ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ വഴിമാറി ചിന്തിക്കാന്‍ സംസ്ഥാനം: ഫ്‌ളോട്ടിംഗ്‌ സോളാറിലൂടെ 2,000 മെഗാവാട്ട് സാധ്യത, തദ്ദേശതലത്തില്‍ ബാറ്ററി സ്റ്റോറേജും പരിഗണനയില്‍

സംസ്ഥാനത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ നൂതന പദ്ധതികളിലൂടെ മാത്രമേ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂവെന്ന് വൈദ്യുത മന്ത്രി
Floating Solar Panel. Solar photovoltaic panel PV System in Industry lake water pond.
canva
Published on

സംസ്ഥാനത്തിന്റെ ദീര്‍ഘകാല ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്ന് മാറി ചിന്തിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കേരളത്തിന്റെ ദീര്‍ഘകാല ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫ്‌ളോട്ടിംഗ് സോളാര്‍ പദ്ധതികളുടെയും പമ്പ് സ്റ്റോറേജ് സംവിധാനങ്ങളുടെയും പ്രായോഗികതയും നടപ്പാക്കലും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

സംസ്ഥാനത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ നൂതന പദ്ധതികളിലൂടെ മാത്രമേ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂവെന്ന് മന്ത്രി പറഞ്ഞു.

സ്ഥലം കണ്ടെത്താനുള്ള പ്രയാസവും മാറുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം പരമ്പരാഗത രീതിയിലുള്ള സോളാര്‍, കാറ്റാടി പദ്ധതികള്‍ വന്‍തോതില്‍ പ്രായോഗികമാക്കുന്നതിന് പരിമിതികളുണ്ടെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം.

2026-27 സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന വികസന ലക്ഷ്യങ്ങള്‍ക്കായി രൂപരേഖ തയ്യാറാക്കാന്‍ സംഘടിപ്പിച്ച 'റീഇമാജിനിംഗ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലാണ് പുതിയ ഊര്‍ജ്ജ നയങ്ങള്‍ ചര്‍ച്ചയായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശികതലത്തില്‍ ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യതയും സംസ്ഥാനം പരിശോധിക്കും.

2,000 മെഗാവാട്ടിന്റെ സാധ്യത

സംസ്ഥാനത്ത് ഫ്േളാട്ടിംഗ് സോളാര്‍ സംവിധാനങ്ങളിലൂടെ മാത്രം 2,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ബാണാസുര സാഗര്‍ കോണ്‍ക്രീറ്റ് അധിഷ്ഠിത ഫ്േളാട്ടിംഗ് സോളാര്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയ എം.ആര്‍. നാരായണന്‍ ചൂണ്ടിക്കാട്ടി. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഏകജാലക അനുമതി (Single Window Clearance) സംവിധാനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ നിലവിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് ഏറ്റവും പ്രായോഗികമായ പരിഹാരമെന്ന നിലയില്‍ ഊര്‍ജ്ജ സംരക്ഷണം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാക്കണമെന്ന് കെഎസ്ഇബി ചെയര്‍മാനും എംഡിയുമായ ഡോ. എം.ജി. രാജമാണിക്യം പറഞ്ഞു.

അതേസമയം, സൗരോര്‍ജ്ജത്തിലേക്ക് ആളുകള്‍ വേഗത്തില്‍ മാറുമ്പോഴും ഊര്‍ജ്ജ സംരക്ഷണത്തില്‍ വേണ്ടത്ര ബോധവല്‍ക്കരണം നടക്കുന്നില്ല. കൂടുതല്‍ ആളുകള്‍ പുരപ്പുറ സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവിനെക്കുറിച്ച് അവര്‍ക്ക് പലപ്പോഴും ധാരണയുണ്ടാകുന്നില്ല. ഉപഭോക്താക്കളെ വൈദ്യുതി ഉപഭോഗത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും ഊര്‍ജ്ജ സംരക്ഷണത്തിന് ജനങ്ങളെ സജ്ജരാക്കുന്നതിനുമുള്ള ഒരു സംവിധാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോളാര്‍ ഫോട്ടോവോള്‍ട്ടായിക്, ചെറുകിട ജലവൈദ്യുതി, വിന്‍ഡ് എനര്‍ജി, ബയോമാസ്, വേസ്റ്റ് ടു എനര്‍ജി പദ്ധതികളെ ഒരു പൊതു ഊര്‍ജ്ജ മാനേജ്മെന്റ് നെറ്റ്വര്‍ക്കിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും സെഷനില്‍ ചര്‍ച്ച നടന്നു.

Kerala government is seriously considering floating solar projects and pumped storage systems to meet the state's long-term energy demands.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com