

കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും പ്രമുഖ തുറമുഖങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഒരു ഏകീകൃത ലോജിസ്റ്റിക്‌സ്-സാമ്പത്തിക വ്യവസ്ഥിതി (Unified Economic Ecosystem) കെട്ടിപ്പടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി 29,500 കോടി രൂപയുടെ കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം സമര്‍പ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.
വ്യോമ-സമുദ്ര ശൃംഖലയെ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരുന്നതിലൂടെ ആഗോള സപ്ലൈ ചെയിന്‍ വിപണിയില്‍ വലിയൊരു മുന്നേറ്റമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. പ്രധാനമായും കയറ്റുമതി-ഇറക്കുമതി മേഖലയിലെ ലോജിസ്റ്റിക്‌സ് ചെലവുകള്‍ ഗണ്യമായി കുറയ്ക്കാനും, കൃഷി, ഫാര്‍മ, ഇലക്ട്രോണിക്‌സ്, ഇ-കൊമേഴ്‌സ് മേഖലകള്‍ക്കായി അത്യാധുനിക എയര്‍-മാരിടൈം കാര്‍ഗോ സൗകര്യങ്ങള്‍ ഒരുക്കാനും ഈ പദ്ധതിയോടെ സാധിക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകളെ തിരുവനന്തപുരം വിമാനത്താവളവുമായി സംയോജിപ്പിക്കുന്നതിലൂടെ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് ഗേറ്റ്വേയായി കേരളം മാറും. ഇത് സിംഗപ്പൂര്‍, കൊളംബോ, ദുബായ് തുടങ്ങിയ വിദേശ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബുകളോടുള്ള രാജ്യത്തിന്റെ ആശ്രിതത്വം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, അന്താരാഷ്ട്ര കപ്പല്‍ ജീവനക്കാരുടെ മാറ്റത്തിനുള്ള (Global Crew Change) പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെയും വിമാനത്താവളങ്ങളെയും മാറ്റാനും, വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള അത്യാധുനിക ഏവിയേഷന്‍ എം.ആര്‍.ഒ (MRO) ക്ലസ്റ്ററുകള്‍ സ്ഥാപിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഹ്രസ്വകാല അടിസ്ഥാന സൗകര്യ വികസനത്തിനായി വലിയ തുകയാണ് നിക്ഷേപപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 3,000 കോടി ചെലവ് വരുന്ന എയര്‍പോര്‍ട്ട്-പോര്‍ട്ട് ബോണ്ടഡ് ലോജിസ്റ്റിക്‌സ് കോറിഡോറുകളും മള്‍ട്ടിമോഡല്‍ കാര്‍ഗോ സൗകര്യങ്ങളും ഉള്‍പ്പെടുന്നു. ഒപ്പം കൊച്ചി എയര്‍പോര്‍ട്ടിലെ സെക്കന്‍ഡറി റണ്‍വേയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലിനും ഡി.പി.ആര്‍ തയ്യാറാക്കലിനുമായി 2,000 കോടിയും, കൊച്ചി എയ്റോ സിറ്റിയുടെയും എയര്‍പോര്‍ട്ട് ഇക്കണോമിക് സോണിന്റെയും ഒന്നാം ഘട്ടത്തിനായി 5,000 കോടിയും മാറ്റിവെക്കും. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ വികസനത്തിന് 3,500 കോടിയും, കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേ സുരക്ഷാ വികസനത്തിന് (RESA) 2,500 കോടിയും, വിവിധ എയര്‍ കാര്‍ഗോ വില്ലേജുകള്‍ക്കായി 4,000 കോടിയും ഹ്രസ്വകാല പദ്ധതികളുടെ ഭാഗമായി വിനിയോഗിക്കും.
അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ട ദീര്‍ഘകാല പദ്ധതികളിലൂടെ കേരളത്തെ അന്താരാഷ്ട്ര ഏവിയേഷന്‍ ബിസിനസ് ഭൂപടത്തിലേക്ക് ഉയര്‍ത്താനാണ് നീക്കം. വലിയ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള വൈഡ് ബോഡി എം.ആര്‍.ഒ ക്ലസ്റ്ററിനായി 5,000 കോടിയും, ഏവിയേഷന്‍ ട്രെയിനിംഗ് മേഖലയ്ക്കായി 2,500 കോടിയും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ കയറ്റുമതി പ്രോത്സാഹനത്തിനായുള്ള 'കേരള എയര്‍ കാര്‍ഗോ ആന്‍ഡ് എക്‌സ്‌പോര്‍ട്ട് കോംപറ്റിറ്റീവ്‌നസ് മിഷന്' വേണ്ടി 3,000 കോടിയും, സീപ്ലെയിന്‍-ക്രൂയിസ് ടൂറിസം കണക്റ്റിവിറ്റിക്കായി 2,000 കോടിയും വിഭാവനം ചെയ്യുന്നുണ്ട്. എയര്‍പോര്‍ട്ട് ഇക്കണോമിക് സോണ്‍ വികസനത്തിനും ബിസിനസ് സേവന ശൃംഖലയ്ക്കുമായി 6,500 കോടിയുടെ പദ്ധതികളും ഇതിന്റെ ഭാഗമാണ്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ സഹായം (Multilateral financing), പൊതു-സ്വകാര്യ പങ്കാളിത്തം (PPP Mode) എന്നിവ സമന്വയിപ്പിച്ചാകും ഈ പദ്ധതികള്‍ക്കാവശ്യമായ പണം കണ്ടെത്തുക. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ദക്ഷിണേന്ത്യയുടെ ലോജിസ്റ്റിക്‌സ് വികസനത്തിനും നിര്‍ണായകമാകുന്ന ഈ ബൃഹത് പദ്ധതി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ ഫെഡറലിസത്തിന്റെ (Cooperative Federalism) മികച്ച മാതൃകയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine