കേരള സൂപ്പര്‍ ലീഗില്‍ 8 ടീമുകള്‍; ഒന്നാം സീസണില്‍ ഒഴുകുക ₹150 കോടി

ആരാധകരുടെ എണ്ണവും ആവേശവും പരിഗണിച്ചാല്‍ ഇന്ത്യയില്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമായ കേരളത്തില്‍ കൂടുതല്‍ ആഘോഷങ്ങള്‍ക്ക് കളമൊരുക്കി കേരള സൂപ്പര്‍ ലീഗ് (കെ.എസ്.എല്‍) വരുന്നു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, കായികരംഗത്തെ പ്രൊഫണല്‍ പരിശീലന സ്ഥാപനമായ സ്‌കോര്‍ലൈന്‍ എന്നിവയുടെ പിന്തുണയോടെ നടക്കുന്ന കെ.എസ്.എല്‍ ആദ്യ സീസണ്‍ നവംബറില്‍ ആരംഭിച്ച് 90 ദിവസത്തേക്ക് നടത്തുകയാണ് ലക്ഷ്യമെന്ന് കെ.എസ്.എല്‍ സി.ഇ.ഒ മാത്യു ജോസഫ് പറഞ്ഞു.

എട്ട് ടീമുകള്‍
കെ.എസ്.എല്‍ ഒന്നാം സീസണില്‍ കേരളത്തില്‍ നിന്ന് തന്നെ രൂപീകരിക്കപ്പെടുന്ന എട്ട് ടീമുകളാണുണ്ടാവുക. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ഒന്നുവീതവും മലപ്പുറത്ത് നിന്ന് രണ്ടും ടീമുകളാണ് ഉദ്ദേശിക്കുന്നത്. വിദേശ കളിക്കാരെയും ഉള്‍ക്കൊള്ളിക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അനുവദിച്ചിട്ടുണ്ട്. ഓരോ ടീമിനും പരമാവധി 6 വിദേശ താരങ്ങളെ അനുവദിച്ചേക്കും. കളിക്കുന്ന 11 പേരില്‍ (പ്ലെയിംഗ് ഇലവന്‍) ആറുപേര്‍ കേരളത്തില്‍ നിന്നുള്ളവര്‍ തന്നെയാകണം എന്ന നിബന്ധനയും വന്നേക്കും.
ഫ്രാഞ്ചൈസികളെ ജൂണില്‍ അറിയാം
ഫ്രാഞ്ചൈസി ഉടമകളെ കണ്ടെത്താനായി സെലബ്രിറ്റികള്‍ അടക്കം നിരവധി മേഖലകളില്‍ നിന്നുള്ളവരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മാത്യു ജോസഫ് പറഞ്ഞു. കേരളത്തിന് പുറത്തുള്ളവര്‍ക്കും ഫ്രാഞ്ചൈസി ഉടമകളാകാം. ജൂണില്‍ 8 ഫ്രാഞ്ചൈസികളും സജ്ജമാകുന്ന വിധത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഫ്രാഞ്ചൈസി ചെലവ്, താരങ്ങളുടെ പ്രതിഫലം, അനുബന്ധച്ചെലവുകള്‍ തുടങ്ങി ഏകദേശം 150 കോടി രൂപയായിരിക്കും കെ.എസ്.എല്‍ ഒന്നാം സീസണിന്റെ മൊത്തം മൂല്യം. ഫ്രാഞ്ചൈസികളെ 2.5-3 കോടി രൂപയ്ക്ക് സ്വന്തമാക്കാനാകും. താരങ്ങളുടെ പ്രതിഫലമടക്കം ഫ്രാഞ്ചൈസിയുടെ മൊത്തം മൂല്യം 10 കോടിയോളം രൂപയായിരിക്കും.
ലേലം ജൂലായില്‍, പ്രതീക്ഷിക്കാം ഉയര്‍ന്ന പ്രതിഫലം
താരലേലം ജൂലായില്‍ നടത്താനാണുദ്ദേശിക്കുന്നത്. മികച്ച കഴിവുള്ളവരെ കണ്ടെത്താനും ടൂര്‍ണമെന്റിന് ഉന്നത നിലവാരം ഉറപ്പാക്കി കാണികളുടെ ബാഹുല്യം ശക്തമാക്കാനുമായി ഉയര്‍ന്ന വേതനം തന്നെ താരങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമമെന്ന് സംഘാടകരില്‍ ഒരാളും ഗ്രൂപ്പ് മീരാന്‍ ചെയര്‍മാനുമായ നവാസ് മീരാന്‍ പറഞ്ഞു. നേരത്തേ അരങ്ങേറിയ കേരള പ്രീമിയര്‍ ലീഗിനേക്കാള്‍ പത്ത് മടങ്ങ് അധിക പ്രതിഫലം പ്രതീക്ഷിക്കാം.
ലേലത്തില്‍ താരങ്ങള്‍ക്ക് അടിസ്ഥാനവില ഉണ്ടായേക്കില്ല. താരമൂല്യം അനുസരിച്ച് വേതനം ഫ്രാഞ്ചൈസികള്‍ക്ക് തന്നെ നിശ്ചയിക്കാം. എന്നാല്‍, ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ക്ക് ചെലവിടാവുന്ന തുകയ്ക്ക് പരിധിയുണ്ടാകും. ഇത് അഞ്ച് കോടി രൂപയായിരിക്കുമെന്നാണ് സൂചന.
4 സ്റ്റേഡിയങ്ങള്‍
ഫ്‌ളഡ്‌ലൈറ്റ് വെളിച്ചത്തില്‍ വൈകിട്ടായിരിക്കും കെ.എസ്.എല്‍ മത്സരങ്ങള്‍. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍. ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ പ്രമുഖ സ്‌പോര്‍ട്‌സ് ചാനലുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
സ്‌പോര്‍ട്‌സ് സമ്പദ്‌വ്യവസ്ഥയാകാന്‍ കേരളം
ടൂറിസം പോലെ കേരളത്തിന്റെ സാമ്പത്തികമേഖലയ്ക്ക് കരുത്തേകുന്ന പുതിയ മേഖലയായി കായികമേഖലയെ വളര്‍ത്തുകയാണ് കെ.എസ്.എല്ലിലൂടെ ഉന്നമിടുന്നതെന്ന് ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍ പറഞ്ഞു. കെ.എസ്.എല്ലിനെ ഓരോ ഫ്രാഞ്ചൈസിക്കും സ്വന്തമെന്നോണം മികച്ച നിലവാരമുള്ള ഓരോ സ്‌റ്റേഡിയം വൈകാതെ സജ്ജമാക്കാനാണ് പരിശ്രമം. 5-7 വര്‍ഷത്തിനകം ഇത് സാദ്ധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
സിനിമകള്‍ പോലെ ഉയര്‍ന്ന നിരക്കില്‍ സ്ഥിരമായി കാണുന്നവിധം കായിക മത്സരങ്ങളുടെ നിലവാരവും മെച്ചപ്പെടുത്തണം. ഇതും, ഭാവിയില്‍ സ്‌പോര്‍ട്‌സ് ആക്‌സസറികളിലുണ്ടാകുന്ന വില്‍പനയും കേരളത്തെ കായിക സമ്പദ്‌വ്യവസ്ഥയായി വളര്‍ത്തും. മികച്ച നിലവാരമുള്ള കായിക താരങ്ങളും ഇവിടെ നിന്നുയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it