കുറവിലേക്കും പലപ്പോഴും നഷ്ടത്തിലേക്കും നയിക്കുന്നു. ഇത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന എംഎസ്എംഇ ഫസിലിറ്റേഷന്‍ കൗണ്‍സിലുകള്‍ കേരളത്തില്‍ പര്യാപ്തമല്ല.
ഇത് സംബന്ധിച്ച തര്‍ക്കങ്ങളും കുടിശ്ശിക സംബന്ധമായ പ്രശ്നങ്ങളും വേഗത്തില്‍ പരിഹരിക്കുന്നതിനായി ഓരോ ജില്ലയിലും എംഎസ്എംഇ ഫസിലിറ്റേഷന്‍ കൗണ്‍സിലുകള്‍ സ്ഥാപിക്കണം.
പല ചെറുകിട വ്യവസായങ്ങളും പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ആവശ്യമായ പ്രവര്‍ത്തന മൂലധനം ലഭ്യമാകാതെ പ്രതിസന്ധിയിലാകുന്നു. ബാങ്കുകളുടെ വായ്പ നടപടികളും വ്യവസ്ഥകളും കൂടുതല്‍ ലളിതമാക്കേണ്ടതുണ്ട്. കേരളത്തിന്റെ ക്രെഡിറ്റ്-ഡെപ്പോസിറ്റ് റേഷ്യോ 72.88 ശതമാനമാണ്. ആന്ധ്രയുടേത് 154.04ഉം തെലങ്കാനയുടേത് 128.58ഉം തമിഴ്നാടിന്റേത് 126 ശതമാനവും ഒക്കെ ആയിരിക്കുമ്പോഴാണിത്. കേരളത്തിന്റെ പണം മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് ലഭിക്കുന്നത്. പല ബാങ്കുകളും കടം നല്‍കുന്നില്ല. നല്‍കുന്നവ പോലും വലിയ ഈട് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍)യെ പോലുള്ള ചുരുക്കം സംവിധാനങ്ങള്‍ കുറഞ്ഞ പലിശക്ക് വായ്പ നല്‍കുന്നുമുണ്ട്. അത് വ്യാപകമാക്കണം.
കര്‍ഷകര്‍ക്ക് ലഭിക്കുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മാതൃകയില്‍ 5-6% പലിശ നിരക്കില്‍ എംഎസ്എംഇ ഗോള്‍ഡ് ലോണ്‍/വര്‍ക്കിങ് ക്യാപിറ്റല്‍ സ്‌കീം ആരംഭിക്കണം. സര്‍ക്കാറിന്റെ ഇഎസ്എസ് വിതരണവും 2023 മുതല്‍ വൈകുകയാണ്. കൃത്യസമയത്ത് സാമ്പത്തിക പിന്തുണയില്ലാതെ പല വ്യവസായങ്ങളും വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്.
ബിസിനസ് സുഗമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വ്യവസായ പാര്‍ക്കുകള്‍ക്ക് നല്‍കേണ്ട സബ്‌സിഡി കാലതാമസമില്ലാതെ വിതരണം ചെയ്യണം.
ഓരോ വ്യവസായ പാര്‍ക്കിനും മൂന്ന് കോടി രൂപയായി നിശ്ചയിച്ചിട്ടുള്ള സബ്‌സിഡിയുടെ ഉയര്‍ന്ന പരിധി പരിഷ്‌ക്കരിച്ച്, ഉയര്‍ന്ന പരിധി ഒന്നുമില്ലാതെ ഏക്കറിന് 30 ലക്ഷം രൂപയായി നിശ്ചയിക്കണം. വലിയ മേഖലക്ക് ലഭ്യമായ ആനുകൂല്യങ്ങള്‍ എംഎസ്എംഇ മേഖലക്കും ലഭ്യമാക്കണം.
കേരളം പിന്തുടരുന്നത് നാഷണല്‍ ബില്‍ഡിങ് കോഡാണ്. കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളെപ്പോലെ നമ്മുടെ സംസ്ഥാനത്തിനും സ്വന്തമായി ഒരു ബില്‍ഡിങ് കോഡ് ഉണ്ടാകണം. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളില്‍ സ്ഥിതി ചെയ്യുന്ന 24 മീറ്ററും 20,000 ചതുരശ്ര അടി വിസ്തീര്‍ണവുമുള്ള കെട്ടിടങ്ങളെ ഫയര്‍ എന്‍ഒസിയില്‍ നിന്ന് ഒഴിവാക്കണം.
കൂടിയ വൈദ്യുതി നിരക്ക് പല വ്യവസായങ്ങള്‍ക്കും വലിയ ഭീഷണിയാണ്. വ്യവസായ പാര്‍ക്കുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്ക് 150 കെവിഎ വരെയുള്ള എല്‍ടി സപ്ലൈ അനുവദിക്കുന്നുണ്ട്. പുറത്തുള്ളവക്ക് 100 കെവിഎ ആയി പരിമിതപ്പെടുത്തി. ഇത് വലിയ അസമത്വം ഉണ്ടാക്കുന്നുണ്ട്. വ്യവസായ വകുപ്പിന്റെ എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീമില്‍ (ESS) ഉള്‍പ്പെടുത്തി എംഎസ്എംഇ യൂണിറ്റുകളില്‍ സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കണം.
ഇത് ഗ്രീന്‍ എനര്‍ജിയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനൊപ്പം വൈദ്യുതി ചെലവ് കുറക്കാനും വ്യവസായ യൂണിറ്റുകള്‍ക്ക് ഊര്‍ജ മേഖലയില്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കാനും സഹായിക്കും.
സിംഗിള്‍ വിന്‍ഡോ ആക്ടും പഞ്ചായത്തീരാജ് ആക്ടും ഒരേസമയം പാലിക്കപ്പെടുമ്പോള്‍ പല വൈരുദ്ധ്യവും ഉണ്ടാകുന്നുണ്ട്. ഒരു നിയമത്തില്‍ ആവശ്യമില്ലാത്തത് മറ്റേതില്‍ നിര്‍ബന്ധമായി വരുന്നു. വ്യവസായ പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ വ്യവസായങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള നികുതികളില്‍ നിന്ന് ഇളവ് നല്‍കണമെന്ന് വ്യവസായികള്‍ ആവശ്യപ്പെടുന്നു.
വ്യവസായ പാര്‍ക്കുകളിലെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്നത്തിന് ഇന്നും പരിഹാരമായിട്ടില്ല.
പാട്ടക്കരാര്‍ കഴിഞ്ഞാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ആശയക്കുഴപ്പങ്ങളുണ്ട്. പണം അടച്ചുകഴിഞ്ഞാല്‍ പോലും രജിസ്റ്റര്‍ ചെയ്ത് നല്‍കാത്ത സാഹചര്യമുണ്ട്. സംസ്ഥാനത്തെ 116ലേറെ വ്യവസായ പാര്‍ക്കുകളില്‍ ഏകദേശം 48 എണ്ണത്തിലും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് വ്യവസായികള്‍ പറയുന്നത്.
ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന നിരവധി വ്യവസായ ഏജന്‍സികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. കെഎസ്ഐഡിസി, സിഡ്കോ, കിന്‍ഫ്ര, ഇന്‍കെല്‍ തുടങ്ങി വ്യവസായം വളര്‍ത്താനായി നിരവധി ഏജന്‍സികള്‍ സര്‍ക്കാറിന് കീഴിലുണ്ട്. ഇവയുടെ പ്രവര്‍ത്തനം ഏകീകരിച്ച്, ഒറ്റ ഏജന്‍സിയാക്കി മാറ്റിയാല്‍ ചെലവ് ഏറെ കുറഞ്ഞുകിട്ടും. വ്യവസായികള്‍ക്കും സമീപിക്കാന്‍ എളുപ്പവുമാകും.
കേരളത്തില്‍ വ്യവസായ ഭൂമി വളരെ കുറവാണ്. പലതും ഭൂനികുതി രേഖയില്‍ പാടമെന്ന നിലയിലൊക്കെ പാഴായിപ്പോകുന്ന സ്ഥലങ്ങള്‍ ഏറെയാണ്. തരംമാറ്റാവുന്നവ മാറ്റി, വ്യവസായത്തിനായി നല്‍കിയാല്‍ വലിയ കുതിപ്പുണ്ടാകും. എംഎസ്എംഇകളുടെ എണ്ണത്തില്‍ 30 ശതമാനമെങ്കിലും വര്‍ധന ഇത്തരത്തില്‍ ഉണ്ടാക്കാനാകും. നൂലാമാലകള്‍ ഒഴിവാക്കി, എളുപ്പത്തില്‍ ഭൂമി ലഭിക്കാനുള്ള സൗകര്യം ഉണ്ടാവണം. കേരളത്തിന് സമാനമായ ഭൂപ്രകൃതിയുള്ള തായ്വാനും വിയറ്റ്നാമുമെല്ലാം വ്യവസായ രംഗത്ത് വലിയ കുതിപ്പ് നടത്തുമ്പോള്‍ കേരളത്തിന് സാധ്യമാകാതെ പോകുന്നത് ഇത്തരത്തില്‍ ഭൂവിനിയോഗം സ്മാര്‍ട്ട് അല്ലാത്തതിനാലാണെന്നാണ് വിമര്‍ശനം.
പല ചെറുകിട യൂണിറ്റുകളും ഇന്നും പഴയ സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഉല്‍പാദനക്ഷമത കുറക്കുകയും ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യ മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തിക്കാനുള്ള സംവിധാനം ഉണ്ടാവണം. അതിനെക്കുറിച്ച് ബോധ്യമുള്ള ഉദ്യോഗസ്ഥരുണ്ടാവണം. സംരംഭകര്‍ ഡിജിറ്റല്‍ സാക്ഷരത നേടുന്നില്ല എന്നതും പ്രശ്നമാണ്. ഇ-കൊമേഴ്സ്, ഡിജിറ്റല്‍ ബുക്ക് കീപ്പിങ് തുടങ്ങിയ സംവിധാനങ്ങളിലേക്ക് മാറാന്‍ പലര്‍ക്കും കഴിയുന്നില്ല.
ചെറുകിട സംരംഭകര്‍ കെ-സ്മാര്‍ട്ട് ഉപയോഗിക്കുന്നതില്‍ വലിയ പ്രശ്നങ്ങള്‍ നേരിടുന്നു. ഇതുവഴി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കപ്പെടാത്ത സ്ഥിതിയുണ്ട്. അതിന് ഉത്തരവാദിത്തപ്പെട്ട തലവന്‍ ഇല്ലാത്ത സ്ഥിതിയാണ്. തെലങ്കാനയിലെ ടിഎസ്-ഐപാസ് പോലെ കെ-സ്മാര്‍ട്ടും ഫലപ്രദമാക്കണം.
വ്യവസായ പാര്‍ക്കുകളിലെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്നത്തിന് ഇന്നും പരിഹാരമായിട്ടില്ല. വിവിധ വ്യവസായ പാര്‍ക്കുകളില്‍ ഭൂമിയുടെ വില സര്‍ക്കാറിലേക്ക് നല്‍കി ഏകദേശം 40 വര്‍ഷമായിട്ടും വ്യവസായികളുടെ പേരില്‍ ആധാരം നല്‍കിയിട്ടില്ല.
എ. നിസാറുദ്ദീന്‍, പ്രസിഡന്റ്, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍(KSSIA)
വ്യവസായ വകുപ്പിന്റെ എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീമില്‍ ഉള്‍പ്പെടുത്തി എംഎസ്എംഇ യൂണിറ്റുകളില്‍ സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കണം.
കെ.വി അന്‍വര്‍, എംഡി, മോഡേണ്‍ ഡിസ്ട്രോപൊളിസ് ലിമിറ്റഡ്, മഞ്ചേരി
ബാങ്കുകളുടെ വായ്പ നടപടികളും വ്യവസ്ഥകളും കൂടുതല്‍ ലളിതമാക്കേണ്ടതുണ്ട്. കേരളത്തിന്റെ ക്രെഡിറ്റ്- ഡെപ്പൊസിറ്റ് അനുപാതം 72.88 ശതമാനമാണ്. ആന്ധ്രയില്‍ 154.04 ഉം തെലുങ്കാനയുടേത് 128.58 ഉം തമിഴ്നാടിന്റേത് 126 ശതമാനവും ഒക്കെ ആയിരിക്കുമ്പോഴാണിത്.
എ.വി സുനില്‍നാഥ്, മാനേജിങ് കമ്മിറ്റി അംഗം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫുട്ട്‌വെയര്‍ ഇന്‍ഡസ്ട്രീസ്
തൊഴിലവസരങ്ങള്‍ ഏറെ സൃഷ്ടിക്കപ്പെടുന്ന ചെറുകിട വ്യവസായ മേഖലയോട് തദ്ദേശസ്ഥാപനങ്ങള്‍ കുറച്ചുകൂടി അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളണം. പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് എളുപ്പത്തില്‍ ഫണ്ട് ലഭ്യമാക്കുകയും വേണം.
ജൂലിയ രാജേഷ്, എംഡി, ജെആര്‍ ക്രിയേഷന്‍സ് (മികോടോ), കോട്ടയം
(Originally published in Dhanam Magazine September 30, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine