₹600ന് വാങ്ങുന്ന ഞണ്ടിന് ₹3,200 വിപണിമൂല്യം; കാലാവസ്ഥയടക്കമുളള വെല്ലുവിളികളില്ല, അക്വാകൾച്ചർ രംഗത്ത് നൂതന കൃഷി രീതികളുമായി മലയാളി സ്റ്റാര്‍ട്ടപ്പ്

സാധാരണ ഞണ്ട് വളർത്തലിനേക്കാൾ ലാഭകരമായ 'ഞണ്ട് ഫാറ്റനിങ്' എന്ന വാല്യൂ അഡിഷൻ പ്രക്രിയയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ ഊന്നുന്നത്. ഞണ്ടിന്റെ ഉള്ളിലെ ലിക്വിഡ് രൂപത്തിലുള്ള മജ്ജയെ മാംസമാക്കി മാറ്റുന്നതാണ് ഈ പ്രക്രിയ
crab farming
Representational image, courtesy: Canva
Published on

കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുന്ന നിലവിലെ സാഹചര്യത്തില്‍ പരമ്പരാഗത മത്സ്യകൃഷി ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതായി മാറിയിക്കുകയാണ്. വേനൽക്കാലത്തെ ഉയർന്ന താപനില, കടുത്ത വരൾച്ച, അപ്രതീക്ഷിതമായ അതിതീവ്ര മഴ, വെള്ളപ്പൊക്കം തുടങ്ങിയവ മത്സ്യങ്ങളെ പൂർണമായി നശിപ്പിക്കാറുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാത്തതിനാൽ വൈറസ്, ബാക്ടീരിയ മൂലമുള്ള രോഗങ്ങൾ ഈ കൃഷിയില്‍ പെട്ടെന്ന് പടർന്നുപിടിക്കുന്നു. ഈ അവസരത്തില്‍ അത്യാധുനിക സാങ്കേതികവിദ്യകളുടെയും ശാസ്ത്രീയ മാർഗങ്ങളുടെയും സഹായത്തോടെ അക്വാകൾച്ചർ (Aquaculture) മേഖലയിൽ നൂതന മാറ്റങ്ങൾ കൊണ്ടുവരികയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി.

കേവലം ഒരു കൃഷി എന്നതിനപ്പുറം അക്വാകൾച്ചർ മേഖലയില്‍ സുസ്ഥിരമായ മാർഗങ്ങൾ വികസിപ്പിക്കുകയും അവ പ്രാവർത്തികമാക്കുകയും ചെയ്യുകയാണ് 'സ്റ്റെം സിസ്റ്റംസ്' (Stem Systems). കേരള ഫിഷറീസ് ആൻഡ് ഓഷ്യന്‍ സയന്‍സസ് സർവകലാശാലയിലെ വിദ്യാര്‍ഥികളായിരുന്ന അരുൺദാസ് എൻ‌.എച്ചും ഭാര്യ അശ്വതി ടി.യും ചേര്‍ന്നാണ് ഈ സംരംഭത്തിന് രൂപം നല്‍കിയിരിക്കുന്നത്.

തുടക്കം

കേരള ഫിഷറീസ് സർവകലാശാലയിലെ (KUFOS, പനങ്ങാട്, എറണാകുളം) ബിരുദ (BFSc) പഠനകാലത്തുണ്ടായ വലിയ താല്പര്യത്തിൽ നിന്നാണ് അരുണും ഭാര്യയും ചേർന്ന് 2022-ൽ സ്റ്റാർട്ടപ്പിന് തുടക്കം കുറിക്കുന്നത്. മാസ്റ്റേഴ്സ് ബിരുദം ചെയ്യുന്ന സമയത്തുതന്നെ തങ്ങള്‍ കമ്പനി രൂപീകരിക്കുകയും അക്വാകൾച്ചർ രംഗത്തെ നവീന സാധ്യതകളിലേക്ക് പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതായി അരുൺ ധനം ഓണ്‍ലൈനോട് പറഞ്ഞു.

പരമ്പരാഗത വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ

പരമ്പരാഗത രീതിയിൽ ഫിഷ് ഫാർമിങ് ചെയ്യുമ്പോൾ കർഷകർ നേരിടുന്ന വെല്ലുവിളികളെ പ്രധാനമായും അവലോകനം ചെയ്ത് അവ പരിഹരിക്കാനാണ് ഇവർ ശ്രമിക്കുന്നത്. 2018 ലെ മഹാപ്രളയത്തിൽ ഉൾപ്പെടെ നിരവധി കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായ പശ്ചാത്തലത്തിലാണ് ഇൻഡോർ ഫാർമിംഗ് (Indoor Farming), സയന്റിഫിക് ഫാർമിംഗ് എന്നിവ പ്രോത്സാഹിപ്പിക്കാൻ തങ്ങള്‍ തീരുമാനിച്ചതെന്ന് അരുണ്‍ പറയുന്നു. ഇതിനായി ബയോഫ്ലോക്ക് (Biofloc), റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (RAS), കൂട് കൃഷി തുടങ്ങിയ സുസ്ഥിരവും പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കുന്നതുമായ കൃഷിരീതികൾ ഇവർ ഉപയോഗിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ഫിഷറീസ് വകുപ്പ് നടത്തിയ 'ഫിഷറീസ് ഗ്രാന്‍ഡ് ചലഞ്ച് 2.0' (Fisheries Grand Challenge) മത്സരത്തിൽ ജേതാക്കളായി 10 ലക്ഷം രൂപയുടെ സമ്മാനവും സ്റ്റാര്‍ട്ട്പ്പിന് ലഭിച്ചു. ഇന്ത്യയിലെ മികച്ച 10 ഫിഷറീസ് സ്റ്റാർട്ടപ്പുകളിൽ ഒന്നായി കമ്പനി തിരഞ്ഞെടുക്കപ്പെട്ടു.

ഞണ്ട് വളർത്തൽ കൃഷിയിലെ നൂതന വിദ്യകൾ

സ്റ്റാർട്ടപ്പിന് കീഴിൽ ഏറ്റവും കൂടുതൽ വിജയവും ജനപ്രീതിയും നേടിയ ഒന്നാണ് ശാസ്ത്രീയമായ ഞണ്ട് വളർത്തൽ കൃഷി. കാലാവസ്ഥ വ്യതിയാനം കാരണം കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയായ ഉപ്പുവെള്ളത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ ഇവർ ഒരു പുതിയ വഴി കണ്ടെത്തി.

സാധാരണ കുടിവെള്ളത്തിൽ ചേർക്കാവുന്ന രീതിയിൽ ഇവർ സ്വന്തമായി വികസിപ്പിച്ചെടുത്ത 'കായൽ ഉപ്പ്' ഉപയോഗിച്ച് ശുദ്ധജലത്തെ വളരെ വേഗത്തിൽ കായലിലെ ലവണാംശമുള്ള വെള്ളമാക്കി മാറ്റാൻ സാധിക്കും. ഇതോടെ കായലുകളിലല്ലാതെ കരയിലും വിജയകരമായി ഞണ്ട് കൃഷി ചെയ്യാനാകും.

കൂടാതെ, അക്വേറിയം സൂക്ഷിക്കുന്നതുപോലെ വീടുകൾക്കുള്ളിൽ തന്നെ വളരെ ലളിതമായി ഞണ്ടിനെ വളർത്താൻ സാധിക്കുന്ന ഒരു 'ബക്കറ്റ് സിസ്റ്റം' (Bucket System) ഞണ്ട് കൃഷി രീതിയും, ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റവും (RAS) ഇവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വാല്യൂ അഡിഷനും മികച്ച ബിസിനസ് സാധ്യതകളും

സാധാരണ ഞണ്ട് വളർത്തലിനേക്കാൾ ലാഭകരമായ 'ഞണ്ട് ഫാറ്റനിങ്' (Crab fattening) എന്ന വാല്യൂ അഡിഷൻ പ്രക്രിയയിലാണ് ഇവർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞണ്ടിന്റെ ഉള്ളിലെ ലിക്വിഡ് രൂപത്തിലുള്ള മജ്ജയെ മാംസമാക്കി മാറ്റുന്നതാണ് ഈ പ്രക്രിയ. വിപണിയിൽ നിന്നും ഏകദേശം 600 രൂപയ്ക്ക് വാങ്ങുന്ന ഞണ്ടുകളെ വെറും 30 മുതൽ 45 ദിവസത്തെ പരിപാലനത്തിലൂടെ 3,200 രൂപ വരെ മൂല്യമുള്ള പ്രീമിയം ഉൽപ്പന്നമാക്കി മാറ്റാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് അരുണ്‍ പറയുന്നു. ഈ പ്രക്രിയയ്ക്ക് ഒരു ഞണ്ടിന് ഏകദേശം 100 മുതൽ 400 രൂപ വരെ മാത്രമേ അധിക ചെലവ് വരുന്നുള്ളൂ.

വിപണന സാധ്യതകളും എക്കോസിസ്റ്റവും

തങ്ങളുമായി സഹകരിക്കുന്ന കർഷകർക്ക് ആവശ്യമായ അറിവുകൾ പകർന്നു നൽകുകയും അവർ വളർത്തുന്ന ഞണ്ടുകൾ തിരികെ വാങ്ങുകയും (Buy Back) ചെയ്യുന്ന ഒരു മികച്ച എക്കോസിസ്റ്റം ഇവർ രൂപീകരിച്ചിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങൾ പ്രീമിയം ഔട്ട്‌ലെറ്റുകൾ വഴിയാണ് വിപണിയിലെത്തിക്കുന്നത്.

ആഭ്യന്തര വിപണി: സ്വന്തം ബ്രാൻഡായ 'ക്രാബ് സ്റ്റോറി' (Crab Story) വഴി ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ ആഭ്യന്തര നഗരങ്ങളിൽ ഇവർക്ക് വലിയ പ്രീമിയം വിപണിയുണ്ട്.

കയറ്റുമതി വിപണി: കൂടുതൽ ലാഭം തരുന്ന വിദേശ വിപണികളായ സിംഗപ്പൂർ, ചൈന, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഇവ കയറ്റി അയക്കുന്നത്. നിലവിൽ ഇടനിലക്കാർ വഴിയാണ് കയറ്റുമതി ചെയ്യുന്നതെങ്കിലും ഈ മാസം മുതൽ കമ്പനി നേരിട്ടുള്ള കയറ്റുമതിയും ആരംഭിക്കുകയാണ്.

കർഷകർക്കുള്ള സേവനങ്ങള്‍

വെബ്സൈറ്റും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളും സന്ദര്‍ശിച്ച് ആവശ്യക്കാര്‍ക്ക് കമ്പനിയുമായി ബന്ധപ്പെടാവുന്നതാണ്. എറണാകുളത്ത് ഫിഷറീസ് യൂണിവേഴ്സിറ്റിയില്‍ കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ കർഷകർക്കായി കമ്പനി ഒരു 'മത്സ്യ സേവന കേന്ദ്രം' സ്ഥിരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. ഇവിടെ കർഷകർക്കും വിദ്യാർത്ഥികൾക്കും സൗജന്യമായി വന്ന് കൃഷിരീതികൾ കണ്ട് പഠിക്കാനും വെള്ളം ടെസ്റ്റ് ചെയ്യാനും മത്സ്യങ്ങളുടെ അസുഖങ്ങൾ പരിശോധിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com