

ഹെല്‍ത്ത്‌കെയര്‍മേഖലയിലെ അവസരങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്ത് ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് 2026ന് തുടക്കം. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐഎഎസ് (റിട്ട.) സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ഐഎംഎ കേരള പ്രസിഡന്റ് എം എന്‍ മേനോന്‍, മെയ്ത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജോ വി ചെറിയാന്‍, ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഐ.എം.എ കൊച്ചിന്‍ സെക്രട്ടറി ഡോ.സച്ചിന്‍ സുരേഷ്, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.ബുനു കുന്നത്ത്, ACME കണ്‍സള്‍ട്ടിംഗ് എംഡി ബി ജി മേനോന്‍, കെ.പി.എച്ച്.എ ജനറല്‍ സെക്രട്ടറി ഡോ.അന്‍വര്‍, ധനം പബ്ലിക്കേഷന്‍ ചെയര്‍മാനും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം, ധനം ബിസിനസ് മീഡിയ എക്‌സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിലെ ആരോഗ്യ സേവനങ്ങളുടെ 70 ശതമാനവും ഇന്ന് കൈകാര്യം ചെയ്യുന്നത് സ്വകാര്യ മേഖലയാണെന്നും ഈ മേഖലയുടെ പ്രവര്‍ത്തനരീതികള്‍ കൃത്യമായി മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നും മാറുന്ന കാലത്തിനൊപ്പം കേരളത്തിന്റെ ആരോഗ്യമേഖലയും വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റില്‍ മുഖ്യാതിഥിയായ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. 'ഇന്റലിജന്റ് ഹെല്‍ത്ത് കെയര്‍' യുഗത്തിലേക്ക് സംസ്ഥാനം ചുവടുവെക്കുമ്പോള്‍, സാങ്കേതികവിദ്യ വെറുമൊരു സഹായി എന്നതിലുപരി ചികിത്സാ തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആരോഗ്യമേഖലയില്‍ ഉടമസ്ഥാവകാശ രീതികളില്‍ വലിയ മാറ്റങ്ങള്‍ വരികയാണെന്ന് മെയ്ത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജോ വി ചെറിയാന്‍ പറഞ്ഞു. മുന്‍പ് ക്ലിനീഷന്‍മാരുടെ നേതൃത്വത്തിലായിരുന്ന ആശുപത്രികള്‍ ഇന്ന് വലിയ ഫണ്ട് മാനേജര്‍മാരുടെ കൈകളിലേക്ക് മാറുകയാണ്. ഇത് ചികിത്സാ രീതികളെയും രോഗികളോടുള്ള സമീപനത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐഎംഎ കൊച്ചിയുടെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയുമായി കലൂര്‍ ഐ.എം.എ ഹൗസില്‍ നടക്കുന്ന ഉച്ചകോടിയില്‍ 40ലേറെ വിദഗ്ധരാണ് പ്രഭാഷകരായെത്തുന്നത്. സംസ്ഥാനത്തെ ഹെല്‍ത്ത്കെയര്‍ രംഗത്ത് വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം സമിറ്റിനോടനുബന്ധിച്ച് നടക്കും. സമിറ്റ് വേദിയില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയില്‍ 60 ലേറെ സ്റ്റാളുകളുണ്ട്. എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
'Sustainable Healthcare: Innovations for a Healthier Future ' എന്നതാണ് ഈ വര്‍ഷത്തെ സമിറ്റിന്റെ ആപ്തവാക്യം. മെഡിക്കല്‍ ടൂറിസത്തില്‍ കേരളത്തിന് മുന്നിലുള്ള വന്‍ സാധ്യതകള്‍, വെല്‍നസ് മേഖലയിലെ നിക്ഷേപങ്ങള്‍, സീനിയര്‍ കെയര്‍, ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാമ്പത്തിക പിന്തുണ - ഇങ്ങനെ ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും ഇവിടെ നടക്കും. ഹോസ്പിറ്റല്‍ ഉടമകള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വരെ ഇത് വലിയൊരു നെറ്റ്വര്‍ക്കിംഗ് വേദിയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine