ഓട്ടം വിളിക്കാന്‍ ആളില്ല! ബുക്കിംഗില്‍ 40 ശതമാനം ഇടിവ്, ടാക്‌സി മേഖല പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നതിന്റെ കാരണങ്ങള്‍ തേടി ഒരു അന്വേഷണം

എയര്‍പോര്‍ട്ട് ടാക്‌സികളെയും യൂബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളെയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്
ഓട്ടം വിളിക്കാന്‍ ആളില്ല! ബുക്കിംഗില്‍ 40 ശതമാനം ഇടിവ്, ടാക്‌സി മേഖല പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നതിന്റെ കാരണങ്ങള്‍ തേടി ഒരു അന്വേഷണം
Published on

യുദ്ധത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വം കേരളത്തിലെ ടാക്‌സി മേഖലയെയും തകിടം മറിച്ചിരിക്കുകയാണ്. യുദ്ധം കാരണം വിമാന സര്‍വീസുകള്‍ പൂര്‍ണതോതില്‍ ആകാത്തതിനാല്‍ വിദേശ സഞ്ചാരികള്‍ പഴയ പോലെ ഇങ്ങോട്ട് എത്തുന്നില്ല. ഇത് എയര്‍പോര്‍ട്ട് ടാക്‌സികളെയും യൂബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളെയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്.

മുന്‍പ് വെക്കേഷന്‍ കാലയളവില്‍ മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് ധാരാളം സഞ്ചാരികള്‍ എത്തുമായിരുന്നു. എന്നാല്‍ യുദ്ധഭീതിയും വിമാനസര്‍വീസുകളെക്കുറിച്ചുള്ള ആശങ്കയും കാരണം ഇപ്പോള്‍ ഇവരും എത്തുന്നില്ലെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു.

ഗ്യാസ് ക്ഷാമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നതോടെ ഹോട്ടലുകള്‍ പലതും അടച്ചിട്ടിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ നിന്ന് എത്തുന്നവര്‍ കൂടുതലും വെജിറ്റേറിയന്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ്.

ആര്യ ഭവന്‍, ശരവണ ഭവന്‍, വൃന്ദാവന്‍ തുടങ്ങിയ പ്രമുഖ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ കൊച്ചിയില്‍ പലയിടത്തും അടഞ്ഞു കിടക്കുന്നത് ബിസിനസിനെ മോശമായി ബാധിച്ചു.

കൊച്ചിയില്‍ വിദേശികളും മറ്റും വരുന്നത് പ്രധാനമായും ഇവിടുത്തെ സീഫുഡ് ആസ്വദിക്കാനാണ്. എന്നാല്‍ ഇപ്പോള്‍ റെസ്റ്റോറന്റുകള്‍ പ്രതിസന്ധിയിലായതോടെ ഇത്തരം യാത്രകള്‍ (Food trips) പൂര്‍ണമായും നിലച്ചു.

വില്ലനായി കൊടുംചൂട്‌

മുന്‍പ് വെക്കേഷന്‍ പാക്കേജുകളുടെ ഭാഗമായി മൂന്നാര്‍ പോലുള്ള സ്ഥലങ്ങളിലേക്ക് ധാരാളം ട്രിപ്പുകള്‍ ലഭിക്കാറുണ്ടായിരുന്നു. നിലവില്‍ വിനോദസഞ്ചാരികളുടെ കുറവ് മൂലം ഇത്തരം ദീര്‍ഘദൂര യാത്രകള്‍ ഒട്ടുമില്ലാത്ത അവസ്ഥയാണ്.

കടുത്ത ചൂട് കാരണം പകല്‍ സമയങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നു. രാവിലെയും വൈകുന്നേരവും മാത്രമാണ് നിലവില്‍ ചെറിയ തോതിലെങ്കിലും ഓട്ടം ലഭിക്കുന്നതെന്ന് യൂബര്‍ ഡ്രൈവറായ ഷിനാസ് ജഫ്‌സല്‍ പറയുന്നു.

സാധാരണ അവസ്ഥയില്‍ ഏപ്രില്‍ വരെയൊക്കെ വിദേശ സഞ്ചാരികള്‍ കേരളത്തിലെത്താറുണ്ട്. ഇത്തവണ ഫെബ്രുവരി അവസാനത്തോടെ വിദേശികളുടെ ഒഴുക്ക് നിലച്ചു. ആഭ്യന്തര യാത്രക്കാര്‍ സജീവമാകാറുള്ളത് വെക്കേഷന്‍ സമയമായ ഏപ്രില്‍-മെയ് മാസങ്ങളിലാണ്. ഇത്തവണത്തെ കനത്ത ചൂടും ഹോട്ടലുകളുടെ പ്രതിസന്ധിയും മൂലം ബുക്കിംഗ് തീരെ കുറവാണ്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ബുക്കിംഗില്‍ 40-50 ശതമാനം കുറവു വന്നിട്ടുണ്ടെന്ന് കൊച്ചിയിലെ കാബ് സേവന ദാതാക്കളായ കോയലിന്റെ ഉടമ പി.ഡി ആന്റണി പറഞ്ഞു. ഡ്രൈവര്‍മാര്‍ പലരും ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ക്കായി നാട്ടില്‍ പോയിട്ട് ഇതുവരെ തിരിച്ചു വിളിച്ചിട്ടില്ല. ബുക്കിംഗ് ഇല്ലാത്തതു കാരണം ഡ്രെവര്‍മാര്‍ ട്രാവല്‍സില്‍ വന്ന് വെറുതെ ഇരിക്കണ്ട അവസ്ഥയാണ്. സാഹചര്യം മെച്ചപ്പെട്ടിട്ടു വന്നാല്‍ മതിയെന്നതാണ് പല ചെറുകിട ട്രാവല്‍ കമ്പനികളും അവരുടെ ഡ്രൈവര്‍മാരോട് പറയുന്നത്.

ഏപ്രില്‍-മെയ് മാസത്തില്‍ പൊതുവേ പ്രാദേശിക യാത്രക്കാരാണ് ടാക്‌സികള്‍ ബുക്ക് ചെയ്യുന്നത്. ഒരു മാസം മുമ്പ് തന്നെ സാധാരണഗതിയില്‍ ബുക്കിംഗ് നടക്കാറുള്ളതാണ്. ഇപ്പോള്‍ പല ദിവസങ്ങളിലും ബുക്കിംഗ് ഒഴിഞ്ഞു കിടക്കുകയാണെന്നും ട്രാവല്‍ കമ്പനികള്‍ പറയുന്നു.

ഒക്ടോബര്‍-ഫെബ്രുവരിയാണ് ടൂറിസ്റ്റ് സീസണ്‍. ഇത്തവണയും ആ സമയത്ത് മികച്ച ബുക്കിംഗ് ഉണ്ടായതുമാണ്. ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിനു ശേഷമാണ് സ്ഥിതി ഗതികള്‍ വഷളായത്. പ്രധാനമായും ഗ്യാസ് ഷോര്‍ട്ടേജാണ് വില്ലനായതെന്ന് പത്ത് വര്‍ഷത്തിലധികമായി പാക്കേജ് ട്രിപ്പുകളെടുക്കുന്ന ചേര്‍ത്തല സ്വദേശിയായ നിതിന്‍ പറയുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ക്യാന്‍സലേഷനും വളരെ കൂടുതലാണ്. ചൂടുകുറയുന്നതോടെ പ്രാദേശിക യാത്രക്കാരുടെ എണ്ണം ഉയരുമെന്ന പ്രതീക്ഷയാണ് നിതിന്‍ പങ്കുവയ്ക്കുന്നത്.

ഹോട്ടലുകളില്‍ 30 ശതമാനവും അടഞ്ഞ് തന്നെ

ഗ്യാസ് ക്ഷാമം മൂലം കേരളത്തിലെ ഏകദേശം 30% ഹോട്ടലുകളും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. തുറന്നു പ്രവര്‍ത്തിക്കുന്നവയാകട്ടെ മെനു വെട്ടിക്കുറച്ചും മറ്റ് പാചക രീതികള്‍ അവലംബിച്ചും മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ് .

ഗ്യാസ് ക്ഷാമത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രമാണിച്ച് 90 ശതമാനത്തോളം അതിഥി തൊഴിലാളികളും നാട്ടിലേക്ക് മടങ്ങിയതും ഹോട്ടല്‍ മേഖലയ്ക്ക് തിരിച്ചടിയായി. ക്ലീനിംഗ്, കിച്ചണ്‍ ഹെല്‍പ്പിംഗ്, വാഷിംഗ് തുടങ്ങിയ പ്രധാന ജോലികളെല്ലാം ചെയ്തിരുന്നത് ഇവരായിരുന്നു. ഇവരുടെ അഭാവം ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ അഥിതി തൊഴിലാളികള്‍ പലരും തിരിച്ചു വരുമെങ്കിലും അവര്‍ക്ക് തൊഴിലുണ്ടാകുമെന്നതില്‍ ഉറപ്പില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

പാചകവാതക വിതരണത്തില്‍ വലിയ തടസങ്ങള്‍ നേരിടുന്നുണ്ടെന്നും സ്ഥിരമായി വലിയ അളവില്‍ ഗ്യാസ് എടുക്കുന്നവര്‍ക്ക് ഒരു പരിധിവരെ ലഭിക്കുന്നുണ്ടെങ്കിലും ചെറുകിട കച്ചവടക്കാര്‍ വലിയ പ്രതിസന്ധിയിലാണെന്നും ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജയപാല്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു.

വെക്കേഷന്‍ കാലയളവ്, റമദാന്‍ നോമ്പ്, പെരുന്നാള്‍, തിരഞ്ഞെടുപ്പ് തുടങ്ങിയ സമയങ്ങളിലാണ് ഹോട്ടല്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ബിസിനസ് നടക്കാറുള്ളത്. എന്നാല്‍ തൊഴിലാളികളുടെയും ഗ്യാസിന്റെയും ദൗര്‍ലഭ്യം കാരണം വലിയ തോതിലുള്ള ബിസിനസ് നഷ്ടം ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്.

ബിസിനസ് കുറവാണെങ്കിലും ലൈസന്‍സ് പുതുക്കല്‍, ലേബര്‍ രജിസ്‌ട്രേഷന്‍, ലോണ്‍ തിരിച്ചടവ് തുടങ്ങിയ സാമ്പത്തിക ബാധ്യതകള്‍ ഉടമകള്‍ക്ക് മുന്നിലുണ്ട്. ഇത് അവരുടെ നഷ്ടം വീണ്ടുമുയര്‍ത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് എല്‍പിജി വിതരണ ശൃംഖല തടസ്സപ്പെട്ടത് ഇന്ത്യയിലെ റെസ്റ്റോറന്റ് മേഖലയ്ക്ക് മാസം തോറും 79,000 കോടി രൂപയുടെ നഷ്ടം വരുത്തുന്നതായി പിഎച്ച്ഡിസിസിഐ (PHDCCI) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലുടനീളം 7 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഈ പ്രതിസന്ധി മൂലം ഭീഷണിയിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com