കൊടും വേനലും അപ്രഖ്യാപിത പവര്‍ കട്ടും: 'സൂര്യവെളിച്ചം' സൂപ്പര്‍ ഹിറ്റ്, സബ്‌സിഡിയില്‍ സ്വന്തമാക്കാന്‍ അന്വേഷണം തകൃതി

സെപ്റ്റംബര്‍ വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം സൗരോര്‍ജ്ജ മേഖലയില്‍ വന്‍ കുതിപ്പാണ് കേരളം കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിന്ന് ആകെ 4,53,893 അപേക്ഷകളാണ് പദ്ധതിക്കായി ലഭിച്ചത്.
roof top solar image
canva
Published on

കത്തിപ്പടരുന്ന വേനലിലും അപ്രഖ്യാപിത ലോഡ്‌ഷെഡിങ്ങിലും വലയുന്ന കേരളം ആശ്വാസം കണ്ടെത്തുന്നത് സൗരോര്‍ജ്ജത്തില്‍. ഉയര്‍ന്ന ബില്ലും പവര്‍ കട്ടും മൂലം സാധാരണക്കാര്‍ക്ക് മുന്നില്‍ ശാശ്വത പരിഹാരമായി മാറുകയാണ് റൂഫ്ടോപ്പ് സോളാര്‍ പ്ലാന്റുകള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച CORE RENeV Expo 2026 ഈ മാറ്റത്തിന്റെ നേര്‍ക്കാഴ്ചയായി മാറി.

കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച റിന്യൂവബിള്‍ എനര്‍ജി എക്‌സ്‌പോ ആയിരുന്നു ഇത്. വിപണിയിലെ വന്‍കിട നിര്‍മ്മാതാക്കളും ഉപഭോക്താക്കളും ഒരുപോലെ പദ്ധതിയെ വരവേറ്റുവെന്ന് എക്‌സ്‌പോയുടെ പാട്രണും പി.എം സൂര്യ ഘര്‍ പദ്ധതിയുടെ മുന്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ നൗഷാദ് വ്യക്തമാക്കി.

17,500ലധികം ആളുകളാണ് എക്‌സ്‌പോയില്‍ പങ്കെടുത്തത്. ഇതില്‍ ഭൂരിഭാഗവും ബി 2 സി ഭാഗത്തിലുള്ളവരായിരുന്നുവെന്നതും ഇത് ശരിവയ്ക്കുന്നു.

സബ്‌സിഡി കൈവിടാതിരിക്കാന്‍, പ്രതിമാസം 35,000 രജിസ്‌ട്രേഷനുകള്‍

സംസ്ഥാനത്ത് പ്രതിമാസം ശരാശരി 35,000 പേരാണ് പി.എം സൂര്യ ഘര്‍ പദ്ധതി വഴി പുതിയ സോളാര്‍ കണക്ഷനുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നത്. പദ്ധതിയുടെ കാലാവധി 2027 മാര്‍ച്ച് 31 വരെയുള്ള കേവലം ഏഴ് മാസങ്ങള്‍ കൂടി മാത്രമായതാണ് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജന വഴി രാജ്യത്തെ ഒരു കോടി വീടുകളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. ഇതില്‍ 55 ലക്ഷത്തിലധികം ലക്ഷ്യങ്ങള്‍ ഇതിനകം കൈവരിച്ചു കഴിഞ്ഞു.

സെപ്റ്റംബര്‍ വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം സൗരോര്‍ജ്ജ മേഖലയില്‍ വന്‍ കുതിപ്പാണ് കേരളം കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിന്ന് ആകെ 4,53,893 അപേക്ഷകളാണ് പദ്ധതിക്കായി ലഭിച്ചത്. ഇതിലൂടെ 3,47,178 സോളാര്‍ പ്ലാന്റുകള്‍ വിജയകരമായി സ്ഥാപിക്കുകയും 3,54,131 വീടുകള്‍ക്ക് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കുകയും ചെയ്തു. ആകെ 1,344.74 മെഗാവാട്ട് (MW) ഉത്പാദന ശേഷിയാണ് ഇതിലൂടെ കൈവരിച്ചത്. കൂടാതെ, ഉപഭോക്താക്കള്‍ക്കായി 2,263.24 കോടി രൂപയുടെ കേന്ദ്ര സബ്‌സിഡിയും അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മാസത്തില്‍ മാത്രം ഇതുവരെ 15,193 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. 13,109 വീടുകളില്‍ സോളാര്‍ സ്ഥാപിച്ചു. 9,480 വീടുകളില്‍ പരിശോധന നടന്നു വരുന്നു.

കറന്റ് കട്ട് നേരിടുന്നതിന് ഉപരിയായി, സോളാര്‍ ഊര്‍ജ്ജത്തോടുള്ള ജനങ്ങളുടെ പൊതുവായ താല്പര്യമാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സോളാര്‍ സബ്‌സിഡി പദ്ധതിയുടെ കാലാവധി മാര്‍ച്ച് മാസത്തോടെ അവസാനിക്കാനിരിക്കുന്നതും, വരും മാസങ്ങളില്‍ നിയമങ്ങളില്‍ വരാന്‍ സാധ്യതയുള്ള മാറ്റങ്ങളുമാണ് കൂടുതല്‍ ആളുകളെ പെട്ടെന്ന് സോളാറിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നത്.

വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ (EV) ഉപയോഗവും വന്‍തോതില്‍ വര്‍ധിച്ചുവരികയാണ്. വീടുകളില്‍ ഇവി ചാര്‍ജിംഗ് ആവശ്യങ്ങള്‍ വര്‍ധിച്ചതും സോളാര്‍ ഉത്പാദനത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.

കേന്ദ്ര സബ്സിഡിയും സാമ്പത്തിക ആനുകൂല്യങ്ങളും

പദ്ധതി പ്രകാരം 1 കിലോവാട്ട് സിസ്റ്റത്തിന് 30,000 രൂപയും, 2 കിലോവാട്ട് സിസ്റ്റത്തിന് 60,000 രൂപയും, 3 കിലോവാട്ടോ അതിന് മുകളിലോ ഉള്ള സിസ്റ്റങ്ങള്‍ക്ക് പരമാവധി 78,000 രൂപയുമാണ് സബ്സിഡിയായി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്നത്. ഉദാഹരണത്തിന്, 2 ലക്ഷം രൂപ ചെലവ് വരുന്ന 3 കിലോവാട്ട് പ്ലാന്റിന് 78,000 രൂപ സബ്സിഡി കിഴിച്ചാല്‍ ഉപഭോക്താവ് 1,22,000 രൂപ മാത്രം മുടക്കിയാല്‍ മതിയാകും. ഇതിനായി എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ദേശീയസാത്കൃത ബാങ്കുകള്‍ 5.25% കുറഞ്ഞ പലിശ നിരക്കില്‍ ഈടില്ലാത്ത (കൊളാറ്ററല്‍ ഫ്രീ) വായ്പകളും ലഭ്യമാക്കുന്നുണ്ട്.

റെഗുലേഷന്‍ തടസങ്ങള്‍ മാറും; ഒക്ടോബറില്‍ പുതിയ വൈദ്യുതനയം

സംസ്ഥാനത്തെ വൈദ്യുത മേഖല നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ ഒക്ടോബറില്‍ പുതിയ വൈദ്യുതനയം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി് വി.ഡി. സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തെ അനുഭവങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും ഈ നയം രൂപീകരിക്കുക. ഒന്നര വര്‍ഷമായി നിശ്ചലമായി കിടക്കുന്ന റഗുലേഷന്‍സിലെ തടസങ്ങള്‍ മാറ്റി സൗരോര്‍ജ്ജ ഉപഭോഗത്തിന് അനുകൂലമായ അന്തരീക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

'വൈദ്യുതി ഉപയോഗം രാജ്യത്താകെ ഉയരുകയാണ്. എങ്കിലും കൂടുതല്‍ വൈദ്യുതി സ്വന്തമായി ഉണ്ടാക്കാന്‍ കഴിയുന്നില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത വളരെ കുറഞ്ഞു. പവര്‍ ക്രൈസിസിന് ന്യൂക്ലിയറോ മറ്റ് മാര്‍ഗ്ഗങ്ങളോ സൊല്യൂഷനല്ല, സോളാര്‍ തന്നെയാണ് ശാശ്വത പരിഹാരം.' -

വി.ഡി. സതീശന്‍

വൈദ്യുതി ആവശ്യകതയും താരിഫ് വര്‍ധനയും

കേരളത്തിന്റെ ഊര്‍ജ്ജ ആവശ്യത്തിന്റെ 85 ശതമാനവും പുറത്തുനിന്ന് വാങ്ങുന്ന സാഹചര്യമാണുള്ളത്. 2015 മുതല്‍ 2023 വരെ വൈദ്യുതി യൂണിറ്റിന് 8 പൈസ മാത്രമായിരുന്നു വാങ്ങിയിരുന്നതെങ്കില്‍, നിലവില്‍ അത് യൂണിറ്റിന് 14 രൂപ വരെ ഉയര്‍ന്ന നിരക്കിലാണ് വാങ്ങുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്ര വിഹിതമായി ലഭിച്ചിരുന്ന വൈദ്യുതി ലഭ്യത വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, മുന്‍പ് വാങ്ങിയ വൈദ്യുതിയുടെ വില നല്‍കാത്തതിനാല്‍ സപ്ലൈയര്‍മാര്‍ വൈദ്യുതി നല്‍കുന്നില്ല. നിലവില്‍ കേന്ദ്ര കരാര്‍ അനുസരിച്ച് സര്‍ക്കാരിന് 25 വര്‍ഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാമെന്നിരിക്കെ, ദീര്‍ഘകാല കരാറുകള്‍ ഒഴിവാക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. ഒപ്പം വൈകുന്നേരങ്ങളിലെ പീക്ക് സമയത്ത് ഉയര്‍ന്ന നിരക്കില്‍ (യൂണിറ്റിന് 10 മുതല്‍ 14 രൂപ വരെ) വൈദ്യുതി വാങ്ങേണ്ടി വരുന്നത് ബോര്‍ഡിന് വലിയ സാമ്പത്തിക ബാധ്യതയാകുന്നു.

പവര്‍ ക്രൈസിസിന് പോള്‍ മൗണ്ടഡ് സ്റ്റോറേജ് പരിഹാരം

എനര്‍ജി കോണ്‍ക്ലേവില്‍ ചര്‍ച്ചയായ ഏറ്റവും പ്രധാന പ്രൊപ്പോസലുകളിലൊന്നാണ് പോള്‍ മൗണ്ടഡ് സ്റ്റോറേജ് സിസ്റ്റം (Pole Mounted Storage System). വൈകുന്നേരങ്ങളിലെ പീക്ക് സമയത്ത് ഉയര്‍ന്ന താരിഫ് ഒഴിവാക്കാനും, പകല്‍ സോളാറില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി പോസ്റ്റുകളിലെ സ്റ്റോറേജ് സിസ്റ്റത്തില്‍ സൂക്ഷിച്ച് രാത്രികാലങ്ങളില്‍ വീടുകളിലേക്ക് കുറഞ്ഞ നിരക്കില്‍ നല്‍കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

പോള്‍ മൗണ്ടഡ് സ്റ്റോറേജ് പദ്ധതി പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇപ്പോള്‍ നമ്മള്‍ ഫേസ് ചെയ്യുന്ന പവര്‍ ക്രൈസിസിന് ഒരു പരിഹാരം ഉണ്ടാകും എന്നതില്‍ സംശയമില്ല.'

നൗഷാദ് (മുന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ & പി.എം. സൂര്യഘര്‍ മുന്‍ നോഡല്‍ ഓഫീസര്‍)

സോളാര്‍ സിസ്റ്റങ്ങള്‍: ഏതാണ് നിങ്ങള്‍ക്ക് അനുയോജ്യം?

1. ഓണ്‍-ഗ്രിഡ് സിസ്റ്റം: പകല്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടുആവശ്യത്തിന് ശേഷം കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുന്നു. ബാറ്ററി ബാക്കപ്പ് ഇല്ലെങ്കിലും ബില്ല് പൂജ്യമാക്കാന്‍ ഏറ്റവും മികച്ചതാണ്.

2. ഓഫ്-ഗ്രിഡ് സിസ്റ്റം: പാനലുകള്‍ക്കൊപ്പം ഇന്‍വെര്‍ട്ടറും ബാറ്ററിയും ഉണ്ടാകും. പവര്‍ കട്ട് ഉള്ള സമയത്തും രാത്രിയിലും ബാറ്ററി ബാക്കപ്പ് ഉപയോഗിക്കാം.

3. ഹൈബ്രിഡ് സിസ്റ്റം: ഓണ്‍-ഗ്രിഡ്, ഓഫ്-ഗ്രിഡ് രീതികളുടെ മിശ്രിതം. ബില്ല് കുറയ്ക്കുന്നതിനൊപ്പം തടസ്സമില്ലാത്ത ബാറ്ററി ബാക്കപ്പും ഉറപ്പുനല്‍കുന്നു.

ഒരു 3 kW പ്ലാന്റില്‍ നിന്ന് പ്രതിദിനം ശരാശരി 15 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. 2 എ.സി വരെയുള്ള സാധാരണ വീടുകള്‍ക്ക് 3 kW പ്ലാന്റ് ധാരാളമാണ്. 3 എ.സിയോ അതില്‍ കൂടുതലോ ഉപയോഗിക്കുന്നവര്‍ക്ക് 5 kW പ്ലാന്റുകള്‍ തിരഞ്ഞെടുക്കാം (എന്നാല്‍ സബ്സിഡി പരമാവധി 78,000 രൂപയായിരിക്കും).

ഹൈബ്രിഡ് ഇന്‍വെര്‍ട്ടര്‍ വേണമെന്നുണ്ടോ?

നിലവിലെ റഗുലേഷന്‍ പ്രകാരം ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകള്‍ നിര്‍ബന്ധമല്ലെങ്കിലും, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS) ഉള്ള ഹൈബ്രിഡ് സിസ്റ്റം തിരഞ്ഞെടുക്കുന്നത് രാത്രികാലങ്ങളില്‍ സ്വന്തം വൈദ്യുതി ഉപയോഗിക്കാന്‍ സഹായിക്കും. സാധാരണ 3 kW പ്ലാന്റിന് 2 ലക്ഷം രൂപയോളം ചെലവ് വരുമ്പോള്‍, ഹൈബ്രിഡ് സംവിധാനത്തിന് ഏകദേശം 3.5 ലക്ഷം രൂപ വരെയാകും.

കെ.എസ്.ഇ.ബി ടൈം ഓഫ് ഡേ (TOD) മീറ്ററിംഗ് നടപ്പിലാക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകളിലേക്ക് മാറുന്നത് ഭാവിയില്‍ ലാഭകരമായിരിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

PM Surya Ghar Muft Bijli Yojana records over 3.47 lakh solar installations in Kerala with KSEB net-metering and upcoming energy policy updates.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com