

കേരളത്തെ മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതി വി.ഡി സതീശന്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് ബജറ്റില്‍ നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ ഭൂമി ലഭ്യതയിലെ പരിമിതികളും ഉയര്‍ന്ന ഭൂമിവിലയും നിക്ഷേപകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ പരിഹാരമാര്‍ഗങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിനായി ഡാറ്റ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന 'ഇന്‍വെസ്റ്റ് കേരള' (Invest Kerala) എന്ന പേരില്‍ ഒരു പ്രത്യേക സെല്ലിന് രൂപം നല്‍കും.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ നേരിടുന്ന തടസങ്ങള്‍ പരിഹരിക്കുന്നതിന് സമയബന്ധിതമായ നിശ്ചിത നടപടികള്‍ പുതിയ സംവിധാനത്തിലൂടെ സ്വീകരിക്കും. നിക്ഷേപകര്‍ക്ക് ആവശ്യമായ ഭൂമി, നിയമപരമായ വിവിധ അനുമതികള്‍ (റെഗുലേറ്ററി & സ്റ്റാറ്റിയൂട്ടറി), നിക്ഷേപാനന്തര പിന്തുണ എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പുവരുത്തുന്ന ഒരു ഏകജാലക സംവിധാനമായിരിക്കും 'ഇന്‍വെസ്റ്റ് കേരള' സെല്‍. ഇതിനായുള്ള മാര്‍ഗരേഖയായി 'പ്രോജക്റ്റ് ഇംപ്ലിമെന്റേഷന്‍ പ്രോട്ടോക്കോള്‍' (Project Implementation Protocol) നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
വളര്‍ച്ചയ്ക്ക് വേഗത കൂട്ടുകൂട്ടും
സംസ്ഥാനത്തെ സംരംഭകവ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച ഇന്‍വെസ്റ്റ് കേരള സെല്‍, എംഎസ്എംഇ ഗ്രോത്ത് സ്‌കീം, സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് സോണ്‍ എന്നിവ സംസ്ഥാനത്തിന്റെ വികസനത്തിന് മികച്ച അടിത്തറയിടുമെന്ന് മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി. നന്ദകുമാര്‍ പറഞ്ഞു. തടസങ്ങളില്ലാത്ത ഏകജാലക നിക്ഷേപ സംവിധാനവും, പതിനായിരത്തോളം ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) നല്‍കുന്ന പ്രത്യേക പിന്തുണയും കേരളത്തിന്റെ ബിസിനസ് സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്തും. ഇത് സ്വകാര്യ മേഖലയില്‍ നിന്നുള്ള കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നതിലും സാര്‍വത്രിക വികസനം സാധ്യമാക്കുന്നതിലും എംഎസ്എംഇ മേഖല വലിയ പങ്കാണ് വഹിക്കുന്നത്. സര്‍ക്കാരിന്റെ ഈ പുതിയ നീക്കങ്ങള്‍ സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുനല്‍കുമെന്നും, നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗത കൂട്ടുമെന്നും വി.പി. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.'
പദ്ധതി നിര്‍വ്വഹണം ത്വരിതപ്പെടുത്തുന്നതിലൂടെയും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും സംസ്ഥാനത്തുടനീളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതികളുടെ പുരോഗതിയും പൂര്‍ത്തീകരണവും കൃത്യമായി നിരീക്ഷിച്ച് വിജയകരമാക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനായി മുഖ്യമന്ത്രി അധ്യക്ഷനായും വ്യവസായ മന്ത്രി ഉപാധ്യക്ഷനായും ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി 'ഇന്‍വെസ്റ്റ്‌മെന്റ് അഡ്‌വൈസറി കൗണ്‍സില്‍' രൂപീകരിക്കും.
സംസ്ഥാനത്തെ വ്യവസായ വളര്‍ച്ചയില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പങ്ക് മുന്നില്‍ക്കണ്ട് 'കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കീം' നടപ്പിലാക്കും. പതിനായിരം പുതിയ എം.എസ്.എം.ഇ സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന സമഗ്ര പദ്ധതിയാണിത്. ഈ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ആധുനിക സാങ്കേതികവിദ്യകളായ ഡിജിറ്റല്‍ സാങ്കേതിക വിദ്യ, ഇ-കൊമേഴ്‌സ്, നിര്‍മ്മിത ബുദ്ധി, ഓട്ടോമേഷന്‍ എന്നിവയുടെ സഹായത്തോടെ ആഗോള വിപണിയിലേക്ക് എം.എസ്.എം.ഇകള്‍ക്ക് എത്തിച്ചേരാനും വന്‍കിട കമ്പനികളുമായി മത്സരിക്കാനും ഈ സ്‌കീം വഴിയൊരുക്കും. നവീന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് ടാക്‌സ് ഇന്‍സെന്റീവും പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കും. കൂടാതെ, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സംരംഭകര്‍ക്കായി റിവോള്‍വിംഗ് ഫണ്ട്, ടെക്‌നോളജി ഫണ്ട്, ചലഞ്ച് ഫണ്ട് എന്നിവ ലഭ്യമാക്കും. സാങ്കേതിക, മാനേജ്‌മെന്റ് മേഖലകളില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായി ടെക്‌നോ-മെന്റര്‍മാരുടെയും മാനേജ്‌മെന്റ് മെന്റര്‍മാരുടെയും സഹായവും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും.
Read DhanamOnline in English
Subscribe to Dhanam Magazine