സെമികണ്ടക്ടർ രംഗത്ത് കേരളത്തിന് അവസരങ്ങളേറെ; ചിപ്പ് നിർമാണത്തിൽ എവിടെയാണ് അവസരം? ഡിസൈൻ മുതൽ പാക്കേജിങ് വരെ സാധ്യതകൾ

വന്‍കിട ഫാക്ടറികളോട് മത്സരിക്കാതെ സ്വന്തം സാങ്കേതിക വൈദഗ്ധ്യത്തിലൂടെ ആഗോള സെമികണ്ടക്ടര്‍ ഭൂപടത്തില്‍ ഇടംപിടിക്കാന്‍ കേരളത്തിന് സാധിക്കുമോ?
semiconductor ecosystem, chip design
Published on: 

നമ്മുടെ കയ്യിലെ സ്മാര്‍ട്ട്‌ഫോണിന്റെ വേഗം മുതല്‍ കാറിന്റെ സുരക്ഷയും എയര്‍കണ്ടീഷണറിന്റെ പ്രവര്‍ത്തനക്ഷമതയും വരെ നിര്‍ണയിക്കുന്നത് കാഴ്ചയില്‍ പോലും തിരിച്ചറിയാനാകാത്ത ഒരു ചെറുഘടകമാണ്; സെമികണ്ടക്ടര്‍ ചിപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സെന്ററുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, പ്രതിരോധം, ബഹിരാകാശ ഗവേഷണം തുടങ്ങി നാളെയുടെ സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്ന മേഖലകളുടെയും നിര്‍ണായക ശക്തിയും ഇതുതന്നെ. ചിപ്പുകളുടെ രൂപകല്‍പന മുതല്‍ നിര്‍മാണം വരെയുള്ള മേഖലകളില്‍ സ്വയംപര്യാപ്തത നേടാന്‍ ഇന്ത്യ ആവിഷ്‌കരിച്ച പദ്ധതിയാണ് ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍. 2026 ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ISM 2.0യ്ക്ക് 1,000 കോടി രൂപ വകയിരുത്തി. ജൂലൈയില്‍ 1,27,500 കോടിയുടെ മൊത്തം സാമ്പത്തിക വിഹിതവും പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ആദ്യഘട്ട സെമികണ്ടക്ടര്‍ പദ്ധതിയില്‍ 12 നിര്‍മാണ യൂണിറ്റുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഗുജറാത്തിലെ ധോലേരയില്‍ ടാറ്റയുടെ വന്‍കിട സിലിക്കണ്‍ ഫാബ്, സാനന്ദിലെ മൈക്രോണിന്റെ പാക്കേജിങ് യൂണിറ്റ്, അസമിലെ ടാറ്റയുടെ പാക്കേജിങ് പദ്ധതി എന്നിവ ശ്രദ്ധേയമാണ്. ഇതില്‍ അഞ്ച് യൂണിറ്റുകളില്‍ വാണിജ്യ ഉല്‍പാദനം ആരംഭിച്ചുകഴിഞ്ഞു.

സാധ്യതകളും പരിമിതികളും

ഭൂമിയുടെ ലഭ്യതക്കുറവ്, ജനസാന്ദ്രത, ജലവിഭവങ്ങളുടെ ഉപയോഗം, പരിസ്ഥിതി നിയന്ത്രണങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കാരണം ഗുജറാത്തിലെ ധോലേരയില്‍ ഉള്ളതുപോലെ വന്‍കിട സിലിക്കണ്‍ ഫാബുകള്‍ കേരളത്തില്‍ സ്ഥാപിക്കുക എന്നത് പ്രായോഗികമായി വെല്ലുവിളിയാണ്. എന്നാല്‍ ചിപ്പ് ഡിസൈന്‍, ഗവേഷണം, IP വികസനം, പ്രോട്ടോടൈപ്പിങ്, അഡ്വാന്‍സ്ഡ് പാക്കേജിങ്, ടെസ്റ്റിങ്, സെന്‍സര്‍ സാങ്കേതിക വിദ്യകള്‍ തുടങ്ങി നിരവധി മേഖലകളിലെ സാധ്യതകള്‍ കേരളത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്.

അനുകൂല ഘടകങ്ങള്‍

  • എന്‍ജിനീയറിങ് ടാലന്റ്: നിരവധി എന്‍ജിനീയറിങ് ബിരുദധാരികള്‍ കേരളത്തില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ട്. ഇവരെ VLSI ഡിസൈന്‍, ചിപ്പ് വെരിഫിക്കേഷന്‍, എംബഡഡ് സിസ്റ്റംസ്, അനലോഗ് ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ വ്യവസായത്തിന് അനുയോജ്യമായ രീതിയില്‍ പരിശീലിപ്പിക്കാന്‍ കഴിഞ്ഞാല്‍ മികച്ച മനുഷ്യവിഭവശേഷി സൃഷ്ടിക്കാനാകും.

  • പാരമ്പര്യവും അടിസ്ഥാനസൗകര്യങ്ങളും: കെല്‍ട്രോണിന് ഇലക്ട്രോണിക്‌സ് വ്യവസായത്തിന്റെ ആദ്യകാല വളര്‍ച്ചയില്‍ പങ്കുവഹിച്ച ചരിത്രമുണ്ട്. കാക്കനാട്ടെ കിന്‍ഫ്ര ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍, കളമശ്ശേരിയിലെ മേക്കര്‍ വില്ലേജ്, തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക്, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയവ പുതിയ ഇലക്ട്രോണിക്‌സ്-സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥക്ക് അടിത്തറയാക്കാം.

  • ഗവേഷണ സ്ഥാപനങ്ങളുടെ സാന്നിധ്യം: കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, C-DAC, IIITM-K, വിവിധ എന്‍ജിനീയറിങ് സ്ഥാപനങ്ങള്‍ എന്നിവയുടെ ഗവേഷണ ശേഷി ചിപ്പ് ഡിസൈന്‍, സെന്‍സറുകള്‍, എംബഡഡ് സിസ്റ്റംസ്, പവര്‍ ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളില്‍ പ്രയോജനപ്പെടുത്താം.

  • കോമ്പൗണ്ട് സെമികണ്ടക്ടറുകളുടെ സാധ്യത: പരമ്പരാഗത സിലിക്കണ്‍ ചിപ്പുകള്‍ക്ക് പുറമെ ഗാലിയം നൈട്രൈഡ് (GaN), സിലിക്കണ്‍ കാര്‍ബൈഡ് (SiC) തുടങ്ങിയ വൈഡ് ബാന്‍ഡ് ഗ്യാപ് സെമികണ്ടക്ടറുകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍, ഫാസ്റ്റ് ചാര്‍ജറുകള്‍, പവര്‍ കണ്‍വേര്‍ട്ടറുകള്‍, വ്യാവസായിക ഉപകരണ മേഖല എന്നിവിടങ്ങളില്‍ വലിയ പ്രാധാന്യമുണ്ട്. ഈ മേഖലകളിലെ ഗവേഷണം, ഉപകരണ രൂപകല്‍പന, മെറ്റീരിയല്‍ പരിശോധന, ആപ്ലിക്കേഷന്‍ വികസനം എന്നിവയില്‍ ഇടം കണ്ടെത്താനാകും.

തുടങ്ങിക്കഴിഞ്ഞു

കേരളം ഇതിനകം Semicon Keralam എന്ന പേരില്‍ സംസ്ഥാനതല സെമികണ്ടക്ടര്‍ മിഷന്‍ രൂപീകരിക്കുകയും ഡിസൈന്‍, ഗവേഷണം, പരിശീലനം, സ്റ്റാര്‍ട്ടപ്പ് വികസനം, വ്യവസായ ബന്ധം എന്നിവ ഏകോപിപ്പിക്കുന്ന പദ്ധതികള്‍ മുന്നോട്ടുവെക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന്റെ ഭാഗമായുള്ള പ്രധാന പദ്ധതികള്‍ നോക്കാം.

  • Kerala Semiconductor Design Cetnre (KSDC): ചിപ്പ് ഡിസൈന്‍, വെരിഫിക്കേഷന്‍, സിന്തസിസ്, ഫിസിക്കല്‍ ഡിസൈന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. വ്യവസായ നിലവാരത്തിലുള്ള EDA ടൂളുകളും ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടിങ് സൗകര്യങ്ങളും ഉപയോഗിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും ഡിസൈന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായിക്കുന്ന സംവിധാനമാണിത്.

  • Kerala Semiconductor Cloud (KSC): Synospys, Cadence, Siemens തുടങ്ങിയ കമ്പനികളുടെ വിലയേറിയ ഡിസൈന്‍ സോഫ്റ്റ്‌വെയറുകളും IP ലൈബ്രറികളും സിമുലേഷന്‍ സംവിധാനങ്ങളും ക്ലൗഡ് അധിഷ്ഠിതമായി സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം.

  • Cleanroom Complex: MEMS, സെന്‍സറുകള്‍, ഫോട്ടോണിക്‌സ്, മൈക്രോഫ്‌ളൂയിഡിക്‌സ് തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിനും പ്രോട്ടോടൈപ്പിങ്ങിനും ആവശ്യമായ നിയന്ത്രിത അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.

  • AnalogiX പരിശീലന കേന്ദ്രം: സെമികണ്ടക്ടര്‍ മേഖലക്കാവശ്യമായ ഉയര്‍ന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി വാര്‍ത്തെടുക്കുന്നതിനായി വ്യവസായ പങ്കാളിത്തത്തോടെ പ്രത്യേക പരിശീലന പരിപാടികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം.

ഇവയെല്ലാം ഒരേസമയം പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളല്ല. ചിലത് നിലവിലുള്ള സൗകര്യങ്ങളും ചിലത് നടപ്പാക്കല്‍ ഘട്ടത്തിലുള്ളതും മറ്റു ചിലത് ഭാവി ലക്ഷ്യങ്ങളുമാണ്.

എന്താണ് ഇനി വേണ്ടത്?

  • കേന്ദ്രീകൃത EDA ടൂള്‍ ബാങ്ക്: Kerala Semiconductor Cloud പദ്ധതി വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കി സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും വ്യവസായ നിലവാരത്തിലുള്ള EDA ടൂളുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കണം.

  • സിലിക്കണ്‍ ഫിനിഷിങ് സ്‌കൂളുകള്‍: എന്‍ജിനീയറിങ് ബിരുദധാരികളെ വ്യവസായത്തിന് അനുയോജ്യമായ ചിപ്പ് ഡിസൈന്‍, VLSI, അനലോഗ് ഡിസൈന്‍, വെരിഫിക്കേഷന്‍, ഫിസിക്കല്‍ ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ പരിശീലിപ്പിക്കണം.

  • ടേപ്പ്-ഔട്ട് (Tapeout), MPW ഫണ്ടിങ്: രൂപകല്‍പന ചെയ്ത ചിപ്പുകള്‍ വിദേശത്തെയോ, ഇന്ത്യയിലെയോ ഫൗണ്ടറികളില്‍ നിര്‍മിച്ച് പരീക്ഷിക്കുന്നതിനുള്ള ചെലവ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ വെല്ലുവിളിയാണ്. MultiProject Wafer സംവിധാനം വഴി ഒന്നിലധികം ഡിസൈനുകള്‍ ഒരു വേഫറില്‍ ഉള്‍പ്പെടുത്തി ചെലവ് പങ്കിടാനാകും. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഫണ്ട് രൂപീകരിക്കണം. കേരളത്തിലെ CHIPMAT Commercialisation Grant ഇതിനൊരു തുടക്കമാണ്.

  • ടെസ്റ്റിങ്, ക്യാരക്ടറൈസേഷന്‍ ലാബുകള്‍: ചിപ്പുകളുടെ ഗുണനിലവാരം, വൈദ്യുത സവിശേഷതകള്‍, താപനിലയിലെ പ്രവര്‍ത്തനക്ഷമത, വിശ്വാസ്യത എന്നിവ പരിശോധിക്കുന്നതിന് അത്യാധുനിക ലാബുകള്‍ ആവശ്യമാണ്.

  • കോമ്പൗണ്ട് സെമികണ്ടക്ടറുകളില്‍ ശ്രദ്ധ: GaN, SiC തുടങ്ങിയ വൈഡ് ബാന്‍ഡ്ഗ്യാപ് സെമികണ്ടക്ടറുകളുടെ ഗവേഷണം, പവര്‍ ഇലക്ട്രോണിക്‌സ് ഡിസൈന്‍, സെന്‍സറുകള്‍, പ്രത്യേക ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ കേരളത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാം.

  • ആങ്കര്‍ കമ്പനികളെ ആകര്‍ഷിക്കല്‍: ക്വാല്‍കോം, ഇന്‍ടെല്‍, എന്‍വിഡിയ തുടങ്ങിയ ആഗോള കമ്പനികളുടെ ഡിസൈന്‍, ഗവേഷണ കേന്ദ്രങ്ങള്‍ കേരളത്തിലെത്തിക്കാന്‍ ശ്രമിക്കണം. എന്നാല്‍ ഒരു വന്‍കിട കമ്പനിയെ മാത്രം ആശ്രയിക്കുന്നതിന് പകരം നിരവധി സെമികണ്ടക്ടര്‍ ഡിസൈന്‍ കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്ന ഇക്കോസിസ്റ്റം സൃഷ്ടിക്കുകയാണ് വേണ്ടത്.

സെമികണ്ടക്ടര്‍ മേഖലയിലെ വെല്ലുവിളികള്‍ പ്രായോഗികമായി മറികടക്കാനുള്ള കൃത്യമായ റോഡ്മാപ്പുമായാണ് 'സെമികോണ്‍ കേരളം' മുന്നോട്ടുപോകുന്നത്. ഈ രംഗത്തിന് ആവശ്യമായ ഉയര്‍ന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി വാര്‍ത്തെടുക്കാന്‍ വ്യവസായ പങ്കാളിത്തത്തോടെയുള്ള 'അനലോഗിക്‌സ്' പരിശീലന കേന്ദ്രങ്ങള്‍ക്ക് ഞങ്ങള്‍ തുടക്കം കുറിക്കുകയാണ്. ഒപ്പം, മേക്കര്‍ ഹബ്ബിലൂടെ അഗ്രിടെക്, മാനു ഫാക്ചറിങ്, സ്മാര്‍ട്ട് മീറ്ററുകള്‍, ക്യാമറകള്‍, സെന്‍സറുകള്‍, ഓട്ടോമോട്ടീവ് തുടങ്ങി കേരളത്തിലെ വിവിധ വ്യവസായ മേഖലകളിലേക്ക് ആവശ്യമായ ചിപ്പ്-ഉല്‍പന്ന ആപ്ലിക്കേഷന്‍ പൈലറ്റ് പ്രോജക്റ്റുകളെ നേരിട്ട് ബന്ധിപ്പിക്കും.

പ്രൊഫ. അലക്‌സ് ജെയിംസ്, ഡയറക്റ്റര്‍, സെമികോണ്‍ കേരളം

(Originally published in Dhanam Magazine November 30, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```