നടുവൊടിഞ്ഞ് സ്വകാര്യ ബസ് വ്യവസായം; കടക്കെണി രൂക്ഷം, കേരളം വീണ്ടും ബസ് സമരത്തിലേക്ക്?

നിലവിൽ ഒരു പുതിയ ബസ് നിരത്തിലിറക്കാൻ 40 ലക്ഷം രൂപ മുതൽ 46 ലക്ഷം രൂപ വരെ ചെലവ് വരുന്നുണ്ട്. ഒരു ബസിന് പ്രതിമാസം 92,000 രൂപയോളം വായ്പാ തിരിച്ചടവ് വരുന്നു. സർവീസ് നടത്തിയാലും ഇല്ലെങ്കിലും ഈ ഭീമമായ ബാധ്യത ഉടമകൾ അടച്ചുതീർക്കേണ്ട സാഹചര്യം
private buses, kerala
Representational image, courtesy: Canva
Published on: 

കേരളത്തിലെ ജനങ്ങളുടെ ദൈനംദിന പൊതുഗതാഗതത്തിൽ നിർണായക പങ്കുവഹിക്കുന്ന സ്വകാര്യ ബസ് വ്യവസായം ഇന്ന് ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കിലോമീറ്ററുകൾ ഓടുമ്പോഴും നിത്യേനയുണ്ടാകുന്ന കനത്ത നഷ്ടവും, വർദ്ധിച്ചുവരുന്ന പരിപാലനച്ചെലവുകളും, വായ്പാ തിരിച്ചടവുകളിലെ കുടിശ്ശികയും കാരണം നൂറുകണക്കിന് ബസുകളാണ് ഇതിനകം സർവീസ് നിർത്തിവെയ്ക്കേണ്ടി വന്നിരിക്കുന്നത്.

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയിട്ട് 115 ദിവസത്തിലധികമായി. അന്നു മുതല്‍ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ കൈകൊളളുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കൃത്യമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ ആശങ്കയിലും ദുരിതത്തിലുമാണ് ബസുടമകളും തൊഴിലാളികളും. ഈ മേഖല നേരിടുന്ന അടിയന്തിര പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത പക്ഷം വരുംനാളുകളിൽ അനിശ്ചിതകാല പ്രക്ഷോഭങ്ങളിലേക്ക് കടക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഇവര്‍.

സാമ്പത്തിക ബാധ്യതയും വ്യവസായത്തിന്റെ വ്യാപ്തിയും

സ്വകാര്യ ബസ് വ്യവസായത്തെ ആശ്രയിച്ച് സംസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകളാണ് ജീവിക്കുന്നത്.

  • നിക്ഷേപവും കുടുംബങ്ങളും: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകളുടെ അസോസിയേഷനുകളില്‍ പ്രധാനപ്പെട്ട പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനില്‍ മാത്രം ഏകദേശം 10,000 ബസുകളാണുള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ തോമസ് ധനം ഓണ്‍ലൈനോട് പറഞ്ഞു. ഈ മേഖലയിലെ ആകെ മുതൽമുടക്ക് 3,000 കോടി മുതൽ 4,000 കോടി രൂപയോളമാണ്. സർക്കാരിൽ നിന്നും യാതൊരുവിധ സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കാതെ, തനത് തുക മുടക്കിയാണ് ഉടമകള്‍ ബസുകള്‍ നിരത്തിലിറക്കുന്നതെന്നും തോമസ് പറഞ്ഞു.

  • ജീവനക്കാരും ഉപജീവനവും: ബസ് ഉടമകളും തൊഴിലാളികളും അടക്കം ഏകദേശം 60,000-ത്തോളം കുടുംബങ്ങളാണ് ഈ വ്യവസായത്തെ ഉപജീവനത്തിനായി ആശ്രയിക്കുന്നത്.

  • കടക്കെണി: നിലവിൽ ഒരു പുതിയ ബസ് നിരത്തിലിറക്കാൻ 40 ലക്ഷം രൂപ മുതൽ 46 ലക്ഷം രൂപ വരെ ചെലവ് വരുന്നുണ്ട്. ഒരു ബസിന് പ്രതിമാസം 92,000 രൂപയോളം വായ്പാ തിരിച്ചടവ് (CC) വരുന്നതായും തോമസ് ചൂണ്ടിക്കാട്ടുന്നു. സർവീസ് നടത്തിയാലും ഇല്ലെങ്കിലും ഈ ഭീമമായ ബാധ്യത ഉടമകൾ അടച്ചുതീർക്കേണ്ടി വരുന്നു.

കെ.എസ്.ആർ.ടി.സി വാടക ബസ് നിർദ്ദേശം

കെ.എസ്.ആർ.ടി.സിയുടെ ഭീമമായ ഓപ്പറേറ്റിംഗ് നഷ്ടവും സ്വകാര്യ ബസുകളുടെ പ്രതിസന്ധിയും ഒരേസമയം പരിഹരിക്കാൻ സാമ്പത്തിക വിദഗ്ദ്ധരുടെ പിന്തുണയോടെ ബസുടമകൾ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു:

ഓപ്പറേറ്റിംഗ് നഷ്ടം: കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ഭരണകാലത്ത് വെറും 4,000 ബസുകൾ ഓടിക്കുന്ന കെ.എസ്.ആർ.ടി.സി ലഭിച്ച വരുമാനത്തിന് പുറമെ 14,200 കോടി രൂപയാണ് പ്രവർത്തനച്ചെലവിനായി (Operating Cost) ചെലവഴിച്ചത്. നിയമസഭയിലെ കണക്കുകൾ പ്രകാരം കെ.എസ്.ആർ.ടി.സിക്ക് ഒരു കിലോമീറ്ററിന് 60 മുതൽ 70 രൂപ വരെ ചെലവ് വരുന്നുണ്ട്.

കിലോമീറ്റർ പാക്കേജ് നിർദ്ദേശം: കെ.എസ്.ആർ.ടി.സിക്ക് കിലോമീറ്ററിന് 55 രൂപ നിരക്കിൽ സ്വകാര്യ ബസുകൾ വാടകയ്ക്ക് നൽകാൻ തയാറാണെന്ന് ഉടമകൾ വ്യക്തമാക്കിയിട്ടുളളതാണ്. ഈ തുക ഉപയോഗിച്ച് ഡീസൽ, മെയിന്റനൻസ്, നികുതി എന്നിവ ബസുടമകൾ തന്നെ വഹിക്കുകയും, ടിക്കറ്റ് കളക്ഷൻ തുക പൂർണമായി കെ.എസ്.ആർ.ടി.സിക്ക് കൈമാറുകയും ചെയ്യുന്ന മാതൃകയാണിത്. ഇതുവഴി കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക ബാധ്യതയോ മുതല്‍ മുടക്കോ ഇല്ലാതെ ലാഭത്തിൽ സർവീസ് നടത്താൻ സാധിക്കുമെന്നും തോമസ് പറയുന്നു.

ചെലവുകളും സര്‍ക്കാര്‍ വരുമാനവും

14 വർഷമായി പുതുക്കാത്ത വിദ്യാർത്ഥി കൺസെഷൻ നിരക്ക്: 14 വർഷം മുൻപ് നിശ്ചയിച്ച ഒരു രൂപ എന്ന വിദ്യാർത്ഥി കൺസെഷൻ നിരക്കാണ് ഇന്നും വിപണിയിൽ തുടരുന്നത്. ഇന്ധനവിലയും മറ്റ് ഓപ്പറേറ്റിംഗ് ചെലവുകളും കുത്തനെ ഉയർന്ന സാഹചര്യത്തിലും കൺസെഷൻ നിരക്കുകൾ പുതുക്കാത്തത് മേഖലക്ക് വൻ ആഘാതമുണ്ടാക്കുന്നു.

ഡീസൽ നികുതി ഇനത്തിലെ സർക്കാർ വരുമാനം: ഒരു ലിറ്റർ ഡീസൽ അടിക്കുമ്പോൾ 22 രൂപ സർക്കാരിലേക്ക് നികുതിയായി പോകുന്നു. ഇത്തരത്തിൽ ഒരു ബസിൽ നിന്ന് മാത്രം പ്രതിദിനം 1,400 മുതൽ 1,500 രൂപ വരെ ഡീസൽ നികുതിയായി സർക്കാരിന് ലഭിക്കുന്നുണ്ട്.

നികുതി ഭാരവും ഡീസൽ നികുതിയും: ടാക്സിൽ 50 ശതമാനം ഇളവ് നൽകിയെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ ഒരു ദിവസം വെറും 125 രൂപയുടെ ഇളവ് മാത്രമാണ് ബസുടമകൾക്ക് ലഭിക്കുന്നത്. എന്നാൽ പ്രതിവർഷം 1,20,000 രൂപയോളം ടാക്സ് ഇനത്തിൽ ഉടമകൾ നൽകുന്നുണ്ട്. എന്നിട്ടും ഈ മേഖലയെ അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാരും അധികൃതരും സ്വീകരിക്കുന്നത്.

കെ.കെ തോമസ്, സംസ്ഥാന പ്രസിഡന്റ്, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍

കമ്മീഷൻ റിപ്പോർട്ടുകളും സർക്കാരിന്റെ വൈകിക്കലും

നഷ്ടം കാരണം ഓട്ടം നിർത്തിവെച്ച ബസുകളുടെ വിവരങ്ങളും സമയക്രമങ്ങളും അടക്കം വിദഗ്ധ സമിതിക്ക് മുൻപാകെ ഉടമകള്‍ സമർപ്പിച്ചിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പ്രധാന കേന്ദ്രങ്ങളിൽ നടന്ന സിറ്റിംഗിൽ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ മുഴുവൻ വിവരങ്ങളും കൃത്യമായി കൈമാറി. എന്നാൽ സർക്കാരിന്റെ വിദഗ്ദ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും, വീണ്ടും പഠിക്കാനായി മറ്റൊരു സബ് കമ്മറ്റിയെ വച്ച് തീരുമാനം നീട്ടിക്കൊണ്ടുപോകുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്നും തോമസ് പറയുന്നു.

പ്രക്ഷോഭ പരിപാടികളും സമര തിയതികളും

പ്രശ്നപരിഹാരത്തിനായി 115 ദിവസത്തിലധികമായി ബസുടമകൾ കാത്തിരിക്കുകയാണെങ്കിലും അനുകൂല നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ഘട്ടങ്ങളായുള്ള സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചിരിക്കുകയാണ്:

സെക്രട്ടറിയേറ്റ് ധർണ: ഒക്ടോബര്‍ 14-ാം തീയതി സെക്രട്ടറിയേറ്റ് മാർച്ച്/ധർണ സംഘടിപ്പിക്കും.

ഗ്രൂപ്പ് നിരാഹാരം: ഈ മാസം അവസാനത്തോടെ 3 പേർ വീതമുള്ള സംഘങ്ങളായി അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.

സർവീസ് നിർത്തലാക്കൽ: നവംബർ ആദ്യവാരം മുതൽ സംസ്ഥാനത്തൊട്ടാകെ ബസ് സർവീസുകൾ പൂർണമായി നിർത്തിവെക്കും.

യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് അവസാന ഘട്ട നടപടിയാണെങ്കിലും, ബസുകൾ നിരത്തിലിറക്കാൻ കഴിയാത്ത വിധം കടക്കെണിയിലായതിനാൽ സർവീസുകൾ നിർത്തിവെക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ബസുടമകൾ വ്യക്തമാക്കുന്നു. 60,000 കുടുംബങ്ങളുടെ ജീവിതം സംരക്ഷിക്കാനും പൊതുഗതാഗത മേഖല തകരാതെ നിലനിർത്താനും സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടലും ചർച്ചകളും ഉണ്ടാവേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com