ഹില്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ തയ്യാര്‍: മന്ത്രി പി. രാജീവ്

കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടല്‍ നീക്കംനടത്തുന്ന കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എറണാകുളം ഉദ്യോഗമണ്ഡലിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡിനെ (ഹില്‍ ഇന്ത്യ) ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര പൊതുമേഖലയിലെ ഏക കീടനാശിനി നിര്‍മ്മാണസ്ഥാപനത്തെ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്.
എച്ച്.എന്‍എല്‍ മാതൃക
കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ (എച്ച്.എന്‍.എല്‍) വിറ്റൊഴിയാന്‍ കേന്ദ്രം ശ്രമിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (കെ.പി.പി.എല്‍) എന്ന പുത്തന്‍ കമ്പനിയായി പുനരുജ്ജീവിപ്പിക്കുകയും ചെയ്തിരുന്നു. സമാനരീതിയില്‍ ഹില്‍ ഇന്ത്യയെയും ഏറ്റെടുത്ത് പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മന്ത്രി പി. രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌


നേരത്തേ കേന്ദ്ര ഹെല്‍ത്ത്‌കെയര്‍ ഉത്പന്ന നിര്‍മ്മാണസ്ഥാപനമായ എച്ച്.എല്‍.എല്ലിനെ ഏറ്റെടുക്കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ലേലത്തില്‍ പങ്കെടുക്കാനുള്ള അനുമതി പോലും കേന്ദ്രം നല്‍കിയിരുന്നില്ല. ഇതേ നിലപാട് ഹില്‍ ഇന്ത്യയുടെ കാര്യത്തില്‍ കേന്ദ്രം ആവര്‍ത്തിക്കരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

പ്രതിസന്ധിയുടെ ഹില്‍ ഇന്ത്യ
കീടനാശിനി നിര്‍മ്മാണസ്ഥാപനമാണ് ഹില്‍ ഇന്ത്യ. 1956ലാണ് തുടക്കം. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൊച്ചി യൂണിറ്റ് പിന്നീട് പ്രതിസന്ധിയിലാവുകയായിരുന്നു. നീതി ആയോഗിന്റെ ശുപാര്‍ശ പ്രകാരമാണ് അടച്ചുപൂട്ടല്‍ നീക്കം. ഇതിന് മുന്നോടിയായി നിരവധി ജീവനക്കാരെ മുംബൈയിലെ മുഖ്യ യൂണിറ്റിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. പഞ്ചാബിലെ ഭട്ടിന്‍ഡ പ്ലാന്റും അടച്ചുപൂട്ടാന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it