

രാജ്യത്ത് പണപ്പെരുപ്പം (inflation) ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം തുടരുന്നു. വിലക്കയറ്റത്തോതില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് കേരളം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സെപ്റ്റംബറില്‍ 9.05 ശതമാനമാണ് കേരളത്തിലെ വിലക്കയറ്റത്തോത്. ദേശീയതലത്തിലിത് 1.54 ശതമാനവും രണ്ടാം സ്ഥാനത്തുള്ള ജമ്മു-കശ്മീരില്‍ ഇത് 4.38 ശതമാനവുമാണ്. മൂന്നാം സ്ഥാനത്ത് 3.33 ശതമാനവുമായി കര്‍ണാടകയാണ്. പഞ്ചാബ് (3.06 ശതമാനം), തമിഴ്നാട് (2.77 ശതമാനം ) എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
കേരളത്തില്‍ ഗ്രാമങ്ങളിലാണ് പണപ്പെരുപ്പം കൂടുതല്‍. സെപ്റ്റംബറില്‍ 9.94 ശതമാനമാണ്. ഓഗസ്റ്റില്‍ ഇത് 10.5 ശതമാനമായിരുന്നു. നഗരങ്ങളിലെ വിലക്കയറ്റത്തോത് ഓഗസ്റ്റിലെ 7.19 ശതമാനത്തില്‍ നിന്ന് 7.39 ശതമാനമായി . 2025 ജനുവരി മുതല്‍ പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം തുടരുകയാണ്. ഇത് ഒമ്പതാമത്തെ മാസമാണ് കേരളം ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമുള്ള സംസ്ഥാനമായി മാറുന്നത്. കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണ് കേരളത്തില്‍ രേഖപ്പെടുത്തുന്നത്.
അവശ്യവസ്തുക്കളുടെ വിലയില്‍ ഒരു വര്‍ഷത്തിനിടെയുണ്ടായ വില വര്‍ധനയാണ് പണപ്പെരുപ്പം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ഉത്പന്നത്തിന്റെ വിലയില്‍ എത്ര ശതമാനം വര്‍ധനയുണ്ടായി എന്ന് ഇത് സൂചിപ്പിക്കുന്നു. അതായത് വില കൂടുതലാണ് എന്ന് ഇതിന് അര്‍ത്ഥമില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. തുടര്‍ച്ചയായി പണപ്പെരുപ്പത്തില്‍ കേരളം മുന്നില്‍ വരുന്നതാണ് ഇപ്പോഴത്തെ ആശങ്ക.
പച്ചക്കറി അടക്കമുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയര്‍ന്നതാണ് കേരളത്തില്‍ വിലക്കയറ്റത്തോത് വര്‍ധിപ്പിക്കുന്നത്. കാര്‍ഷികോത്പാദനം കുറവും ഉപഭോഗം കൂടുതലുമാണിവിടെ. കൂടാതെ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണമൊഴുക്കുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ്. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പുറം വരുമാനമാണ് കേരള സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നത്.
പക്ഷെ, ഉത്പാദനത്തേക്കാള്‍ ഉപയോഗത്താല്‍ നയിക്കപ്പെടുന്ന ഒരു സമ്പദ് വ്യവസ്ഥയാണിത്. പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെയാണ് കേരളം കൂടുതലായി ആശ്രയിക്കുന്നത്. കാര്‍ഷികോത്പാദനം കൂട്ടാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും ഏറെ പിന്നിലാണ്.
പുറത്തു നിന്ന് സാധനങ്ങള്‍ ഇങ്ങോട്ട് കൊണ്ടു വരുമ്പോള്‍ അതിന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്, കയറ്റിറക്ക ചെലവ്, നോക്കുകൂലി പോലയുള്ള ചെലവ് ഒക്കെ കൂടി ഹൈ കോസ്റ്റ് ഇക്കണോമിയായി ഇവിടം മാറുന്നു. ഇത്തരത്തില്‍ ഹൈകോസ്റ്റ് ഇക്കണോമി ആയതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ ഇവിടെ വന്ന് ജോലി ചെയ്യുന്നത്. എന്നാല്‍ ഓട്ടോ ഓടിക്കുന്നവര്‍, ഗിഗ് വര്‍ക്കേഴ്‌സ്, കൃത്യമായ വരുമാനവും ക്ഷാമബത്തയുമൊന്നുമില്ലാത്തവര്‍ ഒക്കെ പണപ്പെരുപ്പത്തിന്റെ ഇരയാകുന്നുണ്ട്. ഉപഭോഗ അസമത്വം ഇവിടെ വളരെ കൂടുതാണ്.
സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പണപ്പെരുപ്പമാണ് ഇവിടുത്തേത് എന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ മുന്‍ ഫാക്കല്‍റ്റിയുമായ ഡോ. ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. ഇവിടെ പണപ്പെരുപ്പം കുറയ്ക്കണമെന്ന താത്പര്യം സര്‍ക്കാരിനില്ല, പണപ്പെരുപ്പം കുറയ്ക്കണമെങ്കില്‍ മദ്യം, പെട്രോള്‍ എന്നിവയുടെ നികുതി കുറയ്ക്കുകയാണ് വേണ്ടത്. അതേപോലെ ലോട്ടറി വേണ്ടെന്നു വയ്ക്കണം. പക്ഷെ സര്‍ക്കാര്‍ അതിനു തയാാറാകില്ല. കാരണം. സര്‍ക്കാരിന്റെ തനതു വരുമാനത്തിന്റെ 49 ശതമാനം ഈ മൂന്ന് മേഖലകളില്‍ നിന്നാണ്. പണപ്പെരുപ്പത്തെ കുറിച്ചുള്ള സാധാരണഗതിയിലുള്ള ധാരണ ജനങ്ങള്‍ ഒരു പാട് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതു കൊണ്ടാണ് എന്നാണ്. മാളുകളിലും മറ്റും പോയി സാധനങ്ങള്‍ വാങ്ങുന്നവരെ സംബന്ധിച്ച് പണപ്പെരുപ്പം ഒരു പ്രശ്‌നമല്ല. അവരുടെ ശതമാനം വളരെ കുറവാണ്. 30 ശതമാനം വരുന്ന കാര്‍ഷിക മേഖലയിലും മത്സ്യബന്ധന മേഖലയിലും അസംഘടിത തൊഴിലുകളിലും ഒക്കെ ജോലി ചെയ്യുന്നവര്‍ ഒക്കെ പണപ്പെരുപ്പത്തിന്റെ പിടിയിലാണ്. വിലക്കയറ്റത്തിന് ആനുപാതികമായി വരുമാനം വര്‍ധിക്കുന്നില്ല. കണ്‍സ്ട്രക്ഷന്‍ ഉള്‍പ്പെടെ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന മേഖലകളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുമ്പോള്‍ കേരളത്തിലെ ചെറുപ്പക്കാര്‍ 10,000 രൂപ മാസശമ്പളത്തില്‍ ജോലി ചെയ്യുകയാണ്. ഇവിടെ പണപ്പെരുപ്പം കുറയണമെങ്കില്‍ ആഭ്യന്തര ഉത്പാദനം ഉയര്‍ത്തുകയും മദ്യം, പെട്രോള്‍ എന്നിവയുടെ നികുതി കുറയ്ക്കുകയുമാണ് വേണ്ടതെന്ന് ജോസ് സെബാസ്റ്റ്യന്‍ പറയുന്നു.
ആഹാര-പാനീയങ്ങള്‍, ഭവന വാടക നിരക്ക്, യാത്രാച്ചെലവ്, ഇന്ധനവില, വൈദ്യുതി, പുകയില- സിഗരറ്റ് മുതലായവയുടെ വില, ചില്ലറ വസ്തുക്കളുടെയും സേവനങ്ങളുടെയും വില തുടങ്ങിയവയാണ് സൂചിക തയാറാക്കാന്‍ പരിഗണിക്കുന്നത്. ആഹാര സാധനങ്ങളാണ് വെയ്‌റ്റേജില്‍ 46 ശതമാനം വരുന്നത്. കേരളത്തില്‍ അരിയും പച്ചക്കറിയുമെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കൊണ്ടു വരുന്നതെന്നതാണ് വിലക്കയറ്റം ഉയര്‍ത്തുന്നത്. വെളിച്ചെണ്ണ, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പത്തിലേക്ക് നയിക്കുന്നത്.
സപ്ലൈക്കോ ഉള്‍പ്പെടെയുള്ള പൊതുവിതരണ സമ്പ്രദായങ്ങളിലൂടെ ഇത് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് പോരാ എന്നതാണ് തുടര്‍ച്ചയായ വര്‍ധന വ്യക്തമാക്കുന്നത്.
ഇതിനൊപ്പം ഉയര്‍ന്ന പെട്രോള്‍, ഡീസല്‍ വിലകളും, ഉയര്‍ന്ന വൈദ്യുതി നിരക്കുകളും കേരളത്തിലുണ്ട്. ഇത് എല്ലാത്തിലും പ്രതിഫലിക്കുന്നു.
കേരളത്തിലെ ഉപയോക്തൃ വില സൂചികയില്‍ മുന്നില്‍ നില്‍ക്കുന്നത് ഓയില്‍ ആന്‍ഡ് ഫാറ്റ്‌സ്, ഫ്രൂട്‌സ്, പേഴ്‌സണല്‍ കെയര്‍ ആന്‍ഡ് എഫക്ട്, തയാറാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ (സ്‌നാക്‌സ്, സ്വീറ്റ്‌സ് പോലുള്ള), നോണ്‍ ആല്‍ക്കഹോളിക് ബിവറേജസ് എന്നിവയാണ്. ഇതില്‍ ഓയില്‍ ആന്‍ഡ് ഫാറ്റാണ് 104 ശതമാനം വര്‍കാണിക്കുന്നത്. വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍, കടുകെണ്ണ, വെണ്ണ, നെയ്യ് തുടങ്ങിയവയൊക്കെയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഭക്ഷ്യ എണ്ണയുടെ വിലയെ സ്വാധീനിക്കുന്നത് ആഗോള കമ്മോഡിറ്റി വിപണികളാണ്. പ്രത്യേകിച്ചും പാമോയില്‍, സോയാബീന്‍ തുടങ്ങിയ ഭക്ഷ്യ എണ്ണയുടെ 60 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. രൂപ ദുര്‍ബലമാകുമ്പോള്‍ ഇവയുടെ വില ഉയരും. വെളിച്ചെണ്ണയും പാമോയിലും ഒക്കെ കൂടുതല്‍ ഉപയോഗിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ വില കൂടും. അതാണ് 104 ശതമാനം വരെ വില വര്‍ധിച്ചതായി കാണുന്നത്.
അതേപോലെ സോപ്പ്, ഷാംപൂ, ടൂത്ത്‌പേസ്റ്റ്, ഹെയര്‍ ഓയില്‍, ഷേവിംഗ് ക്രീം തുടങ്ങിയവയുടെ വില വര്‍ധനയും പണപ്പെരുപ്പത്തിന് കാരണമാകുന്നു. പാക്കേജ് ചെയ്ത ഉല്‍പന്നങ്ങള്‍, പാം ഓയില്‍, പെര്‍ഫ്യൂം കെമിക്കല്‍സ്, പ്ലാസ്റ്റിക്സ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും ജിഎസ്ടി സംബന്ധമായ ഇന്‍പുട്ട് ചെലവുകളുമാണ് പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങളുടെ വില ഉയര്‍ത്തുന്നത്.
വില ഉയര്‍ന്നാലും ഉപയോഗത്തില്‍ കുറവു വരുന്നില്ലെന്നതാണ് പണപ്പെരുപ്പത്തിന് കാരണമാകുന്നത്. വെളിച്ചെണ്ണ വില 220 രൂപയില്‍ നിന്ന് 530 രൂപയായപ്പോഴും മലയാളികള്‍ ഇത് വാങ്ങി ഉപയോഗിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ സാധനങ്ങള്‍ക്ക് വില ഉയരുമ്പോള്‍ അത് വാങ്ങാതെ സാധനങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ വരികയും വില കുറയുകയും ചെയ്യും. വേതനം കൂടുതലായതിനാല്‍ തന്നെ കേരളത്തില്‍ വില ഉയര്‍ന്നാലും വാങ്ങാന്‍ ആളുകള്‍ മടികാണിക്കില്ല.
Read DhanamOnline in English
Subscribe to Dhanam Magazine