
മൈസൂരു- ബംഗളൂരു 10 വരിപ്പാത യാഥാര്‍ത്ഥ്യമായതിന് പിന്നാലെ കേരളത്തിനും കണ്ണൂരിനും ഒരുപോലെ നേട്ടമാകാന്‍ മൈസൂരു-കുശാല്‍നഗര്‍, മടിക്കേരി-കണ്ണൂര്‍ ദേശീയപാതകളും വരുന്നു. ഇവയ്ക്ക് കേന്ദ്രാനുമതി ലഭിച്ചുകഴിഞ്ഞു.
കര്‍ണാടകയിലെ കുടക്, ഹാസന്‍ ജില്ലകള്‍ക്കും കണ്ണൂര്‍ വിമാനത്താവളത്തിനും അഴീക്കല്‍ തുറമുഖത്തിനും നിര്‍ദ്ദിഷ്ട് പാതകള്‍ നേട്ടമാകും. കണ്ണൂര്‍-കൂട്ടുപുഴ റോഡ് ദേശീയപാതയായി ഉയര്‍ത്താന്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.
ബംഗളൂരു-മൈസൂരു 10 വരിപ്പാത കഴിഞ്ഞ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ബംഗളൂരുവിനും മൈസൂരുവിനും ഇടയിലെ യാത്രാ ദൈര്‍ഘ്യം മൂന്നരമണിക്കൂറില്‍ നിന്ന് 75 മിനിറ്റായും കുറഞ്ഞു. അന്നുതന്നെ മൈസൂരു-കുശാല്‍നഗര്‍ നാലുവരി പാത പ്രവൃത്തിക്ക് നരേന്ദ്ര മോദി തറക്കല്ലിട്ടിരുന്നു.
മടിക്കേരി-കൂട്ടുപുഴ - കണ്ണൂര്‍ പാത നാലുവരിയായി വികസിപ്പിക്കാന്‍ ചിലയിടങ്ങളില്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. കര്‍ണാടക വനമേഖലയിലൂടെയുള്ള പാതയായതിനാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റ അനുമതിയും വേണം.
നേട്ടങ്ങള്‍ ഒട്ടേറെ
പുതിയ പാതകള്‍ യാഥാര്‍ത്ഥ്യമായാല്‍ കുടകില്‍ നിന്ന് കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി തുടങ്ങിയ സുഗന്ധ വ്യഞ്ജന ഉത്പന്നങ്ങള്‍ കണ്ണൂര്‍ അഴീക്കല്‍ തുറമുഖം വഴി കയറ്റിയയക്കാനാകും. പുഷ്പങ്ങള്‍ കണ്ണൂര്‍ വിമാനത്താവളം വഴിയും കയറ്റിയയക്കാം. നിലവില്‍ കുടകിലെ വ്യവസായ മേഖല ആശ്രയിക്കുന്ന മംഗളൂരു തുറമുഖത്തേക്ക് അഴീക്കലിനേക്കാള്‍ കിലോമീറ്ററുകളുടെ അധികദൂരമുണ്ട്. കുടകില്‍ നിന്നുള്ളവര്‍ക്കും ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എളുപ്പത്തില്‍ എത്താനും കഴിയും. കുടകിലുള്ളവര്‍ രാജ്യാന്തര യാത്രയ്ക്കു നിലവില്‍ ബംഗളൂരു വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. കുടകിലെ മടിക്കേരിയില്‍ നിന്നു കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് 90 കിലോമീറ്ററാണ് ദൂരം. മടിക്കേരിയില്‍ നിന്നു ബംഗളൂരു വിമാനത്താവളത്തില്‍ എത്താന്‍ 270 കിലോമീറ്റര്‍ സഞ്ചരിക്കണം.
Read DhanamOnline in English
Subscribe to Dhanam Magazine